മലയാള മനസ്സില്‍ കൊന്നപ്പൂക്കാലം

WD
മേട വിഷു...കമല നേത്രനെ കണികണ്ട് ഐശ്വര്യ സമൃദ്ധമായ ഒരു പുതുവര്‍ഷത്തിലേക്ക് കണ്ണ് തുറക്കുന്ന ദിവസം. തിരിയിട്ട വിളക്കില്‍ നിന്ന് ഉതിരുന്ന പ്രകാശത്തില്‍, കൊന്നപ്പൂവണിഞ്ഞ കണ്ണന്‍റെ പൊന്‍ മുഖം കണികണ്ട് ഈ വിഷുവിനെ വരവേല്‍ക്കാം.

വിഷുവിനെ സംബന്ധിച്ച ഐതിഹ്യ

നരകാസുരന്‍ ശക്തനും അത്യന്തം അഹങ്കാരിയുമായിരുന്നു. അസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ജനങ്ങള്‍ ദ്വാരകയിലെത്തി കൃഷ്ണനോട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് നരാകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.

ഗരുഢാരൂഡനായി നഗം മുഴുവന്‍ ചുറ്റിക്കണ്ട ശേഷം ശ്രീകൃഷ്ണന്‍ നരകാസുരന്‍റെ സൈന്യവുമായി യുദ്ധം തുടങ്ങി. പ്ത്നി സത്യഭാമയും കൃഷ്ണന്‍റെ സഹായത്തിനുണ്ടായിരുന്നു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ തുടങ്ങിയ കരുത്തരായ അസുരന്‍മാരെയെല്ലാം അവര്‍ വധിച്ചു.

ഒടുവില്‍ നരകാസുരന്‍ നേരിട്ട് ശ്രീകൃഷ്ണനുമായി യുദ്ധത്തിനെത്തി. അത്യുഗ്രമായ യുദ്ധമാണ് ഇരുവരും തമ്മില്‍ നടന്നത്. എങ്കിലും അവസാനം കൃഷ്ണന്‍ നരകാസുരനെ വധിച്ചു. ഒരു വസന്ത കാലാരംഭത്തിലാണ് നരകാസുരന്‍റെ ഉപദ്രവം കൃഷ്ണന്‍ ഇല്ലാതാക്കിയത്. ഈ ദിവസമാണത്രെ വിഷുവായി ആഘോഷിക്കപ്പെടുന്നത്.

വിഷുവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. കൊട്ടാരത്തിലേക്ക് അധികം വെയിലെത്തിയതില്‍ കോപിച്ച രാവണന്‍ സൂര്യനെ ഇടയ്ക്കിടയ്ക്ക് ഉപദ്രവിച്ചുകൊണ്ടിരുന്നു. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിക്കാന്‍ കഴിഞ്ഞുള്ളത്രെ. രാവണ നിഗ്രഹത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് ജനങ്ങള്‍ വിഷു ആഘോഷിക്കുന്നതെന്നും കഥകളുണ്ട്. ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണത്രെ വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത്.

WDWD
കൊന്നപ്പൂവിന്‍റെ ചരിത്ര

വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലൊ കൊന്നപ്പൂവ്. സ്വര്‍ണ്ണ നിറം പൂശി കുണുങ്ങി നില്‍ക്കുന്ന ഈ പൂക്കള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? എന്നാല്‍ ഈ കൊന്നപ്പൂവിനുമുണ്ട് ഒരു കഥ പറയാന്‍. അതെന്താണെന്നറിയണ്ടെ?

ഒരിടത്ത് ഒരു ബ്രാഹ്മണ ഉണ്ണിയുണ്ടായിരുന്നു. അമ്മ എല്ലാ ദിവസവും ഉണ്ണിക്ക് അമ്പാടിയിലെ ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊടുക്കും. ഈ കഥകള്‍ കേട്ട ഉണ്ണിക്ക് കണ്ണനെ കാണാന്‍ കലശലായ ആഗ്രഹം തോന്നി. എന്നും തൊട്ടടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെന്ന് ഉണ്ണി കണ്ണനെ വിളിക്കും. എന്നും തന്നെ വിളിക്കുന്ന ഉണ്ണിയുടെ കാര്യമോര്‍ത്തപ്പോള്‍ ശ്രീകൃഷ്ണന്‍റെ മനസ്സലിഞ്ഞു.

ഒരു ദിവസം ശ്രീകൃഷ്ണന്‍ അമ്പാടി കണ്ണന്‍റെ വേഷത്തില്‍ ഉണ്ണിയുടെ മുമ്പില്‍ പ്രത്യേക്ഷപ്പെട്ടു. ഉണ്ണി ഓടിവന്ന് കണ്ണനെ കെട്ടിപ്പിടിച്ചു. ഉണ്ണിയുടെ നിഷ്കളങ്കമായ സ്നേഹത്തില്‍ സന്തോഷവാനായ കണ്ണന്‍ തന്‍റെ അരയിലുണ്ടായിരുന്ന അരഞ്ഞാണം ഊരിയെടുത്ത് ഉണ്ണിക്ക് നല്‍കി. ശ്രീകൃഷ്ണന്‍ അപ്രത്യക്ഷനായതോടെ ഉണ്ണി അരഞ്ഞാണവുമായി വീട്ടിലേക്ക് പോയി.

പിറ്റേ ദിവസം പൂജാരി ക്ഷേത്രനട തുറന്നപ്പോള്‍ വിഗ്രഹത്തിലെ പൊന്നരഞ്ഞാണം കാണാനില്ല. കൃഷ്ണ വിഗ്രഹത്തിലെ മാല മോഷണം പോയ കാര്യം നാട്ടിലാകെ പാട്ടായി. അതിനിടെ ചിലര്‍ ഈ അരഞ്ഞാണം നമ്മുടെ ഉണ്ണിയുടെ കയ്യിലുണ്ടെന്ന് മനസ്സിലാക്കി. തന്‍റെ മകന്‍ കള്ളനാണെന്ന് കരുതിയ ഉണ്ണിയുടെ അമ്മ അവനെ വഴക്കുപറയുകയും തല്ലുകയും അരഞ്ഞാണം വാങ്ങി ദൂരെയെറിയുകയും ചെയ്തു. അരഞ്ഞാണം ഒരു മരത്തില്‍ കുരുങ്ങുകയും സ്വര്‍ണ്ണ നിറമുള്ള പൂക്കളായി തീരുകയും ചെയ്തത്രെ.