ഉബൈദ് എന്ന ഇശല്‍ തേന്‍ സാഗരം

WDWD
കന്നടം പഠിച്ച് ഒടുവില്‍ മലയാളത്തിലെ മഹാകവി ആയി മാറിയ പ്രതിഭയാണ് ടി ഉബൈദ്.അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയാണ് ഇന്ന്.

കുറേ മാപ്പിള പാട്ടുകളെഴുതിയ 'മഹാകവി' അല്ല അദ്ദേഹം. ഇശലുകളുടെ സാഗരമാണ് അദ്ദേഹം തീര്‍ത്തത്.കവി, വിവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്നീ നിലകളിലും ഉബൈദിന്റെ സംഭാവനകള്‍ ചെറുതല്ല.

സ്വത്വബലമുള്ള ഒരു സൃഷ്‌ടി പ്രതിഭയുടെ ഉടമയാണ് ടി ഉബൈദ്‌.മാപ്പിളപ്പാട്ടുകള്‍ കേരളീയ ഭാഷയുടെയും സംസ്‌കൃതിയുടെ ഭാഗമാക്കിയതാണ്‌ ഉബൈദിന്റെ ഏറ്റവുംവലിയ സംഭാവന.

അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമവും താത്‌പര്യവും മലയാളസാഹിത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിലയേറിയ സേവനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിക്കനുള്ള കഴിവ് - ഇതെല്ലാമായിരുന്നു സാഹിത്യ വിമര്‍ഷര്‍ക്ക് ഉബൈദില്‍ കാണാന്‍ കഴിഞ്ഞത്.

കവിത്വവൈഭവത്തിലൂടെ ആത്മാവിന്റെ സമസ്‌ത സൗന്ദര്യ-സുഗന്ധങ്ങളെയും പ്രകാശിപ്പിക്കാന്‍ ശ്രമിച്ച സര്‍ഗധനനായ കവിയെന്ന നിലയില്‍ ഉബൈദിനെ നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലഎന്നു സാഹിത്യ നിരൂപകര്‍ പറയുന്നു.

മാപ്പിളപ്പാട്ട്‌ എന്താണെന്നും എന്തിനാണെന്നും സമൂഹത്തെ പഠിപ്പിക്കാന്‍ മിനക്കെട്ട്‌ ഗവേഷണം നടത്തിയത്‌ ഉബൈദ്‌ ആണ്‌.അതോടെ നാട്ടില്‍ മാപ്പിളപ്പാട്ടുകളുടെ മധുരിമ നിറഞ്ഞു.ഇന്ന്‌ ചലച്ചിത്രങ്ങളിലും നാടകങ്ങളിലും മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍ കേള്‍ക്കുന്നതിന്‌ നിമിത്തമായത് ഉബൈദ് ആണ്


ജനനം, മരണം

ഐക്യകേരളം വരുന്നതുവരെ ദക്ഷിണ കനറയുടെ ഭാഗമായിരുന്ന പഴയ കാസര്‍കോട്‌ താലൂക്കിലെ തളങ്കരയില്‍ 1908 ഒക്ടോബര്‍ 7 ന് കാസര്‍ക്കൊറ്റ് തളങ്കരയിലെ പള്‍ലിക്കാലില്‍ ജനിച്ച ടി അബ്ദുറഹ്‌മാന്‍ ഉബൈദെന്ന പേരിലാണ് വിഖ്യാതനായത്..

അക്ഷരാഭ്യാസം കന്നഡയിലായിരുന്നു. അന്നവിടെ മലയാളം പഠിക്കാന്‍ സൌകര്യം ഉണ്ടായിരുന്നില്ല.ആദ്യം പാട്ടുകളെഴുതിയിരുന്നതും ആ ഭാഷയില്‍ത്തന്നെ. അറബി സ്വായത്തമായപ്പോള്‍ അറബിയിലെ ബൈത്തുരീതിയില്‍ കീര്‍ത്തനങ്ങളുമെഴുതി . ബാപ്പയുടെ തുണിപ്പീടികയില്‍ നിന്ന് തുണികളുടെ പേരുകളും തുണികളിലെ ലേബലുകളും മറ്റും വായിച്ചാണ്‌ മലയാളം പഠിക്കുന്നത്‌.

അധ്യാപകനായിരുന്ന ഉബൈദ് ഉബൈദ് മാഷ് എന്നു ഉബൈദ്ച്ച എന്നു അറിയപ്പെട്ടു.പ്രൈമറി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1969-ല്‍ വിരമിച്ച ഉബൈദ്‌ 1972 ഒക്ടോബര്‍ മൂന്നിന്‌ ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു

മാപ്പിളപ്പാട്ടുകള്‍ കേരളീയരുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ ഒരു ചരിത്രകാരന്റെ ഗവേഷണ ബുദ്ധിയേക്കാള്‍ അദ്ദേഹം ഒരു നിരൂപകന്റെ സാഹിത്യ മര്‍മജ്ഞത പ്രകടിപ്പിച്ചു.‌.

