ഗണപതി ക്ഷേത്രങ്ങള്‍

കേരളത്തില്‍ പൊതുവേ ഗണപതിക്ഷേത്രങ്ങള്‍ കുറവാണ് .എന്നാല്‍ ഉപദേവനായി ഗണപതിയില്ലാത്ത ക്ഷേത്രങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. മറ്റു ചിലയിടങ്ങളില്‍ പ്രധാന പ്രതിഷ്ഠയേക്കാള്‍ ഗണപതിക്ക് ആണ് പ്രാമുഖ്യം. കൊട്ടാരക്കര ഗണപതി ക്ഷേത്രം തന്നെ ഉദാഹരണം.

കേരളത്തിലെ അത്ര പ്രസിദ്ധമല്ലാത്ത ചില ഗണ പതി ക്ഷേത്രങ്ങളെ കുറിച്ച്.....

ഇന്ത്യാന്നൂര്‍ ഗണപതിക്ഷേത്രം

മലപ്പുറം ജില്ലയിലെ ഇന്ത്യാന്നൂരിലെ ഗണപതി ക്ഷേത്രം. ശിവനും വിഷ്ണുവും ആണ് പ്രധാന മൂര്‍ത്തികള്‍. എന്നാല്‍ ശ്രീകോവിലിന്‍റെ തെക്കേ ഭിത്തിയിലെ ചിത്രത്തിലുള്ള ഗണപതിയ്ക്കാണ് പ്രാമുഖ്യം.

നാറാണത്ത് ഭ്രാന്തന്‍ തുപ്പി പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. ഗണപതിയുടെ ദര്‍ശനം തെക്കോട്ടാണ്. ശിവനും വിഷ്ണുവും കിഴക്കോട്ടും. ഗണപതിയ്ക്ക് ഒറ്റയപ്പം ആണ് പ്രധാന വഴിപാട്.ആഘോഷങ്ങള്‍ പാടില്ല എന്നാണ് ഇവിടത്തെ നിയനം.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പട്ടണത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍.


ഈശ്വരമംഗലം ക്ഷേത്രം

പാലക്കട് ജില്ലയിലെ ഈശ്വരപുരത്തുള്ള ക്ഷേത്രത്തില്‍ പ്രധാന മൂര്‍ത്തി ശിവനാണ്.പക്ഷെ ഉപദേവനായ കന്നിമൂല ഗണപതിയ്ക്കാണ് പ്രാധാന്യം. തിരുപ്പള്ളിയിലേക്കാണ് ഗണപതിയുടെ നട, ഗണപതിയ്ക്ക് അപ്പം കണ്ടാല്‍ മതിയെന്നാണ് വിശ്വാസം.ഈ തട്ടകത്ത് ഗണപതി ഹോമം നടത്താറില്ല നാളികേരമുടച്ചാല്‍ മതിയത്രെ.

നിരവധി അരങ്ങേറ്റങ്ങള്‍ ഇവിടെ നടന്നിരുന്നു. കഥകളി കലാകാരന്മാര്‍ ഇപ്പോഴും അരങ്ങേറ്റത്തിനായി ഇവിടെ എത്തുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം:

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം - ശ്രീകൃഷ്ണപുരം റൂട്ടിലാണ് ക്ഷേത്രം.



കണ്ണഞ്ചേരി ഗണപതി ക്ഷേത്രം

കോഴിക്കോട് നഗരത്തിലെ ഈ ക്ഷേത്രം പത്മശാലീയസമുദായക്കരുടെ പ്രധാന ക്ഷേത്രമാണെന്ന് കരുതുന്നു.പ്രധാന മൂര്‍ത്തി ഗണപതി തന്നെയാണ്.കിഴക്കോട്ടാണ് ദര്‍ശനം. ഗണപതി ശിവന്‍റെ മടിയിലിരിക്കുന്നു എന്നണ് സങ്കല്പം.അതുക്കൊണ്ട് ശിവനാണ് പൂജ.

