അളിവേണി എന്തു ചെയ്‌വു

മുടിക്കുത്തിനു പിടിച്ച് കേശുകനമ്മാവന്‍ ഇടനാഴിയിലൂടെ വലിച്ചിഴച്ചേപ്പിന്നെയാണ് അളിവേണിയില്‍ ഈയൊരു മാറ്റം. പുലര്‍ച്ചെ മുറ്റമടിക്കുകയായിരുന്ന അളിവേണിയെ നോക്കി മേദിനി അമ്മായി അതിശയപ്പെട്ടു: ശിവനേ, ഇന്നലെവരെ ചൂമലൊപ്പം ഞാന്നുകിടന്നിരുന്ന മുടി ദാ, നെലത്തെഴയുന്നല്ലോ.

ഈര്‍ക്കില്‍ ചൂല് നിലത്തൂന്നി, കുനിഞ്ഞുനിന്ന് അളിവേണി തിടുക്കത്തില്‍ മുറ്റമടിക്കുകയാണ്.

മേദിനി അമ്മായി നേരെ തെക്കേ കെട്ടിലേക്കാണോടിപ്പോയത്. കേശുകനമ്മാവനെ കുലുക്കി വിളിച്ചു : "ദേ, നോക്ക്യേ, ആ പെണ്ണിന്‍റെ മുടി'

നീണ്ടു വന്നൊരു കൂര്‍ക്കത്തിന്‍റെ സ്ഥായിയില്‍ കേശുകനമ്മാവന്‍ പൂണ്ടു കിടന്നു.

കുളികഴിഞ്ഞ് ഈറന്‍ പകരുന്നതിനിടയിലാണ് അളവേണിയതു കണ്ടത്. ഇടതൂര്‍ന്ന്, ചന്തിയും കവിഞ്ഞ് കിടക്കുകയാണ് മുടി. കുനിഞ്ഞു നിന്നാല്‍ തറയില്‍ മുട്ടും. നിലക്കണ്ണാടിയുടെ മുന്നില്‍ മുടി മുന്നേലിക്കിട്ട് ഏറെനേരം അവള്‍ അതിശയിച്ചു നിന്നു.

ബി.എ. മലയാളം ക്ളാസില്‍ പിന്‍ബഞ്ചിലിരുന്ന ലാലാമ്മയാണത് കണ്ടത്. "നോക്ക്യേ', ലീലാമ്മ അടുത്തിരുന്ന രതിപ്രിയയെ തോണ്ടി. "അളിവേണീടെ മുടി-'

രതിപ്രിയ നോക്കി.
ഇരിപ്പിടം കവിഞ്ഞ് കിടക്കുകയാണ്.
"വെച്ചു കെട്ടാ', രതിപ്രിയ തീര്‍ത്തു പറഞ്ഞു. "അല്ലാണ്ട് ഒറ്റ ദിവസം കൊണ്ട് മുടി വളര്വേ'?
"വാര്‍ മുടിയാവും', ലീലാമ്മ ഒച്ചയടക്കി.


""ആ തുളസിക്കതിര് ചൂടീരിക്കുന്ന കണ്ടോ?' അവിടെ കന്പി സ്ളൈഡ് വച്ച് കുത്തീരിക്യാ. അറിയാത്ത മട്ടില്‍.'

"നേര്ന്നെ', രതിപ്രിയ ശരിവച്ചു.

ക്ളാസ് കഴിഞ്ഞതും അടുത്തിരുന്ന ദേവയാനിയോടായി രതിപ്രിയ പറഞ്ഞു. "അല്ലാ , ദേവയാന്യേ, ഒറ്റ ദിവസം കൊണ്ട് ആര്‍ക്കേലും അരയ്ക്കൊപ്പം മുടി വളര്വോ?'

"ചെലര്‍ക്ക് വളരും.' ലീലാമ്മ ഇടപെട്ടു. "ഒറ്റവലിയ്ക്ക് ഊര്‍ന്നുപോയെന്നും വരും. നല്ല ശിവകാശിത്തിരുപ്പന്‍.'

പിന്നില്‍ രതിപ്രിയയുടെയും കൂട്ടരുടെയും ചിരി ഉയര്‍ന്നു. അളിവേണി അതു കേള്‍ക്കാത്ത മട്ടില്‍ മാലിനിയെയും കൂട്ടി പുറത്തിറങ്ങി. കാന്പസിലെ കശുമാവുകളുടെ തണലുപറ്റി നടക്കുന്നേരം മാലിനി ചോദിച്ചു. "അല്ലാ , നിനക്കെന്താ പറ്റീത്, വേണ്യേ?'

