ഫെഡറല്‍ റിസര്‍വ് പലിശകുറച്ചു

ചൊവ്വ, 18 മാര്‍ച്ച് 2008 (10:33 IST)
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറച്ചു. അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ കിട്ടാക്കടങ്ങള്‍ മൂലം വിഷമിക്കുന്നതിന് ഒരു അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.25 ശതമാനം കണ്ട് കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ മൊത്തം പലിശ നിരക്ക് 3.25 ശതമാനമായി കുറഞ്ഞു.

അമേരിക്കയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും പാര്‍പ്പിട മേഖലയിലെ കിട്ടാക്കടം വര്‍ദ്ധിച്ചതിനാല്‍ മറ്റുപയോഗങ്ങള്‍ക്ക് പണം കണ്ടെത്താനാവാതെ വിഷമിച്ചതാണ് ഇപ്പോള്‍ ഓഹരി വിപണികളില്‍ ഉണ്ടായ വന്‍ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് പലിശ നിര്‍ക്ക് കാല്‍ ശതമാനം നിരക്കില്‍ കുറയ്ക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ ഏകകണ്ഠേനയുള്ള തീരുമാനമുണ്ടായത്. ഇതിനൊപ്പം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കാനുള്ള സൌകര്യമേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ചൊവ്വാഴ്ചയായിരുന്നു ഫെഡറല്‍ റിസര്‍വ് യോഗം ചേരാനിരുന്നത്. എന്നാല്‍ വിപണിയിലെ കടുത്ത പ്രതിസന്ധിയാണ് യോഗം എത്രയും വേഗം ചേര്‍ന്ന് വേണ്ട അടിയന്തിര നടപടികള്‍ എടുക്കാന്‍ ഫെഡറല്‍ റിസര്‍വിനെ നിര്‍ബ്ബന്ധമാക്കിയത്. അടുത്തു ചേരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് വീണ്ടും ഒരു ശതമാനം വരെ കുറച്ചേക്കും എന്നും അഭ്യൂഹങ്ങള്‍ നിലവിലുണ്ട്.

പലിശ നിരക്ക് കുറച്ചതിനൊപ്പം ധനകാര്യ പ്രതിസന്ധിയിലായ ബെയര്‍ സ്റ്റെന്‍സ് ബാങ്കിനെ ജെ.പി.മോര്‍ഗന്‍ ചേസ് ബാങ്ക് എറ്റെടുത്തതിന് ഫെഡറല്‍ റിസര്‍വ് അംഗീകാരവും നല്‍കി. വളരെ കുറഞ്ഞ വില നല്‍കിയാണ് മോര്‍ഗന്‍ ചേസ് ബാങ്ക് ഏറ്റെടുക്കല്‍ നടത്തിയത്.

വെബ്ദുനിയ വായിക്കുക