കോടി തന്നാലും അഭിനയിക്കില്ല: രജനി, കമല്‍!

ഞായര്‍, 9 ഒക്‌ടോബര്‍ 2011 (18:13 IST)
PRO
PRO
ലക്ഷമല്ല, കോടിക്കണക്കിന് രൂപ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് തമിഴകത്തിലെ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തും കമലാഹാസനും വീണ്ടും വ്യക്തമാക്കി. നാഷണല്‍ ബ്രാന്‍ഡുകളും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും രജനീകാന്ത്, കമലാഹാസന്‍ എന്നിവരുടെ വീടുകള്‍ക്ക് മുമ്പില്‍ കാത്തുകെട്ടിക്കിടക്കാന്‍ തുടങ്ങി കാലങ്ങളായി. എന്നാല്‍ ഇവരെ കാണാന്‍ പോലും ഇരുവരും കൂട്ടാക്കിയിട്ടില്ല.

പഴയ കാലത്തെല്ലാം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത് മോഡലുകളായിരുന്നു. ഈ കാലം ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് വേണ്ടത് ജനപ്രീതിയുള്ള സിനിമാ താരങ്ങളെയാണ്. സൂപ്പര്‍ താരങ്ങളെ ലഭിക്കാന്‍ എത്ര പൈസ വേണമെങ്കിലും എറിയാന്‍ കമ്പനികള്‍ തയ്യാറാണ്.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സൂര്യ, വിക്രം തൊട്ട് നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം എന്നിവര്‍ വരെ പരസ്യചിത്ര മോഹങ്ങളില്‍ വീണ് പോയവരാണ്. മദ്യക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് സുകുമാര്‍ അഴീക്കോടില്‍ നിന്ന് മോഹന്‍ലാലിന് വേണ്ടത് കിട്ടിയിരുന്നു.

തങ്ങളെ സമീപിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും എത്രത്തോളം വിശ്വാസ്യത ഉള്ളവയാണെന്ന് പലപ്പോഴും താരങ്ങള്‍ നോക്കാറില്ല. അവര്‍ക്ക് വേണ്ടത് പൈസ മാത്രം. നൂറുകണക്കിന് ആളുകളെ പറ്റിച്ച ‘ആപ്പിള്‍ എ ഡേ’ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടി ഗായിക ചിത്ര പരസ്യത്തില്‍ അഭിനയിച്ചതും മണി ചെയിന്‍ കമ്പനിയായ നാനോ എക്സലിന് വേണ്ടി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് പ്രത്യക്ഷപ്പെട്ടതും പുലിവാല്‍ പിടിച്ചതും വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകണം.

എന്തായാലും അറിയാത്ത കമ്പനികളെ പ്രതിനിധീകരിക്കാന്‍ കിട്ടുന്ന പൈസ വേണ്ടെന്ന് രജനീകാന്തും കമലും തീരുമാനിച്ചിരിക്കുന്നത് പ്രശംസനീയമായ കാര്യമാണെന്ന് പറയാതെ വയ്യ. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തമാണ് ഇത് തെളിയിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ ഇതൊക്കെ വായിക്കുന്നുണ്ടാകുമോ ആവോ?!

വെബ്ദുനിയ വായിക്കുക