സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 77.83 ശതമാനമായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ശതമാനമായിരുന്നു ഇത്. പോളിംഗ് ശതമാനം വര്‍ദ്ധിച്ചതോടെ ഇടതു - വലതു മുന്നണികള്‍ക്കൊപ്പം ബി ജെ പിയുടെ പ്രതീക്ഷകളും വലുതായിരിക്കുകയാണ്. സംവരണത്തേരിലേറി നിരവധി വനിതകളാണ് തെരഞ്ഞെടുപ്പു ഗോദയില്‍ ഇത്തവണയും അണിനിരന്നത്. സംവരണം വന്നതുകൊണ്ടു മാത്രമാണ് സ്ത്രീകള്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതെന്ന് വിലപിക്കുന്നവര്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം പോളിംഗ് ബൂത്തുകളില്‍ എത്തിയ ചില സ്ത്രീകളെയെങ്കിലും പരിചയപ്പെടണം.
ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ രണ്ട് തിങ്കളാഴ്ചയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ നിശ്ചയിച്ചതായിരുന്നു ഇവരുടെ കല്യാണം. പക്ഷേ, കല്യാണദിവസം തെരഞ്ഞെടുപ്പു വന്നതു കൊണ്ട് തങ്ങളുടെ സമ്മതിദാനാവകാശം നഷ്‌ടപ്പെടുത്താന്‍ ആരും തയ്യാറായില്ല. നാണം കുണുങ്ങിയൊന്നുമല്ല, തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞ് വോട്ടു ചെയ്യാന്‍ മണവാട്ടിമാര്‍ എത്തിയത്. രാഷ്‌ട്രനിര്‍മ്മിതിക്കുള്ള തങ്ങളുടെ ഭരണഘടന അവകാശം വിനിയോഗിച്ചതിനു ശേഷം മാത്രമാണ് മണവാട്ടിമാര്‍ വിവാഹമണ്ഡപത്തിലേക്ക് എത്തിയത്.
ജനാധിപത്യവിശ്വാസികളായ രണ്ടു മണവാട്ടിമാര്‍ കോഴിക്കോട് നിന്നുള്ള ജിജിതയും ശ്രുതിയുമാണ്. കല്യാണവേഷത്തില്‍ അണിഞ്ഞൊരുങ്ങി തന്നെയാണ് ഇരുവരും വോട്ടു ചെയ്യുന്നതിനായി പോളിംഗ് ബൂത്തില്‍ എത്തിയത്. മുക്കം നഗരസഭയിലേക്ക് ആയിരുന്നു വിവാഹദിവസം ശ്രുതി വോട്ട് ചെയ്തത്. മുക്കം കല്ലൂര്‍ ശ്രുതിയില്‍ വിനോദ് കുമാറിന്റെ മകളാണ് ശ്രുതി. മുക്കം ഡിവിഷനിലെ താഴേക്കാട് ഗവ എല്‍ പി സ്കൂളിലെ ബൂത്തില്‍ രാവിലെ എട്ടുമണിയോടെ എത്തിയാണ് ശ്രുതി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കതിര്‍മണ്ഡപത്തിലേക്ക് കടക്കുന്നതിനു മുമ്പ് കോഴിക്കോട് ദേവഗിരി സാവിയോ ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു ജിജിതയ്ക്ക് വോട്ട്. രണ്ടാം തവണയാണ് ജിജിത തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടു ചെയ്യുക എന്നുള്ളത് തന്റെ അവകാശമാണെന്നും സമ്മതിദാനാവകാശത്തിന്റെ മൂല്യം ഉള്‍ക്കൊണ്ടാണ് വോട്ട് ചെയ്യാനെത്തിയതെന്നും ജിജിത മാധ്യമങ്ങളോട് പറഞ്ഞു. വിവാഹവേദിയില്‍ നിന്ന് നവവധുവിനെയും കൂട്ടി നേരിട്ട് പോളിംഗ് ബൂത്തിലെത്തിയ നവവരന്മാരുമുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്തില്‍ വോട്ടു ചെയ്യാനെത്തിയ ബിജോയും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍ പഞ്ചായത്തില്‍ വോട്ടു ചെയ്ത യു ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയായ സജീവനും.