നൃത്തം ഇഷ്‌ടപ്പെടുന്ന ഒരുപാടു പേരെ പ്രതീക്ഷിച്ച് ശോഭന ‘കലാര്‍പ്പണ’യുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. തന്‍റെ ചലച്ചിത്ര ജീവിതത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, ജീവിതവ്രതമായ നൃത്തത്തോടൊപ്പമാണ് ശോഭനയുടെ മനസും ശരീരവും.
1984 ല്‍ ‘ഏപ്രില്‍ 18’ലൂടെ അഭിനയ ജീവിതത്തിന് കൊളുത്തിയ തിരി 2009ല്‍ തന്‍റെ നാല്പത്തിമൂന്നാം വയസ്സില്‍ 25 വര്‍ഷം പിന്നിട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലെത്തി നില്‍ക്കുമ്പോഴും ഈ അഭിനേത്രിയുടെ മനസ് നൃത്തത്തില്‍ അര്‍പ്പിച്ചിരിക്കുകയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയില്‍ തുടങ്ങിയ നൃത്താഭ്യാസം ഇപ്പോള്‍ ‘കലാര്‍പ്പണ’യില്‍ നൃത്തം അഭ്യസിപ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.
ലളിത, പദ്മിനി, രാഗിണിമാരുടെ ഈ പിന്‍ഗാമി നൃത്തത്തിന്‍റെ വഴിയില്‍ ജീവിതം ഉഴിഞ്ഞുവെച്ചതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. അഭിനയ ജീവിതത്തില്‍ നിരവധി അംഗീകാരങ്ങളും, അവാര്‍ഡുകളും ശോഭനയെ തേടിയെത്തിയിട്ടുണ്ട്. 1994 ല്‍ ഫാസലിന്‍റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. നടി രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2002ല്‍ ശോഭനയ്ക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡും ലഭിച്ചു. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പദ്മശ്രീ പട്ടം നല്‍കി ആദരിച്ചു.
PTI
PTI
എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ സൌന്ദര്യ റാണിയായിരുന്നു ശോഭന. നൃത്തപാടവവും, സൌന്ദര്യവും അഭിനയചാതുരിയും ചലച്ചിത്രലോകത്ത് ഇവര്‍ക്ക് സ്വന്തമായ ഇരിപ്പിടം നേടിക്കൊടുത്തു. ശോഭന അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവര്‍ക്ക് പ്രേക്ഷക മനസ്സില്‍ സ്നേഹം നിറഞ്ഞ ഒരു ഇടം നല്‍കി.
ടി പി ബാലഗോപാലന്‍ എം എ, കുഞ്ഞാറ്റക്കിളികള്‍, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, തേന്‍മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, പവിത്രം, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം,ധ്വനി, അപരന്‍, ഇന്നലെ, കണ്‍കെട്ട്, മേലേപ്പറമ്പില്‍ ആണ്‍വീട്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, കാണാമറയത്ത്, യാത്ര, അനന്തരം, വിചാരണ, മുക്തി, ചരിത്രം, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, വിഷ്ണു, മഴയെത്തും മുന്‍പേ, ഹിറ്റ്ലര്‍, കളിയൂഞ്ഞാല്, വല്യേട്ടന്‍ തുടങ്ങിയവയാണ് ശോഭനയുടെ പ്രധാന ചിത്രങ്ങള്‍.
സിനിമയ്ക്കും നൃത്തത്തിനും വേണ്ടി വിവാഹത്തെ പോലും ശോഭന മാറ്റിനിര്‍ത്തി. ഇപ്പോള്‍, നൃത്തവേദിയിലേക്ക് ചുവടുവെച്ചെത്തുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കാനും, ഭരതനാട്യത്തെ പോഷിപ്പികാനുമായി ശോഭന നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
‘മായാരാവണന്‍’ എന്ന നൃത്തശില്പത്തിലൂടെ നൃത്തത്തിന്‍റെ പുതിയ സാധ്യതകളാണ് ശോഭന കണ്ടെത്തിയത്. ‘മായാരാവണന്‍’ വന്‍വിജയമായതോടെ ശോഭന അടുത്ത പ്രൊജക്ടിലേക്ക് കടന്നു. ‘കൃഷ്ണ’ എന്നാണ് ശോഭനയുടെ പുതിയ പദ്ധതിയുടെ പേര്. അതിന്‍റെ ഗവേഷണത്തിന്‍റെയും ചിട്ടപ്പെടുത്തലുകളുടെയും തിരക്കിലാണ് ഈ സ്വപ്നസുന്ദരി.