"അതാ എനിക്കും അറിയാത്തെ, ന്‍റെ മാലിനി,' അളിവേണി അവളെ നോക്കി. "കേശുകനമ്മാവന്‍ മുടിക്കുത്തിനു പിടിച്ചുവലിച്ചെഴച്ചതോര്‍മ്മേണ്ട്. പിന്നെല്ലാം ആ സിന്‍ഡറല്ലേടെ കഥേലെപ്പോലാ-'

നിന്‍റെ ദുരിതങ്ങള് കണ്ട് മനസലിഞ്ഞ വല്ല മാലാഖമാരും ഉറക്കത്തിലെങ്ങാനും വന്ന് -'
"ആവോ!'

കശുമാവുകളുടെ തണലില്‍ അളിവേണിയും മാലിനിയും ഓരോന്നു പറഞ്ഞ് കുറെദൂരം നടന്നു.


കഥയിലേയ്ക്കു കടക്കും മുന്‍പ് അളിവേണിയെ പരിചയപ്പേടുത്തേണ്ടതുണ്ടല്ലോ

ഇരുനിറത്തിന്‍റെ ചന്തത്തില്‍ നീണ്ടിടംപെട്ട കണ്ണുകള്‍ക്ക് ഉടമയെങ്കിലും തന്നെയാരും ഗൗനിക്കുന്നില്ലല്ലോ എന്നവള്‍ നിരാശപ്പെടാറുണ്ട്. വിലകുറഞ്ഞതോ അവിടവിടെ തുന്നിച്ചേര്‍ത്തതോ ആയ നീലന്‍പാവാടയും ദാവണിയും കലാലയജീവിതത്തിനു ചേര്‍ന്നതല്ലെന്ന് ആരെക്കാളും അളിവേണിക്കറിയാം. അരോരുമില്ലാതെ വകയിലൊരമ്മാവന്‍റെ തണലില്‍ ജീവിക്കുന്ന അവള്‍ക്ക് അതില്‍ പരാതിയോ പരിഭവമോയില്ല.

സിന്‍ഡ്രല്ലയുടെ കഥയിലേതുപോലെ, രാവിലെ അടുക്കളജോലികള്‍ ഒതുക്കിവച്ച ശേഷമാണ് കോളജിലേയ്ക്കു പുറപ്പെടാനാവുക. തീയൂതിയൂതി മുഖം കരുവാളിച്ചിട്ടുണ്ടാവും.

ചാരത്തിന്‍റെ ചെതുന്പലുകള്‍ അളകങ്ങളില്‍ അടിഞ്ഞിരിപ്പുണ്ടാവും. കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുചാലിനെ പൊന്നിന്‍റെ നൂലിഴയെന്നു വിളിക്കാം.

പുസ്തകങ്ങള്‍ മാറോടടുക്കി അവള്‍ കോളജിലെത്തുന്പോഴേയ്ക്കും ആദ്യത്തെ "അവര്‍' ആരംഭിച്ചിരിയ്ക്കും. ജാക്കറ്റിന്‍റെ പിന്നില്‍ താളെ അറ്റത്തോളം തുന്പുകെട്ടിയിട്ട മുടിയില്‍ നിന്ന് ഈറന്‍ ഇറ്റുന്നുണ്ടാവും. മുടിയുണക്കാനോ ചീകിയൊതുക്കാനോ പൊട്ടുകുത്താനോ നേരമില്ല. പിന്നെ എന്തിനവളെ കോളജില്‍ വിടുന്നു എന്നു ചോദിച്ചാല്‍ കേശുകനമ്മാവന് ഉത്തരമുണ്ട്.

ഇന്നത്തെ കാലത്ത് ഭേദപ്പെട്ട ചെറുക്കനെ കിട്ടാന്‍ എളുപ്പമാണേ? പ്രായം തികഞ്ഞൊരു പെണ്ണിനെ എക്കാലവും അടുക്കളേല്‍ തളച്ചിടാനാവുമോ? വല്ല വിധേനയും നാലക്ഷരംപഠിച്ച് പി.എസ്.സി. പരീക്ഷയെഴുതി ജോലി തരപ്പെട്ടാല്‍ അവളായി, അവളുടെ പാടായി. അതുവരെ അടുക്കളേല്‍ ഒരാളായല്ലോ. മേദിനിക്കൊരു കൈസഹായം. ഇക്കാലത്ത് വേലക്കാരിപ്പെണ്ണുങ്ങളെ കിട്ടാന്‍ എന്തു പാടാണ്.?

