‘എന്റെ ശരീരം എനിക്ക് മാത്രം സ്വന്തമാണ്‘ തെഹല്‍ക പെണ്‍കുട്ടി

തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (17:18 IST)
PTI
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗൂഢമായ നിശബ്ദത വെടിഞ്ഞ് സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്ന് തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ലൈംഗിക പീഡനത്തിനിരയായ ജൂനിയര്‍ മാധ്യമ പ്രവര്‍ത്തക. പിന്തുണയ്ക്ക് മാധ്യമങ്ങള്‍ക്ക്‌ നന്ദി പറഞ്ഞു കൊണ്ടുള്ള കത്തിലാണ് പെണ്‍കുട്ടി തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

പെണ്‍കുട്ടിയുടെ കത്ത് ചുവടെ ചേര്‍ക്കുന്നു;

കഴിഞ്ഞ രണ്ടാഴ്ചയായി എനിക്ക് ലഭിക്കുന്ന മികച്ച പിന്തുണ എനിക്ക് ധൈര്യം നല്‍കുന്നു. എന്റെ പരാതി തെരഞ്ഞെടുപ്പിന് മുമ്പായുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ദുഷ്പ്രചാരണം എന്നെ വിഷമിപ്പിക്കുന്നുണ്ട്‌ അതിനാല്‍ ഉത്കണ്ഠാകുലയുമാണ്‌. അത്തരം ദുഷ്പ്രചരണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.

സ്വന്തം ശരീരത്തിന്മേലും ജീവന് മേലും അധികാരം സ്ഥാപിക്കാനുള്ള സ്ത്രീകളുടെ പോരാട്ടം രാഷ്ട്രീയമായ ഒന്നുതന്നെയാണെങ്കിലും ഫെമിനിസ്റ്റ് രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ടവയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടുങ്ങിയ ലോകത്തെക്കാള്‍ വിശാലമാണ്. അതുകൊണ്ട് തന്നെ ലിംഗം, അധികാരം, അതിക്രമം തുടങ്ങിയവയെ കുറിച്ചുള്ള സുപ്രധാന ചര്‍ച്ച രാഷ്ട്രീയ സംവാദത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തെ തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

PTI
സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നത് അംഗീകരിക്കാന്‍ സമൂഹത്തിലെ ചിലര്‍ക്കുള്ള വിമുഖതയുടെ ഏറ്റവും പുതിയ സൂചന മാത്രമാണ് ചിലരുടെ ആജ്ഞയ്ക്കനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദവും. തേജ്പാല്‍ എന്നെ പീഡിപ്പിച്ചത് മുതലും അതിന് ശേഷവും ഞാന്‍ സ്വീകരിച്ച നടപടികളേയും അതിലെ എന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ചും കഴിഞ്ഞയാഴ്ച പ്രമുഖരായ ടിവി അവതാരകര്‍ ചോദ്യം ചെയ്യുകയുണ്ടായി.

പരാതി നല്‍കാന്‍ എനിക്ക് വേണ്ടിവന്ന കാലതാമസത്തെ കുറിച്ചും ചിലര്‍ ചോദിച്ചു. അതിജിജ്ഞാസയുള്ള ചില അവതാരകര്‍ ‘ബലാത്സംഗം’ എന്ന വാക്കിന് പകരം ‘ലൈംഗികാതിക്രമം’ എന്ന വാക്കിന്റെ ഉപയോഗത്തെ കുറിച്ചും ചോദിക്കുകയുണ്ടായി.

ചിലപ്പോള്‍ അനുകമ്പയില്ലാത്ത വിധം വേദനാജനകമായ അനുഭവമായിരിക്കും ലിംഗ വിവേചനത്തിനെതിരായ എന്റെ പോരാട്ടം. ബലാത്സംഗത്തിന്റെ ഇരയായി ഞാന്‍ സ്വയം കാണുന്നുണ്ടോ എന്നെനിക്കറിയില്ല, എന്റെ സഹപ്രവര്‍ത്തകര്‍രും സുഹൃത്തുക്കള്‍ക്കും പിന്തുണക്കുന്നവര്‍ക്കും വിമര്‍ശകര്‍ക്കും എന്നെ അങ്ങനെ കാണാം.

ഇരയല്ല കുറ്റകൃത്യത്തെ തരംതിരിക്കേണ്ടത്, മറിച്ച് നിയമമാണ്. ഈ കേസില്‍ നിയമം വ്യക്തമാണ്. തേജ്പാല്‍ എന്നോട് ചെയ്തത് നിയമപരാമായി ബലാത്സംഗത്തിന്റെ ഗണത്തില്‍ പെടുന്നതാണ്. ബലാത്സംഗത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തിയ പുതിയ നിയമം ഇന്ന് നമുക്കുണ്ട്. എന്തിനാണോ നാം പോരാടിയത് അതിന് വേണ്ടി നാം നിലകൊള്ളണം. കാമത്തിനോ ലൈംഗികതയ്‌ക്കോ അതീതമായി ബലാത്സംഗം എങ്ങനെയാണ് അധികാരവും കുത്തകാവകാശവുമാകുന്നത് എന്നതിനെ കുറിച്ച് നാം പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്.

