ഒരാണ്ടിന്റെ ഫലവുമായി വിഷുക്കൈനീട്ടം

വെള്ളി, 13 ഏപ്രില്‍ 2012 (21:10 IST)
PRO
PRO
വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഒരു വര്‍ഷത്തെ സമൃദ്ധിയുടെ പ്രതീകമായാണ് മലയാളികള്‍ ഇതിനെ കാണുന്നത്. കൈനീട്ടത്തിന്‍റെ ഫലം ഒരു വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഒരു വര്‍ഷം ലഭിക്കുന്ന കൈനീട്ടം അടുത്ത വര്‍ഷം വിഷുവരെ സൂക്ഷിച്ചുവയ്ക്കുകയാണ് പതിവ്. കുടുംബസ്വത്തിന്‍റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. രാവിലെയെഴുന്നേറ്റ് കണികണ്ട് കുളിച്ച് തൊഴുതു കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടം കൊടുക്കുന്നു. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. നാണയമാണ് കൈനീട്ടമായി നല്‍കുക. (ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്.) കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചുവയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും.

വിഷുക്കണിയും വിഷുക്കീനീട്ടവും മാത്രമല്ല ജനഹൃദയങ്ങളില്‍ ആഹ്ലാദത്തിന്‍റെ പൂത്തിരികളാകുന്നത്. വിഷുവിന്‍റെ തലേദിവസം വൈകിട്ടും വിഷുദിവസം വെളുപ്പിനും പടക്കം പൊട്ടിച്ചും പൂത്തിരിക്കത്തിച്ചും ആഘോഷമുണ്ട്. കുട്ടികളും പ്രായം ചെന്നവരും ഇതില്‍ പങ്കുചേരുന്നു. വിഷുവിന് പാല്‍ക്കഞ്ഞി പ്രധാനമാണ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. വിഷുക്കഞ്ഞിയും വളരെ പ്രശസ്തമാണ്. വിഷുവിനോടനുബന്ധിച്ച് പല ക്ഷേത്രങ്ങളിലും "വിഷുവേല' നടത്താറുണ്ട്.

വടക്കേ മലബാറില്‍ ‘കണിവിളി' എന്ന ഒരു ചടങ്ങുണ്ട്, കണി കണിയേയ് കണി കണിയേയ് എന്ന് വിളിച്ച് കൊണ്ട് കുട്ടികള്‍ വീടുവീടാന്തരം കയറിയിറങ്ങുകയും പച്ച ഈര്‍ക്കിലിന്‍ തുമ്പില്‍ "കണിയപ്പം' ശേഖരിക്കുകയും ചെയ്യും

പണ്ടുകാലങ്ങളില്‍ ഉച്ചയ്ക്ക് മുന്‍പ് വിഷുഫലം അറിയുന്ന പതിവുമുണ്ട്. കണിയാര്‍ വീട്ടിലെത്തി കുടുംബത്തിന്‍റെ ഭാവി പറയുന്നു. കുടുംബാംഗങ്ങളുടെ ജീവിത കാര്യങ്ങളെക്കുറിച്ചും പ്രവചനങ്ങള്‍ നടത്തുന്നു. ദോഷ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം പാടത്ത് കന്നുപൂട്ടു തുടങ്ങാനുള്ള ദിവസവും കണിയാര്‍ കുറിച്ചു നല്‍കുന്നു.

വിഷുവിന് കൃഷിപ്പണി തുടങ്ങണമെന്നാണ് സങ്കല്‍പം. അതുകൊണ്ട് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി ആണുങ്ങള്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്.

വെബ്ദുനിയ വായിക്കുക