ആണവകരാര്‍ മുതല്‍ ഭീകരാക്രമണം വരെ

ഭാരതത്തിന്‍റെ ചരിത്രത്തില്‍ മറക്കാന്‍ കഴിയാത്തവിധം സംഭവങ്ങളും സംഭവങ്ങള്‍ക്ക് പിന്നിലെ നൂലാ‍മാലകളും ബാക്കിയാക്കി ഒരു വര്‍ഷം കൂടി പിന്നിടുന്നു. രാഷ്‌ട്രീയ സംഭവ ബഹുലമായിരുന്നു 2008. പെയ്യാന്‍ കൊതിച്ച് നില്‍ക്കുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ ഭാരതീയന്‍റെ മനസിലും ആണവ കരാറില്‍ തുടങ്ങി മുംബൈയില്‍ അവസാനിച്ച് നില്‍ക്കുന്ന രാഷ്‌ട്രീയ തിരിമറികളും പഴിചാരലുകളും നിറഞ്ഞ 2008 തങ്ങിനില്‍ക്കുകയാണ്.

മുറുക്കാനിലും രാഷ്‌ട്രീയം കലര്‍ത്തുന്ന രാഷ്‌ട്രീയക്കാരന്‍റെ കാപട്യം തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് ഭാരതം സാക്‍ഷ്യം വഹിച്ചു. ആണവകരാര്‍, മുംബൈയില്‍ ഉത്തരേന്ത്യകാര്‍ക്കെതിരായ ആക്രമണം, അമര്‍നാഥ് ഭൂമി പ്രശ്നം, ഒറീസയിലും കര്‍ണാടകയിലും ഉണ്ടായ സമുദായ കലാപങ്ങള്‍, രാജ്യത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍, മുംബൈ താജില്‍ ഉണ്ടായ ഭീകരാക്രമണം എന്നിവയിലെല്ലാം രാഷ്‌ട്രീയകാരുടെ സാന്നിധ്യവും രാഷ്‌ട്രീയം കലര്‍ത്തി സംഭവത്തെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കുന്ന മനോഭാവവും വ്യക്തമായിരുന്നു.

മുതലാളിത്തത്തിനെതിരെയുള്ള സമരമെന്ന പോലെ ആണവകരാറിനെ ശക്തമായി എതിര്‍ത്ത് ഇടതുപക്ഷം യുപി‌എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചതോടെയാണ് രാഷ്‌ട്രീയ കളികളുടെ വൈകൃത മുഖങ്ങള്‍ പുറമേ കാണാന്‍ തുടങ്ങിയത്. സമാജ്‌വാദ് പാര്‍ട്ടിയെ വലവീശിപിടിക്കലും, അവിശ്വാസ പ്രമേയം വിജയിക്കാനായി കോണ്‍ഗ്രസിന്‍റെ വാഗ്ദാനങ്ങളും, മന്‍‌മോഹന്‍ സിംഗിന്‍റെ ഒറ്റയാള്‍ പോരാട്ടവും, അവിശ്വാസ പ്രമേയവും, വോട്ട് നേടാനായി കാശ് നല്‍കിയെന്ന ആരോപണവുമെല്ലാം തലസ്ഥാന നഗരിയെ ചൂട് പിടിപ്പിച്ചു. ബിജെപിയുടെ ഊറിച്ചിരിക്കലും കാലൊടിയാന്‍ കാത്ത് നില്‍ക്കുന്ന കസേരയെ സ്വപ്‌നം കണ്ടുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമൊക്കെയായി രാഷ്‌ട്രീയകലുഷിതമായ സംഭവങ്ങള്‍ വര്‍ഷാദ്യപാദത്തില്‍ സ്ഥാനം പിടിച്ചു.


അമര്‍നാഥ് പ്രശ്നം തോളിലിട്ട് രാഷ്‌ട്രീയ നാടകം തുടങ്ങിയ ബിജെപിക്ക് അടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബോംബുകള്‍ പൊട്ടി തുടങ്ങി. പ്രാദേശികവാദം ഉന്നയിച്ച് പുതിയൊരു രാഷ്‌ട്രീയ നീക്കത്തിന് അരങ്ങൊരുക്കുകയായിരുന്നു രാജ് താക്കറെ. മാലേഗാവ് സംഭവം ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുന്നതിനും ഇന്ത്യ സക്‍ഷ്യം വഹിച്ചു.

ഒറീസയിലും കര്‍ണാടകയിലും മതത്തിന്‍റെ പേരില്‍ രാഷ്‌ട്രിയത്തിന്‍റെ പിന്‍‌ബലത്തോടെ നടന്ന സമുദായ കലാപങ്ങളായിരുന്നു ഭാരതത്തെ ചൂട് പിടിപ്പിച്ച മറ്റൊരു സംഭവം. മതേതര ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് എല്ലാവരെയും ഞെട്ടിച്ചെങ്കിലും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ഈ സംഭവത്തിന്‍റെ കെട്ടടങ്ങലിനായി പ്രവര്‍ത്തിച്ചുവെന്നത് പ്രശംസനീയമായ കാര്യമാണ്.

2008ല്‍ ഒരു ഭാരതീയനും മറക്കാനാത്ത സംഭവം മുംബൈ ചാവേറാക്രമണമാണ്. ഭീകരരുമായി ഇന്ത്യന്‍ പട്ടാളക്കാര്‍ മുഖാമുഖം ഏറ്റുമുട്ടുമ്പോഴും പരസ്‌പരം പഴിചാരാനായിരുന്നു രാഷ്‌ട്രീയക്കാരുടെ മത്‌സരം. അതിന്‍റെ നൂലാമാലകള്‍ അടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി ആന്തുലേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പിന്നെയും കൊടുങ്കാറ്റായി മാറി. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി കര്‍ണാടകയില്‍ അക്കൌണ്ട് തുറക്കുകയും, ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിന്‍റെ ഹാട്രിക് വിജയഗാഥയുമെല്ലാം ഈ വര്‍ഷത്തെ രാഷ്‌ട്രീയത്തിലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളായി.

വെബ്ദുനിയ വായിക്കുക