കേരളം = വിവാദം

ചായപ്പീടികയിലും സമ്പുഷ്‌ടമായ ചര്‍ച്ചകള്‍ നടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം വിവാദങ്ങള്‍ ഒരു പുത്തരിയല്ലെങ്കിലും 2008 കേരളത്തിന് കൂടുതല്‍ സമ്പുഷ്‌ടമായ വിവാദങ്ങളുടെ വര്‍ഷമായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭരണകക്ഷിയെയും അതിന്‍റെ വാലില്‍ പിടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രതിപക്ഷത്തെയുമാണ് ഈ വര്‍ഷത്തില്‍ കൂടുതലും കാണാന്‍ കഴിയുക.

കേരളരാഷ്‌ട്രീയത്തിലെ “അച്ഛാ മകാ ബന്ധം“ തകരുന്നതാണ് കേരളം കണ്ട ആദ്യ രാഷ്‌ട്രീയ നാടകം. തന്‍റെ മകന് പൂര്‍ണ താങ്ങായി നിന്ന ലീഡര്‍ മകനെ പാതിവഴിയില്‍ ഉപേക്ഷിച്ച് എന്‍റെപാര്‍ട്ടി തന്നെയാണ് എനിക്ക് വലുത് എന്ന് പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസിലേക്ക് തിരികെ വന്നു. കോണ്‍ഗ്രസിന്‍റെ പടിവാതിലില്‍ കയറി നിന്ന് മകനെ പലവട്ടം വിളിച്ചെങ്കിലും മകന്‍ പുറം തിരിഞ്ഞ് നിന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.

ഭരണപക്ഷത്തിലെ വിവാദ മന്ത്രി എന്ന് വേണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വിശേഷിപ്പിക്കാം. സ്വാശ്രയപ്രശ്നത്തില്‍ മതനേതാക്കളുമായുള്ള അടി, പിന്നീട് കോടതി തലയിട്ടപ്പോള്‍ അത് ഒരു ത്രികോണ മത്‌സരമായി മാറി. കോടതിവിധി സര്‍ക്കാറിന് കരണത്തടിയായി മാറുകയും ചെയ്തു. എങ്കിലും വിദ്യാഭ്യാസ മന്ത്രി തോറ്റ് പിന്‍‌മാറാന്‍ തയ്യാറല്ലായിരുന്നു. ഏഴാം ക്ലാസുകാര്‍ക്ക് ‘മതമില്ലാത്ത ജീവനെ’ നല്‍കി അദ്ദേഹം പുതിയ വിവാദത്തിന് തുടക്കമിട്ടു. 2008ല്‍ ഏറ്റവും കൂടുതല്‍ പ്രശസ്‌തിയാര്‍ജ്ജിച്ച പുസ്‌തകം എന്ന് വേണമെങ്കില്‍ ഏഴാം ക്ലാസിലെ വിവാദ പുസ്തകത്തെ പറയാം. പുസ്തകത്തില്‍ തിരുത്തലുകള്‍ അനിവാര്യമെന്ന സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രശ്നം തോളിലിട്ട് നടന്ന പ്രതിപക്ഷം അടങ്ങി. സമരം ചെയ്ത കെ‌എസ്‌യുകാര്‍ക്കെതിരെ മുഷ്‌ടി മുറുക്കി ഇറങ്ങുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രതിനിധികളെ 2008ലുടനീളം കാണാന്‍ കഴിഞ്ഞു.


കേരളത്തിലെ ക്രിസ്‌തീയ പുരോഹിതന്മാര്‍ക്ക് കണ്ടകശനിയായിരുന്നു 2008. അന്തരിച്ച എം എല്‍ എ മത്തായി ചാക്കോയുടെ അന്ത്യകൂദാശയില്‍ ആരംഭിച്ച വിവാദം, സിപി‌എം നേതൃത്വം ഇടപെട്ടതോടെ ചൂട് പിടിച്ചു. ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ഒരു യുവതിയെ ദത്തെടുത്ത് പള്ളിയില്‍ താമസിപ്പിച്ച സംഭവവും പുരോഹിതന്മാര്‍ക്ക് കളങ്കമുണ്ടാക്കി. ഇതിന്‍റെ ക്ഷീണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേള്‍ക്കുന്നതിന് മുമ്പാണ് അഭയകേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സെഫിയെയും ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃകയെയും സി ബി ഐ അറസ്റ്റ് ചെയ്തത്. അഭയ കേസുമായി ബന്ധപ്പെട്ട് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ക്രിസ്തീയ സമുദായത്തിനോ പുരോഹിതര്‍ക്കോ ആശ്വാസ്യമായ ഒന്നായിരുന്നില്ല. അതിന്‍റെ നൂലാമാലകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.

