പ്രണയം: വിദ്യാര്‍ഥികളുടെ സംവാദം

2001 ഫെബ്രുവരി 12 . ഗവ.വിമന്‍‌സ് കോളജ് തിരുവനന്തപുരം

കണ്ണും കണ്ണും തമ്മില്‍ കഥകള്‍ കൈമാറുന്നതാണോ അനുരാഗം? അങ്ങനെയെങ്കില്‍അന്ധര്‍ എങ്ങനെ പ്രേമിക്കും? ചോദ്യം അരുണിന്‍റേതായിരുന്നു. തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥി. വിഷയം: പ്രണയം 2001.

തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ തണല്‍മരച്ചോട്ടില്‍ ഒരു ഉച്ചനേരം . അവിടെ പ്രണയം ഒഴുകുകയായിരുന്നു ; വാക്കുകളിലൂടെ, വാദങ്ങളിലൂടെ പ്രതിവാദങ്ങളിലൂടെ ......

കേരളത്തില്‍ നിന്നുള്ള ആദ്യ സമഗ്രമലയാളം വെബ് പോര്‍ട്ടലായ വെബ് ലോകം. കോം ഗവ: വിമന്‍സ് കോളജ് യൂണിയനുമായി സഹകരിച്ച് പ്രണയദിനത്തോടനുബന്ധിച്ച് നടത്തിയ "ക്യംപസ് ടോക്ക് ഷോ' ആയിരുന്നു വേദി.

ടി.വി. അവതാരകനായ പ്രദീപ് പ്രഭാകര്‍. മുന്നിലെ പെണ്‍സദസ്സിനേയും, ശുഷ്കമെങ്കിലും അഭിപ്രായം ഇരുന്പുലക്കയാക്കിയ ആണ്‍സദസ്സിനെയും കണ്ട് അല്പമൊന്നു ഞെട്ടിയിരിക്കും - "അവതരിപ്പിക്കേണ്ടത് പ്രണയമാണേയ്.......'


അറുപതുകളിലെ പ്രണയത്തിന്‍റെ തീക്ഷ്ണതയും ആര്‍ജ്ജവവും ഇല്ല 2001-ന്‍റെ ക്യാംപസ് പ്രണയത്തിനെന്ന വിമന്‍സ് കോളജ് മലയാളം വകുപ്പിലെ വിജയകുമാരി ടീച്ചറുടെ അനുഭവസാക്ഷ്യം അവതാരകനു പിടിവള്ളിയായി. 30 വര്‍ഷം മുന്പുള്ള തന്‍റെ അനുരാഗദിനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ടീച്ചര്‍. "" അന്നു പ്രണയിച്ചയാളെ സ്വന്തമാക്കണമെന്ന ഏകലക്ഷ്യമായിരുന്നൂ പ്രണയിക്കുന്പോള്‍.

ഇന്ന് പ്രണയം ദിവ്യവികാരമല്ല. അതൊരു സമയംപോക്കായിരിക്കുന്നു. സുന്ദരനായ ചെറുപ്പക്കാരനേയോ സുന്ദരിയായ പെണ്‍കുട്ടിയേയോ ചുറ്റിപ്പറ്റി പ്രണയിതാക്കളുടെ ഒരുപറ്റം. ഐസ്ക്രീം പാര്‍ലറിലും സിനിമാശാലകളിലും ഒരുമിച്ചു ചിലവിടാനുള്ള ഒരു താല്‍ക്കാലിക ലൈസന്‍സായി പ്രണയം എല്ലാ ആര്‍ദ്രതകളും നഷ്ടപ്പെട്ട് മാറിപ്പോയിരിക്കുന്നു. ജോലിയും വരുമാനവും ഉള്ളവര്‍ക്കു മാത്രം ലഭ്യമാകുന്ന ഒന്നായിമാറുകയാണ് ഇന്ന് പ്രണയം.''

