'ഗദ്ദാമ’: കമലും കാവ്യയും വിസ്മയിപ്പിക്കുന്നു!

വെള്ളി, 4 ഫെബ്രുവരി 2011 (20:30 IST)
PRO
ഗദ്ദാമ. പേര് അസാധാരണമാണ്. ചിത്രവും അങ്ങനെയായിരിക്കുമോ എന്ന ആകാംക്ഷയിലാണ് കാണാന്‍ കയറിയത്. മഞ്ജുവാര്യരും സംയുക്തവര്‍മയും നല്ല സിനിമയാണെന്ന് പറയുമ്പോള്‍ അതില്‍ വസ്തുതയില്ലാതെ വഴിയില്ല. സംവിധായകന്‍റെ സ്ഥാനത്ത് കമലും നായികയായി കാവ്യയുമാണല്ലോ. സിനിമ കണ്ടുതീര്‍ന്നപ്പോള്‍ തോന്നിയത് ഒരു വാചകത്തില്‍ പറയുകയാണെങ്കില്‍ - ഒരു കണ്ണീര്‍ത്തുള്ളി പോലെ ശുദ്ധസുന്ദരമായ സിനിമ.

ഒരു സ്ത്രീയുടെ കണ്ണീരിനെ, ദയനീയതയെ, നിസഹായാവസ്ഥയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് കമല്‍. മനസിനെ ആര്‍ദ്രമാക്കുന്ന മാജിക് - മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും നമ്മള്‍ കണ്ട അതേ ഹൃദ്യത - ഗദ്ദാമയിലും അനുഭവിക്കാം. ഒരു സംഭവകഥയുടെ, വച്ചുകെട്ടലുകളില്ലാത്ത ആവിഷ്കാരം. കാലത്തിന് ആവശ്യമായ സിനിമയാണിത്. ഗദ്ദാമ കാണുന്നില്ലെങ്കില്‍ കമലിന്‍റെ ഏറ്റവും നല്ല സിനിമ, കാവ്യാ മാധവന്‍റെ ഏറ്റവും നല്ല സിനിമയാണ് നമ്മള്‍ കാണാതെ ഒഴിവാക്കുന്നത്.

അടുത്ത പേജില്‍ - അവളുടെ ജീവിതം തകര്‍ന്നതെങ്ങനെ?

PRO
അറബിനാട്ടിലെ വീട്ടുജോലിക്കാരാണ് ഗദ്ദാമകള്‍. കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം പാലക്കാട് പട്ടാമ്പിയില്‍ നിന്നും വന്ന് ഗദ്ദാമയാകുന്നവളാണ്. ഒരു ഗ്രാമത്തിന്‍റെ നിഷ്കളങ്കതകളെല്ലാമുള്ള പെണ്‍കുട്ടി. അവള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല അവിടെ അനുഭവിക്കേണ്ടിവന്ന പീഢനം. ഒടുവില്‍ സഹിക്കവയ്യാതെ അവള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. ഒരു മണല്‍ക്കാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന അവളുടെ ദുരിതം വര്‍ണനാതീതം.

(സംവിധായകന്‍ ബ്ലെസിക്ക് ഇനി കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും എന്നു തോന്നുന്നു. അദ്ദേഹം ഉടന്‍ ചെയ്യാനിരിക്കുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ കഥ ഇതിലും തീവ്രമാക്കണമല്ലോ.)

കാലത്തിന്‍റെ കളികള്‍ കൊണ്ട് ഗള്‍ഫില്‍ ഗദ്ദാമയാകേണ്ടിവന്നവളാണ് അശ്വതി. നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസവും വെള്ളമടിയുമൊക്കെയായി കഴിയുന്ന ജെ സി ബി ഓപ്പറേറ്റര്‍ രാധാകൃഷ്ണന്‍(ബിജു മേനോന്‍) അവളെ വിവാഹം കഴിക്കുന്നു. വിവാഹശേഷം അയാള്‍ നന്നായെങ്കിലും വിധിയുടെ ചതിക്കുഴി അവള്‍ക്കായി തീര്‍ത്തിരുന്നത് മറ്റൊന്നായിരുന്നു. അങ്ങുദൂരെ മണലാരണ്യത്തില്‍ ഒരു വീട്ടുജോലിക്കാരിയുടെ വേഷം അവള്‍ക്കായി കാത്തിരിപ്പുണ്ടായിരുന്നു.

അടുത്ത പേജില്‍ - ശ്രീനിവാസന്‍റെ വരവും വഴിത്തിരിവുകളും

PRO
സാമൂഹ്യപ്രവര്‍ത്തകനായ റസാക്ക് എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. റസാക്കിന്‍റെ രംഗപ്രവേശത്തോടെ അശ്വതിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. എങ്കിലും പരീക്ഷണങ്ങള്‍ അവസാനിക്കുകയില്ലല്ലോ. മണല്‍ക്കാട്ടില്‍ അവളെ കാണാതായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ പൊള്ളുന്ന വെയിലില്‍ ആ മരുഭൂമിയില്‍ അവള്‍ അലയുകയാണ്.

ഗദ്ദാമ എന്ന സിനിമയിലൂടെ കാവ്യാ മാധവന്‍ വിസ്മയിപ്പിക്കുകയാണ്. തന്‍റെ രണ്ടാം വരവ് ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് അവര്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശാരീരികമായി അവര്‍ ഏറെ ബുദ്ധിമുട്ടിയിരിക്കുന്നു. ആ കണ്ണുകളിലെ നിസഹായതയില്‍ ഒരംശം പോലും കൃത്രിമത്വം നമുക്കു കണ്ടെത്താനാവില്ല.

കെ യു ഇഖ്ബാലിന്‍റെ കഥയ്ക്ക് കെ ഗിരീഷ്കുമാറും കമലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങളാണ് ഈ സിനിമയെ പ്രിയപ്പെട്ടതാക്കുന്ന ഒരു ഘടകം. അതുപോലെ മനോഹരമായ രണ്ടു ഗാനങ്ങളും. പശ്ചാത്തല സംഗീതം ഗംഭീരം.

ശിക്കാറിന് ശേഷം മനോജ് പിള്ളയുടെ ഛായാഗ്രഹണവിസ്മയത്തിന് നമ്മള്‍ സാക്ഷിയാകുന്ന സിനിമയാകുന്ന ഗദ്ദാമ. കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ക്യാമറാചലനങ്ങളാണ് മനോജ് നല്‍കുന്നത്. അശ്വതി മരുഭൂമിയിലൂടെ അലയുന്ന രംഗങ്ങളില്‍ മണലിന്‍റെ ചൂട് പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ ഛായാഗ്രാഹകന് കഴിയുന്നു.

ബിജുമേനോന്‍, കെ പി എ സി ലളിത, സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി തുടങ്ങി എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ‘ഗദ്ദാമ’ ഒരു പുതിയ അനുഭവമാണ്. ട്രാഫിക്, അര്‍ജുനന്‍ സാക്ഷി, ഗദ്ദാമ. മലയാള സിനിമ അതിന്‍റെ ശരിയായ പാതയിലാണെന്ന് തോന്നുന്നു. നമുക്ക് നഷ്ടമായ ആ വസന്തകാലം മടങ്ങിവരുന്നതിന്‍റെ തുടക്കമാകട്ടെ ഈ സിനിമകള്‍.

വെബ്ദുനിയ വായിക്കുക