തെന്നിന്ത്യയില്‍ മോഹന്‍ലാലിനും ഇംഗ്ലീഷറിയാം, വേണമെങ്കില്‍ പാട്ടും പാടും!
ബുധന്‍, 27 ജൂലൈ 2011 (15:54 IST)
PRO
തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന നായകന്‍മാരുടെ പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടും? ആരുള്‍പ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ ഉള്‍പ്പെടും. ഇംഗ്ലീഷ് സംസാരിക്കാന്‍ മാത്രമല്ല ഇംഗ്ലീഷില്‍ പാട്ടുപാടുന്നതിലും താന്‍ പുലിയാണെന്ന് മോഹന്‍ലാല്‍ തെളിയിച്ചുകഴിഞ്ഞു. ‘പ്രണയം’ എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ ഇംഗ്ലീഷ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘ഭ്രമരം’ എന്ന ചിത്രത്തിലെ ‘അണ്ണാറക്കണ്ണാ വാ...’ എന്ന ഹിറ്റ് ഗാനം മോഹന്‍ലാലിനെക്കൊണ്ട് പാടിച്ച ബ്ലെസി തന്നെയാണ് അദ്ദേഹത്തിന് ഇംഗ്ലീഷ് പാട്ട് പാടാനുള്ള അവസരവും നല്‍കിയത് എന്നതാണ് കൌതുകം. “ഐ ആം യുവര്‍ മാന്‍...” എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന്‍റെ വരികള്‍ രചിച്ചത് ലിയോണ്‍ കൊഹെന്‍.
ബ്ലെസി - മോഹന്‍ലാല്‍ ടീമിന്‍റെ ‘തന്‍മാത്ര’യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ‘ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ..” എന്ന ആ ഗാനവും ഹിറ്റായിരുന്നു.
വിഷ്ണുലോകം എന്ന സിനിമയിലെ “ആവാരാഹും”, ഏയ് ഓട്ടോയിലെ “സുധീ..മീനുക്കുട്ടീ”, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ “കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍...”, ബാലേട്ടനിലെ “കറുകറെ കറുത്തൊരു പെണ്ണാണ്..”, ചിത്രത്തിലെ “കാടുമീ നാടുമെല്ലാം...”, സ്ഫടികത്തിലെ “ഏഴിമല പൂഞ്ചോലാ...”, ഒരുനാള്‍ വരുമിലെ “നാത്തൂനേ നാത്തൂനേ...” തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.