അവിടുന്നങ്ങോട്ട് നൂറ്റാണ്ട് പിന്നിട്ട കലാലയമുത്തശ്ശിയുടെ മുറ്റം യുവമനസ്സുകളുടെ പ്രണയവീക്ഷണങ്ങളുടെ ലാവാപ്രവാഹത്തില്‍ ഉരുകി. അണപൊട്ടിയൊഴുകിയ പ്രണയാഭിപ്രായങ്ങളില്‍ തിളയ്ക്കുന്ന ഉച്ചച്ചൂടിന്‍റെ ഉഷ്ണം അവര്‍ക്കു ഐസ്ക്രീം മധുരമായി.

ക്യാംപസ് പ്രണയം എന്നൊന്നുണ്ടോ? പ്രദീപിന്‍റെ ചോദ്യത്തിന് അദ്യമറുപടി സ്ത്രീ പക്ഷത്തുനിന്നും.

""ഉണ്ട് പക്ഷേ അവ വെറും ടൈംപാസ്. പഞ്ചാരയടിയും വായ്നോട്ടവും മാത്രം. അല്ലാതെ അത്മാര്‍ത്ഥ പ്രണയമൊക്കെ ഇപ്പോഴും ഉണ്ടോ ?'' സംശയം വിമന്‍സ് കോളേജിലെ നൗഫയ്ക്ക്.

""അത് വിമന്‍സ് കോളജിന്‍റെ അഭിപ്രായം. ഇവിടെ പ്രേമിക്കാന്‍ പയ്യന്മാരെവിടെ ? '' വിമന്‍സ് കോളജുകള്‍ വരണ്ടപ്രണയഭൂമികള്‍ക്ക് ഉത്തമ ഉദാഹരണം എന്നുകൂടി പറഞ്ഞപ്പോള്‍ പെണ്‍പ്രജ പ്രതിപക്ഷമായി ഷാജിയെ "കൂവിവെളുപ്പിച്ചു.'


"" പ്രേമിക്കുന്നവരെ നിങ്ങള്‍ എന്തുവിളിക്കും?'' പ്രദീപിന്‍റെ ചോദ്യത്തിന് മാലപ്പടക്കം പോലെ മറുപടി പൊട്ടി...

"ഇച്ചൂ' "മോളൂ' "ചക്കര' "മുത്തേ' "കരളേ' "ചെക്കാ'... ഒടുവിലതാ രേശ്മയുടെ "പുള്ളി' യും

""കല്യാണത്തിനുമുന്പ് "പുള്ളി', ശേഷം "ജയില്‍പ്പുള്ളി' '' മണി തോക്കിനുള്ളില്‍ കയറിപൊട്ടിച്ച മറുപടിയില്‍ അവതാരകനടക്കം "ആണ്‍സിങ്ക'ങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും സടകുടഞ്ഞെണീറ്റു.

പോയകാല ക്യാംപസ് പ്രണയം ദിവ്യമായിരുന്നു എന്ന ലോ അക്കാദമിയിലെ രാജ്മോഹന്‍ "പോയിന്‍റ്-ഓഫ്-ഓണര്‍' ഉന്നയിച്ചപ്പോള്‍ സ്ത്രീപക്ഷം ഇളകിമറിഞ്ഞു. ""എഴുപതുകളിലെ പ്രണയത്തെപ്പറ്റി പറയാന്‍ ഇവന്‍ ആരടാ?'' വിവാദം ചൂടുപിടിച്ചപ്പോള്‍ പ്രദീപ് വെള്ളം കുടിച്ചോ എന്നു സംശയം.

പ്രതിഭയും വ്യക്തിത്വവും നോക്കി കമിതാവിനെ തെരഞ്ഞെടുത്തിരുന്ന അമ്മമാരുടെയും അച്ഛന്‍മാരുടെയും മക്കള്‍ ടാറ്റാ ഇന്‍ഡിക്കയോ കുറഞ്ഞപക്ഷം ഒരു ഇന്‍ഡു സുസുക്കിയെങ്കിലും ഇല്ലാത്തവന് കാമുകനാകാനുള്ള മിനിമം യോഗ്യത ഇല്ലയെന്ന ക്യാംപസ് പ്രണയത്തിന്‍റെ അവസ്ഥയിലാണെന്ന് ആണ്‍പ്രജയുടെ രോഷം ആളിയപ്പോള്‍ പെണ്‍പക്ഷവും വെറുതെയിരുന്നില്ല. സൗന്ദര്യം പുറംമോടിയല.്ള വ്യക്തിത്വം തിരിച്ചറിഞ്ഞു തന്നെയാണ് പ്രണയിയെ കണ്ടെത്തുന്നതെന്ന് പെണ്‍കുട്ടികളുടെ ഏകസ്വരം.


