മുംബൈയിലെ വസായില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആലപ്പുഴ നഴ്സ് റോസമ്മ ആന്റണിയുടെ (ബീന-42) കൊലപാതകം വ്യക്തമായി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ പരിചയക്കാര്‍ ആരെങ്കിലും തന്നെയായിരിക്കാം കൃത്യം നടത്തിയതെന്നാണ് നിഗമനം.
റോസമ്മയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
റോസമ്മ ജോലി ചെയ്ത ആശുപത്രിയുടെ ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്. എന്നാല്‍ റോസമ്മയ്ക്ക് ശത്രുക്കള്‍ ഉള്ളതായി ഇതുവരെ സൂചനകളൊന്നും വിവരം ലഭിച്ചിട്ടില്ല. മുംബൈയിലെ ഫ്ലാറ്റില്‍ റോസമ്മയും മകനും മാത്രമാണ് താമസം. ഭര്‍ത്താവ് ഗള്‍ഫിലാണ്. പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ എവിന്‍ സ്കൂളില്‍ പോയശേഷമാണ് കൊല നടന്നിരിക്കുന്നത്. പ്രധാന വാതിലിന് പുറമെ സുരക്ഷാ വാതിലുകളും ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിനുണ്ട്. പരിചയക്കാര്‍ വന്നാലാണ് ഇത് സാധാരണ തുറക്കാറുളളത്. കൊല നടന്ന ദിവസം വീട്ടില്‍ അതിഥികള്‍ ആരോ എത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ചായ ഗ്ലാസുകളും ബിസ്കറ്റും മേശപ്പുറത്ത് കണ്ടെത്തിയിരുന്നു.
രക്തക്കറയും വിരലടയാളങ്ങളും ലോഷന്‍ ഉപയോഗിച്ച് കഴുകിക്കളയാന്‍ കൊലയാളി ശ്രമിച്ചതായും പൊലീസിന് വ്യക്തമായിട്ടുണ്ട്.
16 വര്‍ഷമായി വസായ് ഗോള്‍ഡന്‍ പാര്‍ക്ക് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു റോസമ്മ.