വലിയ സംവിധായകര്‍ എന്നെ നായകനാക്കുന്നില്ല: മണി

തിങ്കള്‍, 10 മെയ് 2010 (17:56 IST)
PRO
കലാഭവന്‍ മണിക്ക് നേരിയ പരിഭവമുണ്ട്. വലിയ സംവിധായകര്‍ ആരും തന്നെ നായകനാക്കി സിനിമ ആലോചിക്കുന്നില്ല എന്നാണ് മണിയുടെ പരിഭവം. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മണി ഇക്കാര്യം പറയുന്നത്.

“ഞാന്‍ അടുത്തിടെ നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളുടെയും സംവിധായകര്‍ പുതുമുഖങ്ങളാണ്. എന്നാല്‍ ആ ചിത്രങ്ങളൊക്കെ വിജയം കണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്നത്തെ വലിയ സംവിധായകര്‍ ആരും എന്നെ നായകനാക്കി സിനിമ ചെയ്യാന്‍ വരാറില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ സിനിമയും നന്നായി ഓടുമായിരുന്നു. എന്നെ നായകനാക്കി സിനിമ ചെയ്യാനുള്ള പേടികൊണ്ടാണോ അതോ എന്നെ നായകനാക്കാനുള്ള കഥ കിട്ടാത്തതുകൊണ്ടാണോ അവര്‍ സമീപിക്കാതിരിക്കുന്നത് എന്ന് എനിക്കറിയില്ല” - മണി പറയുന്നു.

“എന്‍റെ വളരെ നല്ല ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ സ്വീകരിക്കാത്ത സ്ഥിതി വന്നിട്ടുണ്ട്. പുതുമയാര്‍ന്ന പ്രമേയവുമായി എന്നെ നായകനാക്കി ചിത്രമെടുക്കാന്‍ ധൈര്യത്തോടെ ഒരു കഴിവുറ്റ സംവിധായകന്‍ വന്നാല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയൂ. പക്ഷേ, അങ്ങനെ ആരും എന്നെ സമീപിക്കുന്നില്ല” - മണി പരിഭവിക്കുന്നു.

“പല താരങ്ങളും വേണ്ട എന്നു പറഞ്ഞ് തഴയുന്ന സബ്ജക്ടുകളാണ് ഒടുവില്‍ എന്നെത്തേടി വരുന്നത്. അവയില്‍ ചില മാറ്റങ്ങള്‍ വരുത്തി നന്നാക്കിയാണ് ഞാന്‍ അഭിനയിക്കുന്നത്.” - മണി വ്യക്തമാക്കി.

താന്‍ എല്ലാവരെയും സഹായിക്കാറുണ്ടെന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും കലാഭവന്‍ മണി വെളിപ്പെടുത്തുന്നു.

“ചാലക്കുടിയില്‍ മാത്രമല്ല, എല്ലാവരെയും ഞാന്‍ സഹായിക്കാറുണ്ട്. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം എനിക്കിപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. സഹിക്കാനാകാതെ ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ഞാന്‍ വീട്ടിലുള്ളപ്പോള്‍ വീടിനുമുമ്പില്‍ നിറയെ ആള്‍ക്കാരായിരിക്കും. പലപ്പോഴും അവരെ പിരിച്ചുവിടാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. എനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഭൂരിഭാഗവും ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കുകയാണ്.” - താന്‍ ജനപ്രിയനാകുന്നതില്‍ ചാലക്കുടിയിലെ രാഷ്ട്രീയക്കാര്‍ക്കുള്ള മുറുമുറുപ്പൊന്നും ശ്രദ്ധിക്കാറില്ലെന്നും കലാഭവന്‍ മണി പറയുന്നു.

വെബ്ദുനിയ വായിക്കുക