PTI
അപ്രശസ്തരായവര്‍ക്ക് മാത്രമല്ല പ്രശസ്തരും ഉന്നതരും സമ്പന്നരുമായ എല്ലാവര്‍ക്കും പുതിയ നിയമം ബാധകമാകണം. ഈ കേസില്‍ ചിലരുടെ പ്രതികരണങ്ങള്‍ പോലെ, സംരക്ഷകരുടെ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന പീഡനം ഏത് തീവ്ര ഫെമിനിസ്റ്റിനു പോലും കടുത്ത വെല്ലുവിളിയാണ്.

തേജ്പാലിനെ പോലെ അളവറ്റ വരുമാനമുള്ളയാളല്ല ഞാന്‍. എന്റെ അമ്മയുടെ ഏക വരുമാനം കൊണ്ടാണ് ഞാന്‍ വളര്‍ന്നത്. കുറെ വര്‍ഷങ്ങളായി എന്റെ അഛന്റെ ആരോഗ്യം വളരെ മോശമായ നിലയിലാണ്. തേജ്പാലിനെ പോലെ തന്റെ സ്വത്തും സ്വാധീനവും അധികാരവും സംരക്ഷിക്കാനല്ല ഞാന്‍ പോരാടുന്നത്.

മറിച്ച് എന്റെ സത്യനിഷ്ഠയ്ക്കും എന്റെ ശരീരം എനിക്ക് മാത്രം സ്വന്തമാണെന്നും തൊഴിലുടമയുടെ കളിപ്പാട്ടമല്ലെന്നുമുള്ള അവകാശം സ്ഥാപിക്കാനും മാത്രമാണ് ഞാന്‍ പോരാടുന്നത്. പരാതി നല്‍കിയതു കൊണ്ട് എനിക്ക് നഷ്ടമായത് കേവലം ഞാന്‍ ഇഷ്ടപ്പെട്ട ഒരു ജോലി മാത്രമല്ല. സാമ്പത്തിക ഭദ്രതയും ശമ്പളം നല്‍കുന്ന സ്വാതന്ത്ര്യവുമാണ്. വ്യക്തിപരമായ കടന്നു കയറ്റങ്ങള്‍ക്ക് ഞാന്‍ സ്വയം തുറന്നു കൊടുത്തിരിക്കുകയാണ്. ഇതൊരു ആയാസകരമായ പോരാട്ടമായിരിക്കില്ല.

PTI
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗൂഢമായ നിശബ്ദത വെടിഞ്ഞ് സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നാണ് എന്റെ ജീവിതത്തിലും എഴുത്തിലും ഞാനെപ്പോഴും ആവശ്യപ്പെടുന്നത്. ഇരകള്‍ക്ക് നേരിടേണ്ടിവന്ന അസംഖ്യം ദുരിതങ്ങള്‍ ബലപ്പെടുത്തുന്ന പ്രതിസന്ധി മാത്രമാണിത്. ആദ്യം നമ്മുടെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. പിന്നെ നമ്മുടെ ഉദേശ്യത്തെയും. അവസാനം നമ്മുടെ ശക്തി നമുക്കെതിരെതന്നെ തിരിയുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ഞങ്ങളുടെ തൊഴിലിന്റെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് അവകാശപ്പെട്ട് രാഷ്ട്രീയക്കാരന് പ്രസ്താവന ഇറക്കും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍ ഇര എന്തുകൊണ്ടാണിപ്പോഴും ‘സമനില’യില്‍ തുടരുന്നതെന്നും ചോദ്യമുയരും. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മൗനം പാലിച്ചാല്‍ എനിക്ക് എന്നെതന്നെയോ ശക്തരായ സ്ത്രീകളാല്‍ രൂപം നല്‍കിയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെയോ അഭിമുഖീകരിക്കാനാവില്ല.

അവസാനമായി, ഈ പ്രശ്‌നം തെഹല്‍ക്ക എന്ന സ്ഥാപനത്തെ ബാധിച്ചതില്‍ ഒരു കൂട്ടം പുരുഷാധിപതികള്‍ ദുഖം പ്രകടിപ്പിച്ചു. മാഗസിന്റെ ചീഫ് എഡിറ്ററുടെ സ്വഭാവദൂഷ്യത്തിന്റെ കാരണത്താലാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അല്ലാതെ അതിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലല്ലെന്നും ഞാനവരെ ഓര്‍മിപ്പിക്കുന്നു.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി

വെബ്ദുനിയ വായിക്കുക