സൗന്ദര്യോപാസകനെ, ഛന്ദശാസ്‌ത്രത്തിലും കാവ്യശാസ്‌ത്രത്തിലും അവഗാഹമുള്ള വ്യാഖ്യാതാവിനെ, ഇസ്‌ലാമികവും ഭാരതീയവുമായ സംസ്‌കാരങ്ങളുടെ ഹൃദയമറിഞ്ഞ വിജ്ഞാനിയെ നമുക്ക്‌ ഉബൈദില്‍ കാണാനാവും.


PROPRO
ഐക്യകേരള ദര്‍ശനം

ദക്ഷിണ കനറ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോട്‌ ജീവിച്ച്, മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍പ്പെടുന്ന ഒരു വിശാല കേരളം അദ്ദേഹം സ്വപ്‌നംകണ്ടു. കാസര്‍കോട്‌ താലൂക്കിനെ കേരളവുമായി ചേര്‍ക്കാന്‍ ഉബൈദ്‌ പരിശ്രമിക്കുകയും ചെയ്തു

വിളി കേള്‍ക്കുന്നു, വിളി കേള്‍ക്കുന്നൂ,
മാതാവിന്‍ വിളി കേള്‍ക്കുന്നു!
വിടതരികമ്മേ, കന്നഡധാത്രി
കേരളജനനി വിളിക്കുന്നു.

എന്ന വരികള്‍ കാസര്‍കോട് കേരളത്തില്‍ ലയിക്കുന്നതിന്‍റെ ആഹ്വാനമായിരുന്നു

രക്തത്തില്‍ അലിഞ്ഞ മാപ്പിളപ്പാട്ട്.

മാപ്പിളപ്പാട്ടിന്റെ താളവും ഈണവും ഉബൈദിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു പിതാവ്‌ എം. ആലിക്കുഞ്ഞി ഗായകനും കവിയുമായിരുന്നുതുണിക്കച്ചവടമായിരുന്നു ജോലി ഉമ്മസൈനബ നല്ലൊരു പാട്ടുകാരി ആയിരുന്നു. ഉമ്മയുടെ ഗാനസദസ്സുകളില്‍നിന്ന്‌ ആണ് ഉബൈദ് ഇശലുകളില്‍ പരിചയം നേടിയത്.. മാപ്പിളപ്പാട്ടിന്‍റെ ഈണങ്ങള്‍ മലയാള കവിതയില്‍ കൊണ്ടുവന്നതും ഉബൈദാണ്‌.

കെസ്സു പാടാന്‍ ക്ഷണിച്ചവരോറ്റ് സദസ്സില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച്‌ ഒരു പ്രഭാഷണത്തിന്‌ അവസരം നല്‍കണമെന്നു ഉബൈദ് ആവശ്യപ്പെട്ടു 1947ലെ കോഴിക്കോട്‌ സാഹിത്യ പരിഷത്‌ സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച്‌ പ്രഭാഷണത്തിന്‌ അങ്ങനെ ഉബൈദിന്‌ അവസരം ലഭിച്ചു.

മാപ്പിളപ്പാട്ടുകളിലെ സാഹിത്യത്തിന്‍റെ അംശം, അവയുടെ സംഗീതം എന്നിവയെക്കുറിച്ചുള്ള ആ പ്രഭാഷണം ഒട്ടേറെ ഗദ്യപദ്യഗ്രന്ഥങ്ങളുള്ള സാഹിത്യശാഖയാണ്‌ മാപ്പിളപ്പാട്ടുകളെന്ന തിരിച്ചറിവ് ഉണ്ടാക്കാന്‍ പോന്നതായിരുന്നു ആ പ്രഭാഷണം.

മറ്റൊരാളും കേട്ടിട്ടില്ലാത്ത മാപ്പിളപ്പാട്ടുകള്‍ ഉബൈദ്‌ ഓരോന്നായി പാടിയപ്പോള്‍ മാപ്പിളസാഹിത്യത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാനുണ്ടെന്ന്‌ ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു.മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കും ജി. ശങ്കരക്കുറുപ്പിന്‍റെ പ്രഖ്യാപനം ഉബൌഇദിന്‍റെ ശ്രമങ്ങള്‍ക്കുള്‍ല അംഗീകാരമായിരുന്നു.

നിര്‍ജീവാവസ്ഥയില്‍നിന്ന്‌ മാപ്പിളപ്പാട്ടിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ഉബൈദിന്‍റെ പ്രഭാഷണമായിരുന്നു.സമ്മേളനത്തെ ഇളക്കിമറിച്ച ആ പ്രഭാഷണം സാഹിത്യചരിത്രത്തില്‍ സ്ഥാനം നേടി. മാപ്പിളപ്പാട്ടുകളെക്കുറിച്ച്‌ ഒരു പൊതുവേദിയിലെ ആദ്യത്തെ പ്രഭാഷണമായിരുന്നു അത്‌.

