കുങ്കുമം വില്‍‌ക്കുന്ന സ്ത്രീയെ വരച്ച് നടി ഷീല!

ശനി, 8 മെയ് 2010 (11:47 IST)
PRO
PRO
ജയന്റെയും നസീറിന്റെയും നായികയായി മാത്രമല്ല നടി ഷീലയെ ഇനി മലയാളികള്‍ ഓര്‍ക്കുക. അവരൊരു ചിത്രകാരിയും കൂടിയാണ്. മലയാളിയുടെ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച ഷീല എന്ന നടിയുടെ ഒരു വിഭിന്നഭാവം ആലുവയിലെ പറവൂരിലുള്ള കോമൂസണ്‍സ് ആര്‍ട്ട് ഗാലറിയില്‍ വിരിയുകയാണ്. പ്രശസ്തരായ 55 വനിതകള്‍ വരച്ച ചിത്രങ്ങളോടൊപ്പമാണ് ഷീല വരച്ച ‘കുങ്കുമം വില്‍‌ക്കുന്ന സ്ത്രീ’ മലയാളിക്ക് മുമ്പാകെ എത്തുന്നത്.

“മൂന്നു വര്‍ഷം മുമ്പ് ഊട്ടിയിലെ മാര്‍ക്കറ്റില്‍ വെച്ച് മനസ്സില്‍ പതിഞ്ഞതാണ് കുങ്കുമം വില്‍ക്കുന്ന സ്ത്രീയുടെ ചിത്രം. പിന്നീടിത് എന്‍േറതായ ഭാവനയില്‍ കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു.”

“ചിത്രരചന ചെറുപ്പം മുതലേയുണ്ട്. ഇതിനോടകം 45 ചിത്രങ്ങള്‍ വരച്ചു. എന്നാല്‍, സിനിമാ രംഗത്തുള്ളവരോടു പോലും ചിത്രരചനാ വിവരം ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഷൂട്ടിങ് സ്ഥലത്തും മറ്റും സമയം കിട്ടുമ്പോള്‍ ഇറങ്ങിനടന്ന് ഫോട്ടോകളെടുക്കും. ഇവയില്‍ ഹൃദയസ്പര്‍ശിയാകുന്നവ പിന്നീട് കാന്‍വാസിലേക്ക് പകര്‍ത്തും. ആദ്യമായാണ് എന്റെ ഒരു ചിത്രം പ്രദര്‍ശനത്തിനു വെക്കുന്നത്. ”

“ചിത്രകലയെ വാണിജ്യ താല്‍പര്യത്തോടെ കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ചിത്രകാരിയെന്ന ഖ്യാതി നേടാന്‍ കഴിയത്തക്കവിധം മികവ് ഈ രംഗത്തില്ലെന്നാണ് മറ്റു പലരുടെയും ചിത്ര പ്രദര്‍ശനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലാകുന്നത്.”

“മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍, തിരക്കുള്ളവര്‍ക്കു പോലും മലയാളത്തില്‍ അവസരം കുറഞ്ഞുകൊണ്ടിരിക്കേ അമ്മൂമ്മ വേഷവും മറ്റും തേടേണ്ടിവരുന്ന ഞാന്‍ സ്വാഭാവികമായും പഴയ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ധനുഷ് നായകനായ 'സീഡന്‍' എന്ന തമിഴ്ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍” - പ്രദര്‍ശനം കാണാനെത്തിയ ഷീല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഷീലയുടെ ചിത്രത്തിനൊപ്പം കമല സുറയ്യ, കൂത്താട്ടുകുളം മേരി, ബിന്ദി, ഫൗസിയാ അബൂബക്കര്‍, ബേബി ചെറിയാന്‍, രാജി പിഷാരസ്യാര്‍,തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ചിത്രപ്രദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ആദ്യമായാണ് ഇത്രയധികം പ്രശസ്ത വനിതകളുടെ ചിത്രപ്രദര്‍ശനം കേരളത്തില്‍ നടക്കുന്നത്. ഫെഡറല്‍ ബാങ്കാണ് “ഫെമിനൈന്‍ 2010” എന്ന പേരില്‍ ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക