പോരാളിയുടെ വാക്കുകള്‍

PROPRO
കേരളത്തിന്‌ എം എന്‍ വിജയന്‍ എന്ന പോരാളിയുടെ കാവല്‍ നഷ്ടപ്പെട്ടിട്ട്‌ ഒരു വര്‍ഷം തികയുന്നു. മരണം പോലും പോരാട്ടമാക്കിയ പോരാളി തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്‌ നിസാഹായരായ മലയാളികള്‍ ഈ ഒരു വര്‍ഷത്തിനിടെ ഏറെ കൊതിച്ചിട്ടുണ്ടാകും.

പാഠം പ്രതികരണ വേദിക്കുവേണ്ടി പത്രസമ്മേളനം നടത്താന്‍ തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ എത്തിയ വിജയന്‍മാഷ്‌ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ ‘ലൈവാ’യി രക്തസാക്ഷിയാകുകയായിരുന്നു.

“പാഠം മുന്നോട്ട്‌ വച്ച ഭാഷയെയാണ്‌ എല്ലാവരും വിമര്‍ശിച്ചത്‌. ഭാഷാ ചര്‍ച്ചയിലാണ്‌ നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഭാഷ വേണമെന്ന്‌ പറഞ്ഞത്‌ ബര്‍ണാഡ്‌ ഷായാണ്....”‌- ഇതായിരുന്നു അവാസന വാക്കുകള്‍. പിന്നീട്‌ മരണം.

മരണത്തിന് മുമ്പ്‌ മാഷ്‌ പ്രവാചകനെ പോലെ പറഞ്ഞു വച്ച വാക്കുകള്‍ ചുവടെ:

"മാധ്യമങ്ങള്‍ ശവംതീനികളാണ്‌. അവ മരണവും മാലിന്യവും തിന്നു തെഴുക്കുന്നു‍. ചെളിവാരിയെറിഞ്ഞതിനുശേഷം ചിത്രമെടുക്കുന്നു‍. തെറിവാക്കുകള്‍ക്കു മാത്രമായി നിഘണ്ടുനിര്‍മ്മിക്കുന്നു‍. കണ്ണാടി ഒരിക്കലും തുടക്കരുത്‌. മുഖം തെളിയും."

"ജനാധിപത്യത്തിന്‍റെ തുലാസ്സ്‌ മറിക്കുവാന്‍ പോന്ന കരുത്തില്ലാത്തതുകൊണ്ട്‌ നമ്മുടെ ആദിവാസികളെക്കൊണ്ട്‌ രാഷ്ട്രീയ പ്രയോജനമില്ല. അവരെ രക്ഷിക്കുവാന്‍ അവര്‍ മാത്രമേ ഉള്ളൂവെന്ന്‌ ഈ കാടന്മാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു‍. അതുകൊണ്ടവരെ രാഷ്ട്രീയചായ്‌വുകള്‍ക്കപ്പുറമാണ്‌ കാണേണ്ടിയിരിക്കുത്‌. രാഷ്ട്രീയാനുകൂല്യങ്ങളല്ല അവര്‍ക്കു വേണ്ടത്‌. കളഞ്ഞുപോയ അവരുടെ അവകാശങ്ങള്‍ തന്നയാണ്‌. പിടിച്ചുപറിക്കപ്പെന്നവര്‍ വീണ്ടും പിടിച്ചുപറിക്കപ്പെടാം. തള്ളക്കോഴിക്കെന്ന പോലെ ആകാശത്തുപറക്കുന്ന പരുന്തുകള്‍ക്കും കോഴിക്കുഞ്ഞുങ്ങളെ ഇഷ്ടമാകുന്നു‍."

PROPRO
"ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെ്‌ പഴമക്കാരും അറിഞ്ഞിരുന്നു‍. ആദാമിന്‍റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നി‍ല്ല. അതുകൊണ്ട്‌ ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്‌."

"സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്‍ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന്‌ അതിന്‍റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള്‍ അതൊരു യന്ത്രം പോലെ സമര്‍ത്ഥവും നിര്‍ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക്‌ ഒന്നി‍നെയും സൃഷ്ടിക്കുവാന്‍ കഴിയാത്തതുകൊണ്ട്‌ പുതിയ ഒരു ലോകക്രമത്തെ നിര്‍മ്മിക്കുവാനും അതിന്‌ കഴിയില്ല."

