സ്ത്രീശക്തി ഉണര്‍ന്നു, ലോകമാകെ ‘വണ്‍ ബില്യണ്‍ റൈസിംഗ്’ !

വ്യാഴം, 14 ഫെബ്രുവരി 2013 (21:24 IST)
PRO
ലോകമാകെ സ്ത്രീശക്തി ഒരേദിനം പ്രതിഷേധസ്വരം ഉയര്‍ത്തി ഒരു വാനത്തിന്‍ കീഴില്‍ ഒരുമിച്ചു. സന്ധ്യയുടെ ചുവപ്പ് ആകാശത്തിനുമേല്‍ നിഴല്‍ വീഴ്ത്തുമ്പോഴും പാടിയും നൃത്തം ചവിട്ടിയും അതിക്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. 200 രാജ്യങ്ങളിലായി ആയിരം കോടി സ്ത്രീകള്‍. അവര്‍ ഇനി ഒരുമിച്ചാണ്, ഒരാണിന്‍റെയും തെറ്റായ നോട്ടം പോലും സഹിക്കില്ല - ഇതവരുടെ പ്രതിജ്ഞയാണ്. കേവലം മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ‘സ്ട്രൈക്ക്‌ ഡാന്‍സ്‌ റൈസ്’ എന്ന മുദ്രാവാക്യവുമായി ഈവ് എന്‍സ്ലെര്‍ എന്ന വനിത മുന്നോട്ട് വന്നിട്ട്. പക്ഷേ ആശയത്തെ മുറുകെ പിടിച്ച് ലക്ഷങ്ങള്‍ ഈവിനൊപ്പം തെരുവിലിറങ്ങി, ഇനി ഒരു ചൂഷണത്തിനും നിന്നു കൊടുക്കില്ലെന്ന മുദ്രാവാക്യത്തോടെ. പ്രണയദിനത്തില്‍ ഡല്‍ഹിയിലും ഇങ്ങ് തിരുവനന്തപുരത്തുമൊക്കെ ആയിരക്കണക്കിന് സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തി ഒന്നിച്ചു.

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ്‌ ഈവ്‌ എന്‍സ്ലര്‍ വണ്‍ ബില്യണ്‍ റൈസിംഗുമായി മുന്നോട്ട്‌ വന്നത്‌. ഇന്ത്യയില്‍ ആ ആശയത്തിന്‌ കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ ദല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തം വേണ്ടിവന്നുവെന്നത് ദു:ഖസത്യം. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വനിതകള്‍ വണ്‍ ബില്യണ്‍ റൈസിംഗിനൊപ്പം അണിചേര്‍ന്നത്. പരിപാടിയോട് അനുബന്ധിച്ച് ഘോഷയാത്രയും നടന്നു. രാജ്യത്ത് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ വിപുലമായ പരിപാടികള്‍ നടന്നു.
PRO


ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഈവ്‌ എന്‍സ്ലറാണ് ഈ കൂട്ടായ്മയുടെ സംഘാടക. രാഷ്ട്രീയ സാമൂഹിക വ്യത്യാസമില്ലാതെയുള്ള സ്ത്രീസംഘടനകളുടെ കലാകൂട്ടായ്മയാണ്‌ വണ്‍ ബില്യണ്‍ റൈസിംഗ്‌. ശക്തിയുടെ ലോകത്തേക്ക് സ്ത്രീയുടെ തിരിച്ചുവരവിന്റെ ആദ്യപടിയാണ് പ്രതിഷേധമെന്ന് സംഘാടകര്‍ പറയുന്നു‍. ഈ ആശയത്തിനു പിന്നാലെയാണ് ഇന്നു ലോകരാഷ്ടങ്ങള്‍.

27000ത്തിലധികം പ്രമുഖരും ആറ് കോടിയിലധികം ജനങ്ങളും പതിമൂവായിരം സംഘടനകളും തുടക്കത്തില്‍ത്തന്നെ വണ്‍ ബില്യണ്‍ റൈസിംഗിന്‌ പിന്തുണയുമായി മുന്നോട്ട്‌ വന്നു. ‘ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം’ എന്ന പേരില്‍ ലോകവ്യാപകമായി സ്ത്രീ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ ചലച്ചിത്രങ്ങളും ഇവര്‍ പ്രദര്‍ശിപ്പിക്കുന്നു.
PRO


ആംനെസ്റ്റി ഇന്റര്‍ നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ്‌ കാമ്പയിന്‍‍, ഇന്‍ര്‍നാഷണല്‍ റെസ്ക്യൂ കമ്മറ്റി തുടങ്ങിയ പ്രമുഖ സംഘടനകളും ദലൈലാമ ഉള്‍പ്പെടെയുള്ള ആധ്യാത്മിക ആചാര്യന്‍മാരുടെ പിന്തുണയും സംരംഭത്തിനുണ്ട്‌.

സ്ത്രീയ്ക്ക് മുന്നില്‍ ഏതു മഹാശക്തിയും കീഴടങ്ങുമെന്ന് ലോകത്തെ പഠിപ്പിച്ചത് ഭാരതമാണ്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെന്താണ്? ഈ അവസ്ഥയ്ക്ക് മാ‍റ്റമുണ്ടാകണം, അതാണ് വണ്‍ ബില്യണ്‍ റൈസിംഗില്‍ ഉയര്‍ന്നു കേട്ടതും. അതേ, രാജ്യത്തെ സ്ത്രീ ശക്തി ഒന്നാകുകയാണ്, ഒരാകാശത്തിനു കീഴില്‍.

വെബ്ദുനിയ വായിക്കുക