അതേസമയം ജീവിതം എത്ര ദുരിതപൂര്‍ണമെന്ന് അളിവേണി ചിന്തിക്കാറുണ്ട്. പുലരും മുന്‍പേ എണീക്കണം. മുറ്റമടിച്ചു തളിക്കണം. തലേന്നാളിലെ പാത്രങ്ങള്‍ കഴുകി അടുക്കണം. ചാണകവും ഗോമൂത്രവും വാരി തൊഴുത്തു വെടിപ്പാക്കണം. തുണികള്‍ കഴുകിയിടണം. പ്രാതലും ഉച്ചയ്ക്കുള്ള കറിവട്ടങ്ങളും ഒരുക്കണം. പശുക്കള്‍ക്ക് പിണ്ണാക്കും കാടിയും കലക്കിവയ്ക്കണം. വയലിറന്പില്‍ പോയി പുല്ലു പറിക്കണം. ഒഴിവുദിവസങ്ങളില്‍ മെടച്ചിലിനുള്ള കീറ്റോല അഴുകാനിടുക, പറന്പിലെ കൃഷിക്കു വെള്ളം തളിക്കുക. വിറകു കൊത്തിക്കീറുക. വൈക്കോല്‍ ഉണക്കുക. അങ്ങനെ വേറേയും.

ഈവക ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ എന്നെങ്കിലും ഒരു ശിവന്‍ വരാതിരിക്കില്ലെന്ന പ്രത്യാശയിലാണ് തിങ്കളാഴ്ച നോന്പുനോറ്റും തിരുവാതിര രാത്രി ഉറക്കൊഴിച്ചും ഓരോ ദിവസവും അവള്‍ തള്ളിനീക്കുന്നത്.

അതിനിടെ ശിവന്‍ ഇങ്ങനെയൊരു ചതി ചെയ്യുമെന്നാരറിഞ്ഞു?


കേശുകനമ്മാവന്‍റെ കൈയിലാണ് ശിവന്‍ കൈയൊപ്പോടെ അയച്ച, വൈക്കം മുഹമ്മദ് ബഷീറിന്‍റെ "ബാല്യകാലസഖി' തപാല്‍ക്കാരന്‍ കൊണ്ടുവന്നു കൊടുത്തത്. "അളിവേണിക്ക്' എന്നുകുറിച്ച് താഴെ "പ്രണയപൂര്‍വ്വം ശിവന്‍' എന്നെഴുതി നിര്‍ത്തിയേടത്ത് കേശുകനമ്മാവന്‍റെ വിളി ഉയര്‍ന്നു. "അളിവേണീ, എടീ ഒരുന്പെട്ടോളേ...'

കൊടുങ്കാറ്റുപോലെ കേശുകനമ്മാവന്‍ പാഞ്ഞുവന്നു. ഇടനാഴിയിലൂടെ മുടിക്കുത്തിനു വലിച്ചിഴച്ച് മുറ്റത്തെ തുളസിത്തറയുടെ നേര്‍ക്കു തള്ളി.

"സത്യം പറേടീ. ആരാടി നിന്‍റെ ഒടുക്കത്തെ ശിവന്‍?'

രാത്രി അമ്മായിയും തഞ്ചത്തില്‍ ചോദിച്ചു: "സത്യം പറഞ്ഞേര്, ആരാ ശിവന്‍?'

മാലിനിയും അതുതന്നെയാണ് ചോദിച്ചത്.

"ആരാ ശിവന്‍?'

"എനിക്കറീല്ലൈന്‍റെ മാലിനി,' അളിവേണി പറഞ്ഞു.

"നീയെങ്കിലും വിശ്വസിക്ക്'.

