അരുണിമയെ ഓര്‍മ്മയില്ലെ? നമ്മുടെ മുന്‍ ദേശീയ വോളിബോള്‍ താരം, കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്നു വീണു ഒരു കാല്‍ നഷ്ടപ്പെട്ട അരുണിമ സിന്‍ഹ. ആ അരുണിമ ഒറ്റക്കാലില്‍ എവറസ്റ്റ് കീഴടക്കി നിശ്ചയദാര്‍ഢ്യത്തിന്റെ എവറസ്റ്റായി നമുക്കു മുന്നില്‍ നില്‍ക്കുന്നു.
ഈ നേട്ടത്തില്‍ നമുക്കും അഭിമാനിക്കാം. ഒറ്റക്കാലില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അരുണിമ. 2011-ലാണ് അരുണിമയെ വീഴ്‌ത്തിയ അപകടം നടന്നത്. അരുണിമക്ക് എവറസ്റ്റ് കീഴടക്കാന്‍ മനകരുത്തുപകര്‍ന്നത് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ജെംഗോ ടാബിയായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഇക്കോ എവറസ്റ്റ് ടീമിലെ അംഗമായാണ് 8,848 അടി ഉയരത്തില്‍ ലോകത്തിന്റെ നിറുകയിലെത്തിയത്.
2011- ല്‍ 61 വയസുള്ള റോണ്ട ഗ്രഹാം എന്ന അമേരിക്കക്കാരി ഒരു കാലില്ലാതെ എവറസ്റ്റ് കീഴടക്കിയത് അറിഞ്ഞപ്പോള്‍ തനിക്കും അതു സാധിക്കുമെന്നു തോന്നി. അപകടത്തില്‍പ്പെട്ടു കിടക്കുമ്പോള്‍, ജീവിതത്തില്‍ ഇനി എന്തു ചെയ്യും എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അരുണിമ പറഞ്ഞു.