കണ്ണൂര്‍ സാഹിത്യപരിഷത്തിലും മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഉബൈദ്‌ പ്രസംഗിച്ചു‌. നീലേശ്വരം സാഹിത്യ പരിഷത്തില്‍ (1949) കവിതയിലൂടെയാണ്‌ ഉബൈദ്‌, മഹാകവികളുടെയും പണ്ഡിതന്മാരുടെയും അഭിനന്ദനപാത്രമായത്‌- 'വിടവാങ്ങല്‍' എന്ന കവിതയിലൂടെ.




സാമുദായിക - വിദ്യാഭ്യാസ പരിഷ്കര്‍ത്താവ്

പഴയ കാസര്‍കോട്‌ താലൂക്കില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രചാരണത്തിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റുന്നതിനും ഉബൈദ്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നുമോര്‍ക്കുന്നവയാണ്

1939-ല്‍ വിദ്യാഭ്യാസ പ്രചാരണത്തിന്‌ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ ഒരു പ്രചാരണജാഥ സംഘടിപ്പിച്ച്‌ സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസ താത്‌പര്യം വളര്‍ത്തിയതും 1970ല്‍ തളങ്കരയില്‍ മറ്റൊരു വിദ്യാഭ്യാസ പ്രചാരണജാഥ നടത്തിയതും ഉബൈദിന്‍റെ നേതൃത്വത്തിലാണ്‌.

മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ അദ്ദേഹം കാര്യമായ പ്രചാരണം നടത്തി.മകളെ സ്കൂളില്‍ അയച്ചുമാതൃക കാട്ടിയാണ് അദ്ദേഹം സമരത്തിനു വഴിതുറന്നത്‌.

തലമൂത്തവരുടെ മിഥ്യാധാരണകള്‍ക്കെതിരെ കവിതകൊണ്ടും പ്രവൃത്തികൊണ്ടും തിരുത്തലുകള്‍ തീര്‍ക്കാന്‍ ഉബൈദ്‌ ശ്രമിച്ചു.ഇതിനെതിരെ സമുദായത്തില്‍ നിന്ന് ചില ചിര്‍ച്ചടികള്‍ ഉണ്ടാകാതിരുന്നില്ല.

മലയാള കവിതയില്‍ ഖുര്‍ആനിക ദര്‍ശനം അവതരിപ്പിച്ചത്‌ അദ്ദേഹമാണ്‌.ഇസ്ലാമിക കതാപാത്രങ്ങള്‍ കവിതയ്ക്കു വിഷയങ്ങളായി ഉണ്ണിക്കണ്ണനും ഉണ്ണിയേശുവും കവിതകള്‍ക്ക്‌ വിഷയമായപ്പോള്‍ ഉണ്ണി മുഹമ്മദിനെ കൂടി കഥാപാത്രമക്കി അദ്ദേഹം പുതുമ ചമച്ചു.



കൃതികള്‍, പദവികള്‍

തുഞ്ചന്‍ തന്നുടെ പൈങ്കിളി പാടും
കുഞ്ചന്‍ തന്നുടെ നര്‍ത്തകിയാടും
സഞ്ചിത രമണീയത കളിയാടും
നെഞ്ചു കുളിര്‍ത്തിടു മിളനീര്‍ ചൂടും.. . .എന്നദ്ദേഹം കൈരളിയെ വര്‍ണ്ണിച്ചു.വാഗര്‍ഥങ്ങളുടെ പുതിയ തലങ്ങള്‍ അദ്ദേഹം ചമച്ചു

ചന്ദ്രക്കല, ഗാനവീചി,നവരത്നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി തിരഞ്ഞെടുത്ത കവിതകള്‍, മാലിക്‌ ദീനാര്‍, മുഹമ്മദ്‌ ശെറൂല്‍, ഖാസി അബ്ദുള്ള ഹാജി എന്നീ ജീവചരിത്രങ്ങള്‍, ശിവരാമ കാറന്തിന്റെ മണ്ണിലേക്ക്‌ മടങ്ങി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍-വള്ളത്തോള്‍ കവിതകള്‍ കന്നടയില്‍ (വിവര്‍ത്തനം) എന്നിവ കൃതികളാണ്‌. മാപ്പിളപ്പാട്ട്‌ പഠനങ്ങള്‍ അച്ചടിയിലാണ്. നാലു കൃതികള്‍ കന്നഡയിലുമായി ഉബൈദിന്‍റേതായി ഉണ്ട്.

കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം, കേരള കലാമണ്ഡലം മാനേജിങ്‌ കമ്മിറ്റിയംഗം, കോഴിക്കോട്‌ സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ്‌ ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

1974-ല്‍ കാസര്‍കോട്‌ നടന്ന സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ 34-ാം സമ്മേളനം അദ്ദേഹത്തിനാണ്‌ സമര്‍പിച്ചത്‌. ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും മറ്റും അദ്ദേഹത്തിന്‍റെ ശതാബ്ദി ആഘോഷ വേളയില്‍ സമാഹരിക്കുന്നുണ്ട്.