അത് അന്ധവിശ്വാസമല്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ്. ദൈവവിശ്വാസമില്ലാത്തവര്‍ പോലും വീട് വയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഓരോ സാധനങ്ങളുടെയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് വാസ്തുവില്‍. അത് വീടിന്‍റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്‍റെയും ഒരു ക്രമപ്പെടുത്തലാണ്.
വീട്ടില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് ഊര്‍ജ്ജത്തെ ആധാരമാക്കിയാണ് വാസ്തുവിന്‍റെ ഓരോ നിയമങ്ങളും. ഊണുമുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണം. ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍മേഷം പകരും.
പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താമത്രേ. പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതില്‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.
ഇടനാഴികളിലും മുറികളിലും ആവശ്യമുള്ളത്ര പ്രകാശം ലഭ്യമാവുന്ന രീതിയില്‍ വേണം നിര്‍മ്മാണം നടത്തേണ്ടത്. ബെഡ്‌റൂമില്‍ കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ നല്‍കാം. കിടക്ക ഒരിക്കലും ബീമിന് കീഴില്‍ ക്രമീകരിക്കരുത്. അതേപോലെ മേല്‍ക്കൂരയുടെ ചരിവിന് താഴെയുമാവരുത്. കിടക്കയുടെ നേരെ നിലക്കണ്ണാടി വയ്ക്കരുത്.
ആരോഗ്യകരമായ ഊര്‍ജ്ജ പ്രവാഹത്തിന്‍റെ വഴിയില്‍ തടസങ്ങളേതുമില്ലാത്ത തരം നിര്‍മ്മാണ രീതിയാണ് വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. വീട് നിര്‍മ്മിക്കുമ്പോള്‍ നാം ഇതെല്ലം ഓര്‍ത്തിരിക്കണം.