വീട് നിര്‍മ്മിക്കുമ്പോള്‍ സ്റ്റോര്‍ മുറി സൌകര്യത്തിന് അനുസരിച്ച് ഏത് ദിക്കിലെങ്കിലും നിര്‍മ്മിച്ചാല്‍ മതി എന്ന ധാരണ നമ്മില്‍ പലരും വച്ചുപുലര്‍ത്തുന്നുണ്ടാവും. ഈ ധാരണ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നില്ല എന്നാണ് വാസ്തുവിദഗ്ധര്‍ പറയുന്നത്.
സ്റ്റോര്‍മുറിക്ക് ധാന്യാലയം എന്ന വിശേഷണവും ചേരും. ധാന്യങ്ങളും ഭക്‍ഷ്യ വസ്തുക്കളും സൂക്ഷിക്കുന്ന സ്റ്റോര്‍ മുറിക്ക് വാസ്തുവില്‍ വളരെ പ്രധാന്യം കല്‍പ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് ദിക്കാണ് സ്റ്റോര്‍ മുറിക്ക് ഏറ്റവും അനുയോജ്യം.
വടക്ക് പടിഞ്ഞാറ് ദിക്കാണ് സ്റ്റോര്‍ മുറിക്ക് ഏറ്റവും അനുയോജ്യം
സ്റ്റോര്‍ മുറിയുടെ വാതില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ ആയിരിക്കണം. തെക്ക് പടിഞ്ഞാറ് ദിശയില്‍ വാതില്‍ പാടില്ല. വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ ജനാലകള്‍ വയ്ക്കാം. മഞ്ഞ, വെള്ള, നീല നിറങ്ങള്‍ സ്റ്റോര്‍ മുറിക്ക് അനുയോജ്യമാണ്. കിഴക്ക് ഭിത്തിയില്‍ ലക്ഷ്മീനാരായണ ചിത്രം വയ്ക്കുന്നതും ഉത്തമം.
വടക്ക് പടിഞ്ഞാറ് ദിക്കില്‍ ധാന്യങ്ങള്‍ സംഭരിച്ചാല്‍ ഒരിക്കലും ക്ഷാമം വരികയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റോര്‍ മുറിയുടെ തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ദിശകളിലും ധാന്യം ശേഖരിച്ചു വയ്ക്കാവുന്നതാണ്.
വാര്‍ഷികാവശ്യത്തിനുള്ള ഭക്‍ഷ്യ പദാര്‍ത്ഥങ്ങള്‍ തെക്ക് പടിഞ്ഞാറ് ദിക്കിലും ദൈനംദിനാവശ്യത്തിനുള്ളവ വടക്ക് പടിഞ്ഞാറ് ദിക്കിലും വേണം സൂക്ഷിക്കേണ്ടത്. സ്റ്റോര്‍ മുറിയുടെ കിഴക്ക് ഭാഗം ശൂന്യമായി സൂക്ഷിക്കുകയും വേണമെന്ന് വാസ്തു വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ജലം സൂക്‍ഷിക്കേണ്ടത് വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം. ജലം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ഒരിക്കലും ഒഴിഞ്ഞിരിക്കാന്‍ അനുവദിക്കരുത്. പാചകത്തിനുപയോഗിക്കുന്ന ഇന്ധനങ്ങള്‍ തെക്ക് കിഴക്ക് ഭാഗത്ത് സൂക്ഷിക്കാം.