മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി അഭിനയിച്ച പോക്കിരിരാജ എന്ന സിനിമ തമിഴില്‍ ഡബുചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ നടി ശ്രേയാ സരണ്‍ നല്‍കിയ പരാതി പിന്‍വലിക്കപ്പെട്ടു. പോക്കിരിരാജ തമിഴില്‍ റിലീസ് ചെയ്യുന്ന മലേഷ്യാ പാണ്ഡ്യനുമായി ശ്രേയയുടെ പിതാവ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. ചിത്രം അന്യഭാഷകളിലേക്ക് ഡബ് ചെയ്ത് പ്രദര്‍ശിപ്പിയ്ക്കുന്നത് താനുമായുള്ള കരാറിന്റെ ലംഘനമാണ് എന്നായിരുന്നു നടിയുടെ പരാതി.
പോക്കിരിരാജ തമിഴില്‍ റിലീസ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിനാണ് ശ്രേയ പരാതി നല്‍കിയിരുന്നത്. പോക്കിരിരാജയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനെതിരെയും ശ്രേയ പരാതി നല്‍കിയിരുന്നു. എന്തായാലും, മലേഷ്യാ പാണ്ഡ്യന്‍ ഒരുവിധേനെ ശ്രേയയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി എന്നാണ് അറിയുന്നത്.
താന്‍ കാരണം നിര്‍മാതാവിന് നഷ്ടം ഉണ്ടാകരുത് എന്ന് കരുതി പരാതി പിന്‍വലിക്കുന്നു എന്നാണെത്രെ നടികര്‍ സംഘത്തെ ശ്രേയയിപ്പോള്‍ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി അഭിനയിച്ച പോക്കിരി രാജ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയിരുന്നു. ശ്രീയയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്.
മാര്‍ച്ച് മാസം അവസാനം പോക്കിരിരാജ തമിഴ് സംസാരിക്കും എന്ന് മലേഷ്യാ പാണ്ഡ്യന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായെത്തുന്ന പോക്കിരിരാജ തമിഴകത്തിലും പണംവാരിപ്പടമാകുമോ വിജയമാകുമോ എന്ന് അടുത്ത ദിവസങ്ങളില്‍ അറിയാം.