ഇതിനിടയില്‍ വേറിട്ട "ഒരൊച്ച'. "" സൗന്ദര്യം മാത്രം പോര കാറും ബൈക്കുമൊക്കെ അത്യാവശ്യം. 100 സി.സി. ബൈക്കിനുപുറകിലല്ലേ പൂജാഭട്ടിനിരിക്കാന്‍ പറ്റൂ. ''

കൂട്ടച്ചിരിക്കിടയില്‍ അല്പം തടിച്ച ലോ അക്കാദമിയിലെ അരുണ്‍ എണീറ്റ് കുന്പസാരം നടത്തി. "" സത്യം പറഞ്ഞാല്‍ പ്രേമത്തില്‍ സൗന്ദര്യത്തിലേതൊരു സ്ഥാനവുമില്ല. ഉദാഹരണം ഞാന്‍ തന്നെ. എന്നെയിപ്പോള്‍ രണ്ടുപേര്‍ പ്രേമിക്കുന്നുണ്ട്. ''

പെണ്‍സദസ് ഇളകിമറിഞ്ഞു. കൂകിവെളുപ്പിച്ചെന്നു തന്നെപറയാം. അരുണിനെ പിന്‍താങ്ങാനും പെണ്‍പ്രജയിലൊരാള്‍. "" മനസ്സിന്‍റെ സൗന്ദര്യവും "ബാഹ്യ' സൗന്ദര്യവും കണക്കിലെടുക്കാം! '' അരുണിന് മൂന്നാം ലൈന്‍ തടഞ്ഞോന്ന് പ്രദീപിന് സംശയം.

അപ്പോള്‍ ആണ്‍പക്ഷം ഉയര്‍ത്തിയത് വീണ്ടും പഴയ ചോദ്യം : പ്രണയത്തിന് കണ്ണുണ്ടോ?
ഇല്ലെന്നു തന്നെയായിരുന്നു അവരുടെ നിലപാട്.

എന്നാല്‍ ക്യാംപസ് സിനിമകളുടെ "നിറ'ങ്ങളിലും "പ്രണയവര്‍ണ്ണ'ങ്ങളിലും കഴന്പില്ലെന്നും അവയ്ക്കു ക്യാംപസ് പ്രണയത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്താനായിട്ടില്ലെന്നും വിമന്‍സിലെ സിമി പറഞ്ഞപ്പോള്‍ അവതാരകനാണു സംശയം. "ആണും പെണ്ണും തോളില്‍ കൈയിട്ടു എടാ പോടാ വിളിക്കുന്ന ക്യാംപസ് സംസ്ക്കാരമോ?'

""അതൊക്കെ തൊലിപ്പുറത്തെ ബന്ധങ്ങള്‍ മാത്രമല്ലേ?''സദസ്സിന്‍റെ ഉത്തരം.



പ്രണയിക്കാന്‍ പറ്റിയ സ്ഥലങ്ങളെക്കുറിച്ചായി പ്രദീപിന്‍റെ ചോദ്യം. തണല്‍മരത്തിന്‍ കീഴിലിരുന്നു യുവതീയുവാക്കള്‍ അവേശത്തോടെ പറഞ്ഞു. "ഐസ്ക്രീം പാര്‍ലര്‍' "കടല്‍ത്തീരം' "മ്യൂസിയം', "അന്പലങ്ങള്‍'.... "വിമന്‍സ് കോളജ് ബസ് സ്റ്റോപ്പ.് ' അതു ആണുങ്ങളുടെ മാത്രം വാദം...

