Gowry Lekshmi: 'ആ മുറിവുകള്‍ ട്രോളി ചിരിക്കാനുള്ളതല്ല'; ഗൗരി ലക്ഷ്മിയെ പരിഹസിക്കുന്നവരോട്..!

Nelvin Gok

ബുധന്‍, 10 ജൂലൈ 2024 (12:41 IST)
Gowry Lekshmi / Murivu Song

Nelvin Gok / [email protected]
Gowry Lekshmi: ഗൗരി ലക്ഷ്മിയുടെ 'മുറിവ്' ആല്‍ബം ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സ് ആയി മാത്രമാണ് ആദ്യം കണ്ടത്. 'എന്റെ പേര് പെണ്ണ്, എനിക്ക് വയസ് എട്ട്' ആ വരികള്‍ മാത്രം ഉള്ളതായിരുന്നു മിക്ക റീല്‍സും. എനിക്ക് ഈ ആല്‍ബം ഒട്ടും ഇംപ്രസീവ് ആയി തോന്നിയിട്ടില്ല, ഇഷ്ടപ്പെട്ടതും ഇല്ല. 
 
പക്ഷേ ഗൗരിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ബുള്ളിയിങ് കേവലം ട്രോള്‍ രൂപത്തില്‍ ഉള്ളതൊന്നുമല്ല. തനിക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങളാണ് ഗൗരി ഈ ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുറിവിലെ വരികളെ കുറിച്ച് ഗൗരി ഒരു അഭിമുഖത്തില്‍ സംസാരിച്ചത് ഇങ്ങനെയാണ്; ' അതില്‍ എട്ട് വയസിലും 13 വയസിലും നടന്നെന്ന് പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്. ഞാന്‍ അനുഭവിച്ചത് മാത്രമാണ് പാട്ടില്‍ ചേര്‍ത്തിരിക്കുന്നത്. എട്ട് വയസില്‍ അത് സംഭവിക്കുമ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ധരിച്ച വസ്ത്രം പോലും ഇന്നെനിക്ക് ഓര്‍മയുണ്ട്. ബസില്‍ ഞാന്‍ ഇരുന്ന സീറ്റിന്റെ പിന്നില്‍ നിന്ന് എന്റെ അച്ഛനേക്കാള്‍ പ്രായമുള്ള ഒരാള്‍ എന്റെ ദേഹത്ത് പിടിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി നേരിട്ട മോശം അനുഭവമാണ് അത്. 13 വയസ്സില്‍ ബന്ധു വീട്ടില്‍ നിന്ന് ഞാന്‍ നേരിട്ട അനുഭവമാണ് പാട്ടില്‍ ഉള്ളത്,' 
 
ഒരു പെണ്‍കുട്ടി ഇങ്ങനെ പറയുമ്പോള്‍ ആല്‍ബം എത്രത്തോളം മോശമാണെങ്കിലും അതിനെ ട്രോളാന്‍ എനിക്ക് തോന്നില്ല. മറിച്ച് ആല്‍ബം മോശമാണെന്ന് ആരെങ്കിലും ആരോഗ്യകരമായ വിമര്‍ശനം ഉന്നയിച്ചാല്‍ അതില്‍ തെറ്റുമില്ല. അതിനു പകരം ഗൗരിയുടെ ആല്‍ബത്തെ ട്രോളി കൊണ്ട് ചിലര്‍ രേഖപ്പെടുത്തിയിരിക്കുന്ന കമന്റുകളുടെ രത്‌നചുരുക്കം ഇങ്ങനെയൊക്കെയാണ് 'എട്ട് വയസിലും 13 വയസിലും 22 വയസിലും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ അപ്പോള്‍ പറയണമായിരുന്നു', 'അന്ന് ഇതൊക്കെ സംഭവിക്കുമ്പോള്‍ ഫെമിനിച്ചിയുടെ വായില്‍ പഴമായിരുന്നോ', 'സെക്ഷ്വല്‍ അബ്യൂസിനെ കുറിച്ച് പറയുമ്പോള്‍ ഇടാന്‍ പറ്റിയ വസ്ത്രം തന്നെയിത്' എന്നിങ്ങനെ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളുടെ വായിച്ചാല്‍ അറയ്ക്കുന്ന കമന്റുകള്‍ പലതും കാണാം. 
 
എപ്പോഴെങ്കിലും അനുഭവിച്ച സെക്ഷ്വല്‍ അബ്യൂസ് ട്രോമയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഏത് ജെന്‍ഡറില്‍ ഉള്‍പ്പെട്ട വ്യക്തിക്കാണെങ്കിലും അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്. അത് മനസിലാക്കാന്‍ അല്‍പ്പം മനുഷ്യത്തം മാത്രം മതി. സാഹചര്യം മനസിലാക്കാതെ ട്രോളുന്നവര്‍ക്ക് ഇല്ലാതെ പോയത് ആ മനുഷ്യത്തം തന്നെയാണ്. അത്തരക്കാര്‍ ഗൗരിയുടെ ആല്‍ബത്തിനിടയ്ക്ക് വരുന്ന ഈ വരികള്‍ ഒന്ന് ഓര്‍മയില്‍ വെച്ചാല്‍ മതി, ചിലപ്പോള്‍ എന്തെങ്കിലും മാറ്റം സംഭവിച്ചേക്കാം..! 
 
' എന്തിനാണ് എന്തിനാണ് എന്നതറിയില്ലെന്നാലും 
നെഞ്ചിലാഞ്ഞു കേറി തീകൊള്ളി കൊണ്ടീ മുറിവ് 
നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ് ' 
 


പാട്ടിലെ വരികള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആല്‍ബം ഒരുതരത്തിലും ഇംപ്രസ് ചെയ്യിപ്പിക്കുന്നില്ലെങ്കിലും അതില്‍ പറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം യാഥാര്‍ഥ്യമാണ്, നിങ്ങളുടെ വീട്ടിലോ ചുറ്റുപാടിലോ ആ മുറിവുമായി നടക്കുന്നവര്‍ ഉറപ്പായും കാണും, ഞാനും നിങ്ങളും അത്തരത്തില്‍ പലരുടെയും മുറിവുകള്‍ക്ക് എപ്പോഴെങ്കിലും കാരണമായിട്ടുണ്ടാകാം, അതൊരു മാഞ്ഞിടാത്ത മുറിവായി പലരിലും അവശേഷിക്കുന്നുണ്ടാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