2008 ഏറ്റവും ശ്രദ്ധേയമായത് സര്‍ക്കാരിനുള്ളിലെ തന്നെ ചേരിപ്പോരു കൊണ്ടാണ്. വി എസിന്‍റെ കാര്‍ക്കശ്യവും സി പി എമ്മിലെ ഔദ്യോഗികപക്ഷം വി എസ് പക്ഷത്തിന് മേല്‍ നടത്തിയ താണ്ഡവവും ദേശീയതലത്തില്‍ ശ്രദ്ധനേടിയ വിവാദങ്ങള്‍ക്ക് കാരണമായി. മൂന്നാര്‍ പ്രശ്നത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് വഴിക്ക് നീങ്ങുകയും വിവാദ പ്രസ്താവനകള്‍ മാധ്യമങ്ങളിലൂടെ നടത്തുകയും ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ എസ് ജി കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളും ‘പട്ടി’ പ്രയോഗവുമെല്ലാം കേരളരാഷ്‌ട്രീയത്തെ ചൂട് പിടിപ്പിച്ചു. സാധനങ്ങളുടെ വിലക്കയറ്റം, ലോഡ്ഷെഡിംഗ്, എന്തിന് കേരളത്തിലെ മഴക്ഷാമം വരെ വിവാദത്തിന് വഴിതെളിച്ചുവെന്നതാണ് ദുഃഖസത്യം.


2008ലെ നഷ്‌ടങ്ങള്‍

പി എന്‍ മേനോന്‍

പ്രശസ്ത മലയാള സംവിധായകന്‍ പി എന്‍ മേനോന്‍ അന്തരിച്ചു. മലയാള സിനിമയെ ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

കെ പി അപ്പന്‍

നിരൂപണകലയിലെ ഗുരു ശ്രേഷ്ഠന്‍ കെ പി അപ്പന്‍ ഡിസംബര്‍ 19ന് മരിച്ചു.

ജി എം ബനാത്ത് വാല

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ജി എം ബനാത്ത് വാല അന്തരിച്ചു. രണ്ടു പതിറ്റാണ്ടിലേറെ പാര്‍ലമെന്‍റ് അംഗമായിരുന്നു.

ഭരത് ഗോപി

മലയാള അഭിനയ ലോകത്തിലെ കരുത്താര്‍ന്ന നടന്‍ ഭരത് ഗോപി ജനുവരി 29ന് നിര്യാതനായി. പത്മശ്രീ പുരസ്ക്കാര ജേതാവാണ്.

ശാന്ത പി നായര്‍

നാടകലോകത്തിലെ പ്രിയ ഗായിക ശാന്ത പി നായര്‍ നിര്യായായി.

ബേബി ജോണ്‍

മുന്‍ മന്ത്രിയും ആര്‍ എസ് പി നേതാവുമായ ബേബി ജോണ്‍ ജനുവരി 29ന് അന്തരിച്ചു.




കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍

മദ്ദള വിദ്വാന്‍ കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ ജനുവരി 27 ന് അന്തരിച്ചു. കഥകളി മേളത്തിലെ പ്രശസ്തമായ തിരുവില്വാമല ശൈലി രൂപപ്പെടുത്തിയത് അപ്പുക്കുട്ടി പൊതുവാളായിരുന്നു.

കടമ്മനിട്ട രാമകൃഷ്ണന്‍

കവി കടമ്മനിട്ട രാമകൃഷ്ണന്‍ മാര്‍ച്ച് 31ന് അന്തരിച്ചു. മലയാള കവിതയ്ക്ക് വാമൊഴി പാരമ്പര്യം നല്കുന്നതില്‍ കടമ്മനിട്ട വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

കെ ടി മുഹമ്മദ്

നാടകാചാര്യന്‍ കെ ടി മുഹമ്മദ് മാര്‍ച്ച് 25ന് അന്തരിച്ചു.

പാല നാരായണന്‍ നായര്‍

മഹാകവി പാല നാരായണന്‍ നായര്‍ ജൂണിലാണ് വിട പറഞ്ഞത്. പഴമയും ആധുനികതയും തന്‍റെ കവിതകളില്‍ കോര്‍ത്തിണക്കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം.

പി. അയ്യനേത്ത്

പ്രമുഖ നോവലിസ്റ്റ് പി അയ്യനേത്ത് അന്തരിച്ചു.

നെയ്യാറ്റിന്‍കര വാസുദേവന്‍

പ്രശസ്ത സംഗീതജ്ഞന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ മെയ് 13ന് അന്തരിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാവായിരുന്നു.

കെടാമംഗലം സദാനന്ദന്‍

കഥാപ്രസംഗ കലയുടെ കുലപതി കെടാമംഗലം സദാനന്ദന്‍ ഏപ്രില്‍ 13ന് അന്തരിച്ചു.

വെബ്ദുനിയ വായിക്കുക