ആഭ്യന്തര ഓഹരി വിപണിയില്‍ അടിക്കടിയുണ്ടാവുന്ന വന്‍ തകര്‍ച്ചകള്‍ ഒഴിവായിക്കിട്ടാന്‍ ഇത്തവണത്തെ ബജറ്റില്‍ എന്തെങ്കിലും ഉണ്ടായേക്കും എന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകള്‍. ഈ ആഴ്ചയില്‍ ആഭ്യന്തര ഓഹരി വിപണിയിലെ സൂചികകളില്‍ മൊത്തത്തില്‍ ശരാശരി നാല് ശതമാനം നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു കണക്കുകൂട്ടലുകള്‍ക്ക് സാധ്യതകള്‍ ഏറുന്നത്.
ഇത്രയേറെ നഷ്ടമുണ്ടായതോടെ വിപണിയെ സംബന്ധിച്ച് നിക്ഷേപകരുടെ വിശ്വാസത്തിലും കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായേക്കും എന്ന അഭ്യൂഹങ്ങളാണ് ആഭ്യന്തര ഓഹരി വിപണിയിലും ദോഷമായി പ്രതിഫലിച്ചത്.
എങ്കിലും ഫെബ്രുവരി 29 ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ വിപണിയിലുണ്ടാവുന്ന വന്‍ തകര്‍ച്ചകള്‍ ഒഴിവാക്കാന്‍ ധനമന്ത്രി ചിദംബരം എന്തെങ്കിലും വിദ്യകള്‍ കാട്ടിയേ മതിയാവൂ എന്നാണ് വിപണിയിലെ സര്‍വ്വ മേഖലകളിലെയും വിദഗ്ദ്ധരുടെ അഭിപ്രായം.
കഴിഞ്ഞയാഴ്ച വിപണിയില്‍ തകര്‍പ്പന്‍ ഉയര്‍ച്ചയായിരുന്നു ഉണ്ടായത്. ഇതിനെതിരെയാണ് ആഴ്ച അവസാനത്തോടെ വന്‍ തകര്‍ച്ച അരങ്ങേറിയതും. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണ ഇടത്തരം നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം സഹിക്കുക ബുദ്ധിമുട്ടാവും ഉണ്ടാക്കുക. അതുപോലെ രാജ്യത്തേക്കുള്ള വിദേശ ധനകാര്യ നിക്ഷേപങ്ങളില്‍ നിന്നുള്ള മൂലധന ഒഴുക്ക് കുറയാനും അത് ഇടയാക്കും എന്നാണ് വിദഗ്ദ്ധ മതം.
എന്നാല്‍ ഈ ആഴ്ചയില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാവാന്‍ പ്രധാന കാരണം ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനയാണ്. ഇത് ഫലത്തില്‍ അമേരിക്കയിലെ നാണ്യപ്പെരുപ്പത്തെ ഗണ്യമായി ഉയര്‍ത്താനിടയാക്കുകയും ചെയ്തു. അതിനൊപ്പം വായ്പാ മേഖലയില്‍ തുടര്‍ച്ചയായ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇത് ലോകമൊട്ടുക്കുള്ള ധനകാര്യ, ഓഹരി വിപണി മേഖലയില്‍ പ്രതിഫലിക്കുകയാണുണ്ടായത്.
ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന വിപണി സൂചികയായ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വെള്ളിയാഴ്ച അവസാനിച്ച സമയത്ത് 766.18 പോയിന്‍റ് നഷ്ടത്തില്‍ 18,115.20 എന്ന നിലയിലേക്ക് താണു. ഇതിനിടയില്‍ 18,314.10 വരെ ഉയര്‍ന്ന സെന്‍സെക്സ് 17,294.73 ലേക്ക് താഴുകയും ചെയ്തിരുന്നു.
ഈ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 192.15 പോയിന്‍റ് അഥാവാ 3.62 ശതമാനം നഷ്ടത്തില്‍ 5,110.75 എന്ന നിലയിലേക്കാണ് വീണത്.