"എന്‍റെറിവില്‍ സെക്കന്‍ഡ് ഡീസിലെ ശിവപ്രകാശേള്ളൂ ഈ കോളജീ ശിവനായി. ആളൊരു അടിപൊളി ടീമാ. ന്നാലും-' മാലിനി അവളെ നോക്കി കണ്ണിറുക്കി. "നിന്നെ ലൈനടിക്കാനും മാത്രം-'

"പോയവര്‍ഷത്തെ സീനിയര്‍ ബാച്ചില് ഒരു ശിവന്ണ്ടായിരുന്നില്ലേ?'. അളിവേണി ഓര്‍ക്കാന്‍ ശ്രമിച്ചു. "കറുത്ത പൊക്കം കൂടിട്ട്.ഇനി അയാളെങ്ങാനും-'

"ഓ. ഹിസ്റ്ററീലെ ടി.കെ. ശിവപ്രസാദ്', മാലിനി ഓര്‍ത്തു. "സെക്കന്‍ഡ് ലാംഗ്വേജ് ഹിന്ദിയാ. ബാല്യകാലസഖീന്ന് കേട്ടിട്ടും കൂടീണ്ടാവില്ല, പാവം.'

"അല്ലാ,' മാലിനി ആലോചിച്ചു. "കുട്ടിക്കാലത്ത് ആ പേരീ വല്ല കളിക്കൂട്ടുകാരും? ഓര്‍ത്തു നോക്ക്യേ?'

"കുട്ടിക്കാലലോ?' അളിവേണിയുടെ ഒച്ച പതറി. "അങ്ങനെയൊന്ന് എനിക്ക്ണ്ടായിര്ന്നില്ലല്ലോ. ഓര്‍മ്മ വച്ചതു മുതല് മേദിനി അമ്മായീടെ വാല്യക്കാരിയല്ലേ-'

അളിവേണി ഓര്‍മ്മ മങ്ങിയ നടവഴികളിലൂടെ നടന്നു.


കേശുകനമ്മാവന്‍ പകല്‍ മുഴുവന്‍ "ബാല്യകാലസഖി അരിച്ചുപെറുക്കിയിരുന്നു. കഥ ഏഴാമധ്യായമെത്തിയതും അതുവരെ മാന്പഴം പെറുക്കിയും കളിതമാശ പറഞ്ഞും നടന്നിരുന്ന മജീദും സുഹ്റയും ഏതോ പന്തികേടിലേക്കു നീങ്ങുന്നതായി തോന്നി. സുഹ്റ മജീദിന്‍റെ വലതുകാലടി കവിളില്‍ ചേര്‍ത്തതും ഉള്ളംകാലില്‍ ഗാഢമായി ചുംബിച്ചതും മേദിനി അമ്മായി കേള്‍ക്കെ ഉറക്കെയാണ് വായിച്ചത്. സുഹ്റയുടെ ചുവന്ന ചുണ്ടുകള്‍ മജീദിന്‍റെ ചുണ്ടില്‍ അമര്‍ന്നതും "ശിവനേ' എന്നുരുവിട്ട് മേദിനി അമ്മായി ചെവിപൊത്തി.

"ആയിരമായിരം ചുംബനങ്ങള്‍'. കേശുകനമ്മാവന്‍ തപ്പിത്തടഞ്ഞു വായിച്ചു.- "കണ്ണ്, നെറ്റി, കവിള്‍, കഴുത്ത്, നെഞ്ച്... മേദിനി കേക്ക്ണൊണ്ടോ?'

"ഒണ്ടേ,' അമ്മായി ചൂളി.

കേശുകനമ്മാവന്‍ വായന തുടര്‍ന്നു. "സുഹ്റ അന്നേരം ആകെ വിറച്ചു. എന്തോ സംഭവിച്ചു....'

"എന്താ സംഭവിച്ചെ?' മേദിനി അമ്മായി ആകംക്ഷയോടെ നോക്കി.

"കുരുപൊട്ടി.' കേശുകനമ്മാവന്‍ അര്‍ത്ഥം പിടികിട്ടാതെ നിര്‍ത്തി നിര്‍ത്തി വായിച്ചു. "സുഹ്റ പറയ്കേണ് കുരുപൊട്ടീന്ന്.'

"കുരുവോ?' മേദിനി അമ്മായി ഊഹിച്ചു. "മൂലക്കുരുവായിരിക്കും.'

"അശ്രീകരം!' കേശുകനമ്മാവന്‍ ബാല്യകാലസഖി ദൂരേക്കെറിഞ്ഞു. "ഏത് പരമശിവനായാലും ശരി രണ്ടേലൊന്നെനിക്കിന്നറീണം.'

വെബ്ദുനിയ വായിക്കുക