മാര്‍ച്ച് എട്ട്. ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്ന് വരുന്നു.ആഗോളമായി സ്ത്രീകളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ നേട്ടങ്ങള്‍ മാനിക്കാന്‍ ഒരു ദിനം.പല രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നത് കേവലം ഒരു ചടങ്ങ് മാത്രമായി മാറിയിട്ടുണ്ട്. എന്നാല്‍,ചില രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ പൊരുതി നേടിയ അവകാശങ്ങള്‍ വനിതാ ദിനത്തില്‍ സ്മരിക്കപ്പെടാറുണ്ട്.
ഈ ദിനത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ എവിടെ നില്‍ക്കുന്നു എന്ന് നോക്കാം. പല മേഖലകളിലും സ്ത്രീകള്‍ വെന്നിക്കൊടി പാറിക്കുകയുണ്ടായി. മുന്‍പ് ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ വിദ്യാഭ്യാസം നേടി മുന്നേറാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ക്ക് നേട്ടം കൊയ്യാനായത്.
എന്നാല്‍,രാഷ്ട്ര നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക് എത്രത്തോളമുണ്ട് എന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രാഷ്ട്ര നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിട്ട് കാലമേറെയായി.
പാര്‍ലമെന്‍റില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അഭിപ്രായസമന്വയമുണ്ടാകാതെ പോകുകയായിരുന്നു.33 ശതമാനം സംവരണം നല്‍കുന്നതിനെ മിക്കവാറും എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കുന്നുണ്ട്.
1996 സെപ്തംബര്‍ 12നാണ് വനിതകള്‍ക്ക് പാര്‍ലമെന്‍റിലും നിയമസഭകളിലും 33.3 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതിന് ലോക്‍സഭയില്‍ അവതരിപ്പിച്ചത്.ദേവഗൌഡ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു അത്.ഇതിന് ശേഷം പല പ്രാവശ്യം ബില്‍ ലോക്‍സഭയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അഭിപ്രായ സമന്വയമുണ്ടാകാതെ പോകുകയായിരുന്നു.
ബില്‍ ഇപ്പോഴത്തെ നിലയില്‍ പാസാക്കാനായാല്‍ സ്ത്രീ ശാക്തീകരണത്തിന് അത് മുതല്‍ക്കൂട്ടാകും എന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.തദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വരെ വനിതകള്‍ക്ക് സീറ്റുകളുടെ കാര്യത്തില്‍ സംവരണം ലഭിക്കുമെന്നതിനാല്‍ പ്രയോജനമേറെയാണെന്നാണ് വാദം.
എന്നാല്‍, ഈ നിയമം നടപ്പിലായാല്‍ തങ്ങളുടെ പുരുഷന്മാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുനുണ്ട്.സംവരണം നല്‍കുന്നത് മുലം സമൂഹത്തില്‍ ഉന്നതതലത്തില്‍ ഉള്ള സ്ത്രീകളായിരിക്കും അധികാരത്തില്‍ എത്തുക എന്നും പാവങ്ങള്‍ക്ക് ഇതുമൂലം നേട്ടമുണ്ടാകുകയില്ലെന്നുമാണ് വാദം. ഇത് കൂടുതല്‍ വിവേചനത്തിന് കാരണമാകുമെന്ന് അവര്‍ പറയുന്നു.
റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദള്‍, മുലായം സിംഗിന്‍റെ സമാജ്‌വാദി പാര്‍ട്ടി എന്നിവയാണ് മുഖ്യമായും ബില്ലിനെ എതിര്‍ക്കുന്നത്.സ്ത്രീകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനെ താന്‍ അനുകൂലിക്കുമെന്ന് ലാലു പറയുന്നു.അല്ലെങ്കില്‍ ദലിതുകള്‍, പിന്നോക്ക വിഭാഗങ്ങള്‍, മുസ്ലീങ്ങള്‍ തുടങ്ങിയവര്‍ പിന്തള്ളപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നിലവില്‍ മാര്‍ച്ച് 20ന് പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ട് യു പി എ സഖ്യത്തിലുളള കക്ഷികളുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.ചര്‍ച്ചകളും വിവാദങ്ങളും ആവര്‍ത്തിക്കുമ്പോള്‍ സ്ത്രീ സംവരണം നടപ്പാകുമോ? ഏതായാലും പ്രതീക്ഷയോടെ കാത്തിരിക്കാം.