കുണ്ടുപറമ്പ് ഗണപതിക്കാവ്

കോഴിക്കോട് പുതിയങ്ങാടിയിലാണ് ക്ഷേത്രം. സുബ്രഹമണിയനാണ് പ്രധാന ദേവനെങ്കിലും ഉപദേവനായ ഗണപതിയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം. സുബ്രഹമണ്യന്‍ പടിഞ്ഞാട്ടും ഗണപതി തെക്കോട്ടുമാണ് ദര്‍ശനം.ഗണപതിയ്ക്ക് തേങ്ങമുട്ടലാണ് പ്രധാന വഴിപാട്. നവരാത്രിയാണ് പ്രധാന ആഘോഷം.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലെ പുതിയങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍.


പറപ്പിള്ളി ഗണപതിക്ഷേത്രം

എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ ഈ ക്ഷേത്രം ഇപ്പോള്‍ അറിയപ്പെടുന്നത് പനങ്ങാട് മഹഗണപതി ക്ഷേത്രം എന്നാണ്. പ്രധാന മൂര്‍ത്തി ഗണപതി സ്വയംഭൂവാണ്.കിഴക്കോട്ടാണ് ദര്‍ശനം. ഉപദേവതമാര്‍ ശിവനും നാഗരാജാവും.

ശരീരത്തില്‍ മുഴ വന്നാല്‍ ഇവിടെ മുഴ നേദ്യം എന്ന പ്രത്യേക നേദ്യം കഴിക്കാറുണ്ട്. പലപ്പോഴായി പല വംശങ്ങളുടെ അധീനതയിലായിരുന്നു ക്ഷേത്രം. ഇപ്പോള്‍ നാട്ടുകാരുടെ ഗണേശാനന്ദസഭയ്ക്കാണ് ക്ഷേത്ര ചുമതല.

ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം:

വൈറ്റില അരൂര്‍ ബൈപ്പാസില്‍ കുമ്പളം ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്കുകിഴക്ക്.

ഇടപ്പള്ളി ഗണപതി ക്ഷേത്രം

എറണാകുളം ജില്ലയിലെ ഇടപ്പിള്ളിയിലാണ് ക്ഷേത്രം. ഇടപ്പിള്ളി സ്വരൂപത്തിന്‍റെ നാലുകെട്ടിനു നടുക്കാണ് ക്ഷേത്രം.ഇടപ്പിള്ളി രാജവംശത്തിന്‍റെ കുലദേവതയാണ്.ഇവിടെ ഉത്സവവും പ്രതിഷ്ഠയുമില്ല.



പെരിങ്ങന്നൂര്‍ ഗണപതിക്ഷേത്രം

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തില്‍.പ്രധാന മൂര്‍ത്തി ശിവന്‍ എന്നാല്‍ ഉപദേവനായ ഗണപതിയാണ് പ്രധാനി. സ്വയംഭൂവായ ഗണപതി പടിഞ്ഞാട്ടാണ് ദര്‍ശനം നല്‍കുന്നത്. ശിവന്‍ കിഴക്കോട്ടും. അയ്യപ്പനും ഭഗവതിയുമാണ് ഉപദേവതകള്‍. ശിവരാത്രി ആഘോഷമുണ്ട്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

ആറങ്ങോട്ടുകരയില്‍ നിന്നും പെരുങ്ങനൂര്‍ വഴി കുന്നംകുളം റൂട്ടില്‍.

വേളം ഗണപതിക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തിലാണ് ക്ഷേത്രം. നാലടിയോളം ഉയരമുള്ള ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്രീകോവിലിന്‍റെ ഇടനാഴിയില്‍ തെക്കോട്ട് മുഖമായിട്ടുള്ള ഗണപതിയ്ക്കാണ് പ്രാധാന്യം. ഈ ഗണപതിയെ ലേഖകദൈവം എന്നാണ് കരുതുന്നത്.

ശിവരാത്രി ആഘോഷമുള്ള ഇവിടെ ഗണപതിയ്ക്കുള്ള വലിയവട്ടളം പായസമാണ് പ്രധാന നേദ്യം.

ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം:

കണ്ണൂര്‍ - മയ്യില്‍ റൂട്ടില്‍ മയ്യില്‍ 23 സ്റ്റോപ്പ്.

വെബ്ദുനിയ വായിക്കുക