ഇനി അല്‍പം ‘മൂക്കുത്തി’ക്കാര്യം

Webdunia
ചൊവ്വ, 7 ജൂലൈ 2009 (20:30 IST)
IFMIFM
മൂക്കുത്തി ഫാഷനായിട്ട് കാലം കുറച്ചായി. പക്ഷേ, മൂക്ക് കുത്തിയതിന്‍റെ പേരില്‍ ഒരാളുടെ ജോലി പോകുകയാണെങ്കിലോ? എന്തേ, മുക്കത്ത് വിരല്‍ വച്ചു പോയോ? എങ്കില്‍ അത് വേഗമെടുത്തേരെ. കാരണം മൂക്കു കുത്തിയത് ഹിന്ദുത്വത്തിന്‍റെ അടയാളമാണെന്ന് പറഞ്ഞാണ് രണ്ടുവര്‍ഷം മുമ്പ് ഒരു ഇന്ത്യക്കാരിക്ക് ഹീത്രൂ വിമാനത്താവളത്തില്‍ വച്ച് ജോലി പോയത്. പക്ഷേ, വിവാദങ്ങളെ ആരും പേടിച്ചില്ല. കൂടുതല്‍ പകിട്ടോടെയും, തനിമയോടെയും മൂക്കുത്തി എടുത്തങ്ങ് മൂക്കില്‍ ചാര്‍ത്തി.

ആദ്യമൊക്കെ ഒരു ചെറിയ സ്റ്റഡ് മാത്രമായിരുന്നു മൂക്കുത്തിയായി ഉണ്ടായിരുന്നത്. സ്വര്‍ണത്തിലും, വെള്ളിയിലുമായി മൂക്കുത്തികള്‍ കളം പിടിച്ചു. പിന്നീട് ഇങ്ങോട്ട് റിങ്ങായും, മുത്തുകള്‍ പിടിപ്പിച്ചവയായും ഒരു ബഹളമായിരുന്നു ‘മൂക്കുത്തി’ മേഖലയില്‍. എന്നാല്‍, ഇന്ന് അമ്പത് രൂപ കൊടുത്താല്‍ ലഭിക്കുന്ന ഒട്ടിക്കുന്ന മൂക്കുത്തികള്‍ മുതല്‍ ‘ഡയമണ്ട്’ തിളക്കവുമായി എത്തുന്ന കോടികള്‍ വിലമതിക്കുന്ന മൂക്കുത്തികളുമുണ്ട്.

കാലം മാറിയപ്പോള്‍ ഫാഷന്‍റെ കോലവും മാറിയല്ലോ? മൂക്കിന്‍റെ ഏതെങ്കിലും ഒരു വശത്ത് കുത്തേണ്ട മൂക്കുത്തി ഇരുവശത്തും കുത്തിയിടാറുണ്ട്. എന്നാലും, ദക്ഷിണേന്ത്യയിലെ സ്‌ത്രീകള്‍ മൂക്കിന്‍റെ വലതുഭാഗത്തും, ഉത്തരേന്ത്യന്‍ സ്ത്രീകള്‍ മൂക്കിന്‍റെ ഇടതുഭാഗത്തും മൂക്കുത്തി ധരിക്കുന്നവരാണത്രേ. പക്ഷേ, ഇപ്പോള്‍ ഓരോരുത്തരും അവരുടെ ഇഷ്‌ടത്തിനും, താല്പര്യത്തിനും അനുസരിച്ചാണ് മൂക്കു കുത്താറ്.

മൂക്കുകുത്തിയില്ലെങ്കിലും ഇനി കുഴപ്പമില്ല. കാരണം, തല്‍ക്കാലത്തേക്ക് മാത്രമായി ഒട്ടിച്ചു വയ്ക്കാവുന്ന ‘അടിപൊളി മൂക്കുത്തി’കള്‍ ഇന്ന് ലഭ്യമാണ്. ധരിക്കുന്ന വസ്ത്രത്തിന്‍റെ നിറവും, തരവും അനുസരിച്ച് ഇഷ്‌ടമുള്ള നിറത്തിലും, രൂ‍പത്തിലും ഉള്ള മൂക്കുത്തികള്‍ ധരിക്കാവുന്നതാണ്. ഇനി, ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് ഏത് മൂക്കുത്തി തിരഞ്ഞെടുക്കണമെന്ന് ‘കണ്‍ഫ്യൂഷന്‍‘ ഉള്ളവരാണോ നിങ്ങള്‍. സാരമില്ല, ഒരു ചെറിയ മൂക്കുത്തി ‘സ്റ്റഡി ക്ലാസ്’ ഇന്നാ പിടിച്ചോ.

മാറിപ്പോയ വസ്ത്രശീലങ്ങളില്‍ യുവത്വത്തിന് ഇന്ന് പ്രിയപ്പെട്ടത് ജീന്‍സും, ടോപ്പുമാണ്. ജീന്‍സിന് പൊതുവേ ചേരുന്നത് ‘നോസ് സ്റ്റഡ്’ ആണ്. കൂടുതല്‍ ഫാഷനബിളാകാന്‍ ജീന്‍സിനൊപ്പം ചെറിയ വെള്ളി വളയങ്ങള്‍ ധരിക്കുന്നത് ചേരും. കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിക്കുമ്പോള്‍ ഈ ഫാഷന്‍ അഭികാമ്യമാണ്.

ഇനി അമ്മാവന്‍റെ മകളുടെ കല്യാണത്തിനു പോകുമ്പോള്‍ ഏത് മൂക്കുത്തി ധരിക്കണമെന്നാണോ കണ്‍ഫ്യൂഷന്‍? ആ ലാച്ചയ്ക്കൊപ്പം ഇണങ്ങുന്നത് അല്പം ‘ഗ്രാന്‍റ്’ ഭാവമുള്ള ചെറിയ മുത്തുകള്‍ ഇളകി കളിക്കുന്ന മൂക്കുത്തി തന്നെ. ധരിക്കുന്ന വസ്ത്രത്തിന്‍റെ നിറമുള്ള മൂക്കുത്തികള്‍ ഇങ്ങനെയുള്ള സമയങ്ങളില്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

വ്യത്യസ്ത വസ്ത്രങ്ങള്‍ക്കൊപ്പം വ്യത്യസ്‌തമായ മൂക്കുത്തി തേടി അലയാന്‍ നേരമില്ലാത്തവരാണോ നിങ്ങള്‍? എങ്കില്‍, കല്ല് പതിപ്പിച്ച ഒരു മൂക്കുത്തി വാങ്ങി നിങ്ങളുടെ ആഭരണപ്പെട്ടിയില്‍ സൂക്ഷിക്കുക. ആകെ ഉള്ള ഒരു മൂക്കുത്തി അല്പം ‘ഗ്രാന്‍റ്’ ആകണമെന്നുള്ളവര്‍ കല്ലിനു പകരം, ‘വജ്രം’ പതിപ്പിച്ച മൂക്കുത്തി വാങ്ങുക. മുഖവും, മൂക്കുത്തിയും ഇനി കൂടുതല്‍ തിളങ്ങട്ടെ.