"അച്ചടക്കം ചിലപ്പോള്‍ ഐക്യത്തിന്‍റെയും മറ്റു ചിലപ്പോള്‍ മരണത്തിന്‍റെയും ലക്ഷണമാകാം. മരിച്ച സെല്ലുകള്‍ ശരീരത്തോടും വഴക്കിടുന്നി‍ല്ല. ചീമുട്ടയിലെ കുഞ്ഞ്‌ അതിന്‍റെ വെളുത്ത അച്ചടക്കം കുത്തിപ്പൊളിക്കുന്നില്ല."

"ലൈംഗികത ഒരവയവത്തിന്‍റെ ഉപയോഗമല്ല. സംസ്കാരത്തിന്‍റെ സമസ്യതയന്നെയാണ്‌."

"രാഷ്ട്രീയ ചാനലുകള്‍ ഉപേക്ഷിക്കുകയും സാമ്പത്തികവും സാംസ്കാരികവുമായ പുതിയ ചാനലുകള്‍ തുറക്കുകയുമാണ്‌ ഇന്നത്തെ അധിനിവേശരീതി."

"മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളെയും കണക്കിലെടുക്കുന്നു എന്നതാണ്‌ ജനാധിപത്യത്തിന്‍റെ ഒരേ ഒരു ഗുണം. ഉല്‍പാദനവും വാണിജ്യവും വര്‍ദ്ധിപ്പിക്കാന്‍ ഫാസിസം ധാരാളമാണെ്‌ ഹിറ്റ്ലര്‍ തെളിയിച്ചിട്ടുണ്ട്‌. ജനാധിപത്യത്തിന്‍റെ ആവശ്യം അതിനില്ല."

PROPRO
"യുദ്ധത്തിലും തെരഞ്ഞെടുപ്പിലും ആളുകള്‍ അസത്യം കൊണ്ട്‌ മുണ്ടുടുക്കുന്നു‍."

"ആര്‍ഭാടം ഒരു ഉന്മാദാവസ്ഥയാണ്‌. ആളുകള്‍ക്കോ വീടുകള്‍ക്കോ ചരിത്രത്തിനോ ഉന്മാദം വരാം. ഉന്മാദത്തില്‍ ശരി മാത്രമേയുള്ളൂ. തെറ്റും തോല്‌വിയും ഇല്ല. അസാദ്ധ്യം എന്ന ഒരു വാക്കില്ല. ഉണര്‍വ്വും മത്സരവും ഏറിയ നമ്മുടെ സമുദായത്തില്‍ അതുകൊണ്ട്‌ ആര്‍ഭാടത്തിന്‍റെ ഉന്മാദം വര്‍ദ്ധിച്ചു വരുന്നു‍."


"വിശ്വാസികള്‍ക്ക്‌ വംശീയ സ്വത്വവും ദരിദ്രവാസികള്‍ക്ക്‌ സഹായധനവും കൊടുത്ത്‌ അമേരിക്ക അവരെ ഇല്ലായ്മ ചെയ്യുന്നു‍."

"കേരളീയ നവോത്ഥാനം വ്യക്തിപരമാകാതെ സാമൂഹികവും വിപ്ലവത്തെപ്പോലെ ക്രിയാത്മകവുമായിതീര്‍ന്നിരിക്കുന്നു. മതം ഏതായാലും മനുഷ്യന്‍ നായാല്‍ മതി എതിന്‌ മതം അപ്രസക്തമാണ്‌ എന്നു തന്നെയാണ്‌ അര്‍ത്ഥം."

"തന്നെ മുഖം കാണിക്കാന്‍ വരുന്ന കുട്ടി‍കളോടായി അഗ്നിവര്‍ണ്ണന്‍ പറഞ്ഞിരന്നു‍വത്രെ: ഗവാഹം എന്ന ജനലില്‍കൂടി നീട്ടി‍യ കാലടികള്‍ കണ്ടാല്‍ മതി. രണ്ടുകാലും പുറത്തിട്ട് രാജാവ്‌ പാദദര്‍ശനം കൊടുത്തു. പുലര്‍വെട്ടത്തില്‍ തിളങ്ങുന്ന താമരപ്പൂക്കളാണ്‌ അതെന്ന് പാദസേവകന്മാര്‍ പുകഴ്ത്തി. അടിമത്തത്തിന്‌ ഇപ്പോഴും എന്തൊരു തിളക്കം!"

