വിവാഹിതരായ സ്ത്രീകള്‍ സീതയെ മാതൃകയാക്കണം: ഹൈക്കോടതി

വ്യാഴം, 10 മെയ് 2012 (15:36 IST)
PRO
വിവാഹിതരായ സ്ത്രീകള്‍ രാമായണത്തിലെ സീതയെപ്പോലെയാകണമെന്ന് ബോംബെ ഹൈക്കോടതി. വനവാസത്തിന് പുറപ്പെട്ട ശ്രീരാമനെ നിശബ്ദം പിന്തുടര്‍ന്നവളാണ് സീതയെന്നും വിവാഹിതരായ സ്ത്രീകള്‍ ആ രീതി സ്വീകരിക്കണമെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സ്ഥലംമാറ്റം കിട്ടി പുതിയ സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന ഭര്‍ത്താവിന്‍റെ ഒപ്പം പോകാന്‍ ഭാര്യ വിസമ്മതിച്ചതാണ് വിവാഹമോചനക്കേസ് വരെയെത്തി നില്‍ക്കുന്നത്. ഭര്‍ത്താവാണ് തനിക്ക് വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

“എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവായ ശ്രീരാമനൊപ്പം വനവാസത്തിന് പോയവളാണ് സീത. 14 വര്‍ഷം രാമനൊപ്പം കൊടും വനത്തില്‍ സീത കഴിയുകയും ചെയ്തു. ഒരു ഭാര്യ അങ്ങനെ ആയിരിക്കണം” - ജസ്റ്റിസ് പി ബി മജ്മുദര്‍, ജസ്റ്റിസ് അനൂപ് മൊഹ്‌ത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലിക്കാരനായ ആളാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന് പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. എന്നാല്‍ ഇദ്ദേഹത്തിനൊപ്പം പോര്‍ട്ട് ബ്ലെയറിലേക്ക് പോകാന്‍ ഭാര്യ വിസമ്മതിക്കുകയായിരുന്നു.

2000ലാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവ് കൊല്‍ക്കത്തക്കാരനും ഭാര്യ മുംബൈ സ്വദേശിനിയുമാണ്. വിവാഹത്തിന് ശേഷമുള്ള അഞ്ചുവര്‍ഷം ഇവര്‍ മുംബൈയില്‍ തന്നെ താമസിച്ചു. എന്നാല്‍ പോര്‍ട്ട് ബ്ലെയറിലേക്ക് ഭര്‍ത്താവിന് സ്ഥലംമാറ്റം കിട്ടിയതോടെ ഭാര്യ ഒപ്പം പോകാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. ഇവര്‍ക്ക് ഒമ്പത് വയസ് പ്രായമുള്ള മകളുണ്ട്.

കുട്ടിയുടെ ഭാവി ഓര്‍ത്തെങ്കിലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ജീവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തന്‍റെ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഭര്‍ത്താവ് അറിയിച്ചിട്ടുണ്ട്. കേസ് ജൂണ്‍ 21ലേക്ക് മാറ്റിവച്ചു.

ചിത്രത്തിന് കടപ്പാട് - കൃഷ്ണാസ്മേഴ്സി ഡോട്ട് ഓ ആര്‍ ജി

വെബ്ദുനിയ വായിക്കുക