"യൂണിവേഴ്സിറ്റി ഓഫീസാ'ണ് ഏറ്റവും സുരക്ഷിതം... ആ കമന്‍റ് പ്രസ് ക്ളബിലെ സുജയുടെ വക.
അയല്‍പക്കത്തെ പ്രണയത്തിനു "ചെലവ'ധികമില്ല.

"വലന്‍റൈന്‍ ദിനം' വരുന്പോള്‍ "ഡച്ച് റോസി'നു പകരം "സാദാ റോസു' കൊടുത്താല്‍ മതിയല്ലോ... ഇന്നത്തെ പ്രണയിതാക്കള്‍ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. "കേട്ടിരുന്നവര്‍ക്ക് ' പ്രേമിക്കാന്‍ മോഹം...

* * *


പറയാനും വയ്യ; പറയാതിനിവയ്യ

ചൂടുപിടിച്ച പ്രണയ ചര്‍ച്ച ഇടയ്ക്കെപ്പോഴോ വഴിതെറ്റിയത് കാതലുള്ള ഒരു സംശയമുനന്പില്‍ - പ്രണയം പറഞ്ഞറിയിക്കാന്‍, പടിഞ്ഞാറു നോക്കി ഇങ്ങനെയൊരു "വലന്‍റൈന്‍ ദിനം' ആവശ്യമാണോ? ഇറക്കുമതി ചരക്കായി ആണ്‍ക്കൂട്ടം വലന്‍റൈന്‍ ദിനത്തെ തള്ളിപ്പറഞ്ഞപ്പോള്‍ പെണ്‍കൂട്ടം പൊരുതി- പ്രണയം പ്രകടിപ്പിച്ചാല്‍ എന്താ?

പക്ഷേ അവരുടെ വാദത്തിന്‍റെ മുനയൊടിച്ചത് അവരില്‍ ഒരാള്‍ തന്നെ. യഥാര്‍ത്ഥ കമിതാക്കള്‍ക്ക് 365 ദിവസവും വലന്‍റൈന്‍സ് ദിനം തന്നൈയെന്നുപറഞ്ഞത് പ്രസ് ക്ളബിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി സുജമോള്‍.

* * *

ഒന്നര മണിക്കൂര്‍ നീണ്ട പ്രണയസംവാദത്തിന്‍റെ ക്ളൈമാക്സില്‍ സംവാദത്തിലുടനീളം പ്രണയാശയങ്ങള്‍ കൊണ്ടു സദസ്സിനെ കോരിത്തരിപ്പിച്ച വിമന്‍സ് കോളജിലെ സിമി, സരിത, മല്ലിക ശിവകുമാര്‍, നിഷാ ജാസ്മിന്‍, നൗഫ, ലോഅക്കാദമിയിലെ രാജ്മോഹന്‍, അരുണ്‍. പ്രസ് ക്ളബിലെ സുജ എന്നിവര്‍ക്കു വെബ്ലോകം ഡോട്ട് കോമിന്‍റെ സമ്മാനം നല്‍കിയത് വെള്ളിത്തിരയിലെ ലോലകാമുകനായ പ്രേംകുമാര്‍

. മുഖ്യാതിഥിയായെത്തിയതില്‍ പ്രേമന് അത്യാവശ്യം കൂവലും കയ്യടിയും "അമ്മാവാ' വിളിയുടെമൊക്കെയായി സദസിന്‍റെ വരവേല്‍പ്പ്

ഒരു നനുത്ത പ്രണയസ്മരണയ്ക്കൊപ്പം മനസ്സിലെന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ സാര്‍ത്ഥകമായ ഒരു പ്രണയസംവാദത്തിന്‍റെ മയില്‍പ്പീലിത്തുണ്ടുകളുമായി അവര്‍ മടങ്ങി, തലസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുമെത്തിയ നാന്നൂറോളം വരുന്ന ഇളംതലമുറയുടെ പ്രണയക്കൂട്ടം.


വെബ്ദുനിയ വായിക്കുക