"എന്തും വില്‍ക്കുന്ന കാലത്ത്‌ വിശ്വാസവും വിറ്റു മാറുകയാണ്‌ നമുക്കു നല്ലത്‌. വെറുതെ തുരുമ്പെടുത്തു പോകുതിനെക്കാള്‍ എത്രയോ മെച്ചം. യൂദാസ്‌ 30 വെള്ളിക്കാശിനാണ്‌ വിശ്വാസം വിറ്റത്‌..... പന്ത്രണ്ട്‌ അപ്പോസ്തലന്മാരില്‍ ഒരാളെന്നത്‌ മാത്രമല്ല യൂദാസിനു സംഘത്തിലുണ്ടായിരുന്ന സ്ഥാനം. അയാള്‍ അതിന്‍റെ ഖജാന്‍ജിയായിരുന്നു‍. അത്താഴം കഴിക്കുമ്പോള്‍ സാത്താനേ സി ഐ എ ഏജന്റോ ആവേശിച്ചതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. ഏതായാലും വില്‍ക്കുന്ന വിശ്വാസത്തിന്‌ ഇപ്പോള്‍ വിലക്കയറ്റം തന്നെ."

"പണമുതലാളിത്തം വര്‍ത്തമാനകാലത്തെ അദൃശ്യമാക്കിത്തീര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പഴമയിലേക്കോ ബാല്യത്തിലേക്കോ ജീവിതത്തിന്‍റെ മറുകരയിലേക്കോ ചിലപ്പോള്‍ മാറാരോഗങ്ങളിലേക്കുതന്നെയോ ചേക്കേറേണ്ടിവന്നേക്കാം. വാലാട്ടാ‍ന്‍ അല്ലെങ്കില്‍ ഉടല്‍ തന്നെ എന്തിനാണ്‌ എന്നു ചോദിക്കുന്ന കാലദേശങ്ങളിലേക്കു നാം എത്തിച്ചേര്‍ന്നി‍രിക്കുന്നു‍."

PROPRO
"പണിതുയര്‍ത്തുമ്പോള്‍ അടിത്തറയില്‍ നിന്നു തന്നെയാണ്‌ തുടങ്ങേണ്ടത്‌. പക്ഷെ പൊളിച്ചുനീക്കുമ്പോള്‍ മേല്‍പ്പുര തന്നെ ആദ്യം പൊളിക്കണം. വിഗ്രഹഭഞ്ജനത്തിന്‌ തലയാണ്‌ ആദ്യം ഉടയ്ക്കേണ്ടത്‌."

"ഒരു ജയിച്ച യുദ്ധമല്ലെങ്കിലും മൂന്നാ‍റിപ്പോള്‍ ഒരു തെളിഞ്ഞ കാഴ്ചയാണ്‌. കേരളത്തനിമയുടെ ഭൂപടം.... താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിലും ഇതു തന്നെ സംഭവിച്ചു: "ഇനി നിര്‍ത്താം."

"തണുത്ത രക്തത്തോടെ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന സംസ്ഥാന നേതൃത്വം സ്വയം തിരുത്തുമെന്നോ അതിനെ തിരുത്താന്‍ കഴിയുമെന്നോ കരുതുന്നത്‌ ബുദ്ധിയായിരിക്കുകയില്ല. ജനങ്ങളില്‍ നിന്ന്‌ അറ്റുപോയിരിക്കുന്ന നേതൃത്വം സ്വയം മാറി നില്‍ക്കുകയോ അവരെ ബലാല്‍ക്കാരമായി മാറ്റി നിര്‍ത്തുകയോ മാത്രമേ ഇനി വഴിയുള്ളൂ. ക്രൂരമായ ഒരു ശസ്ത്രക്രിയയ്ക്കു മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ."

"എഴുത്തുകാരെ ഭീഷണിപ്പെടുത്തരുത്‌. അല്ലെങ്കില്‍ത്തെന്നെ അവര്‍ ജന്മനാപാവങ്ങളാണ്‌. ഒരുപാടു മൂളിപ്പറക്കുമെങ്കിലും ഒറ്റയടിക്കു ചത്തുപോകു വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍‍. ഈ കവികള്‍ക്ക്‌ ഒരിക്കലും ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആവില്ല. ഒരുപക്ഷെ ഒരു പാര്‍ട്ടി സെക്രട്ടറിക്ക്‌ അതിനു കഴിഞ്ഞു എന്നു വരാം. അങ്ങനെ ചെയ്യരുത്‌. ഞങ്ങള്‍ മലയാളികള്‍ക്ക്‌ വേറെ പ്രതീക്ഷയില്ല."

ജനശക്തി വാരികയില്‍ മാഷ്‌ കൈകാര്യം ചെയ്‌ത ശീര്‍ഷാസനം എന്ന പംക്തിയില്‍ നിന്നാണ്‌ ഈ ഉദ്ധരണികള്‍