പുതിയ ബജറ്റില്‍ നികുതിയിളവിന് സാധ്യത

ഇന്ത്യന്‍ സാമ്പത്തിക രംഗം വികസനത്തിന്‍റെ പാതയിലാണ്. കുറച്ച് വര്‍ഷങ്ങളായി ക്രമമായ ഉയര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിക്ഷേപത്തിലുണ്ടായ വര്‍ദ്ധന, വ്യവസായങ്ങളുടെ മികച്ച പ്രകടനം, മിതമായ പണപ്പെരുപ്പം എന്നിവ വളര്‍ച്ചയെ സഹായിക്കുക മാത്രമല്ല വാണിജ്യാനുകൂലമായ ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ പ്രേരകമാവുകയും ചെയ്തു.

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്ന വര്‍ദ്ധന (8 ശതമാനത്തില്‍ നിന്നും 11 ശതമാനത്തിലേറെയായത്) വലിയൊരു നേട്ടമാണ്. അഞ്ച് കൊല്ലത്തിനിടയിലുള്ള റിക്കോഡാണിത്.

സാധാരണക്കാരന്‍റെ ആശങ്കകള്‍ അകറ്റുന്നൊരു ബജറ്റായിരിക്കും ചിദംബരം അവതരിപ്പിക്കുക എന്നുവേണം കരുതാന്‍. കാരണം തെരഞ്ഞെടുപ്പ് പലയിടത്തും പടിവാതില്‍ക്കലാണെന്ന് പറയാം. ശമ്പളക്കാരായ നികുതി ദായകരുടെ നികുതി ഇളവുള്ള അലവന്‍സുകളുടെ പരിധി ഇളവു ചെയ്യുന്നത് ഈ വഴിക്കുള്ള നല്ലൊരു നിര്‍ദ്ദേശമായിരിക്കും.

ഇപ്പോള്‍ ഈ പരിധി വളരെ താഴെയാണ്. ഉയര്‍ന്നുവരുന്ന ജീവിത നിലവാര സൂചികയ്ക്ക് അനുസരിച്ച് ഇവ വേണ്ടവിധം പരിഗണിച്ചിട്ടേയില്ല. ആശ്രിതരായ അച്ഛനമ്മമാര്‍ക്ക് വേണ്ടി അടയ്ക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയ തുകയും വരുമാനത്തില്‍ നിന്ന് കുറയ്ക്കുന്നത് നികുതി ദായകര്‍ക്ക് ഗുണകരമായിരിക്കും.

അതുപോലെ തന്നെ പി.എഫിലേക്കും ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലേക്കുമായി അടയ്ക്കുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നതും നല്ലൊരു നിര്‍ദ്ദേശമാണ്.

വ്യക്തിപരമായ നികുതി നിരക്കുകളുടെ കാര്യത്തില്‍ ഏഷ്യയിലെ ഏറ്റവും മോശം രാജ്യം ഇന്ത്യയാണെന്ന് 2007 ല്‍ മെര്‍സര്‍ നടത്തിയ ആഗോള വ്യക്തിഗത നികുതി ചുമത്തല്‍ സംബന്ധിച്ച താരതമ്യ സര്‍വെ സൂചിപ്പിക്കുന്നു.

എല്ലാ വര്‍ഷവും ആദായ നികുതി പരിധി ഉയര്‍ത്താറുണ്ടെങ്കിലും അവ തീരെ കുറവോ അഗണ്യമോ ആവുകയാണ് പതിവ്. ഇക്കാര്യത്തിലും ധനമന്ത്രി ശ്രദ്ധവയ്ക്കും എന്നുവേണം കരുതാന്‍.

ഇതേപോലെ തന്നെ കോര്‍പ്പറേറ്റുകള്‍ക്കുമുണ്ട് നികുതി നല്‍കുന്നത് സംബന്ധിച്ച ചില ആഗ്രഹങ്ങളും പ്രതീക്ഷകളും. ഇന്ത്യയിലെ കോര്‍പ്പറേറ്റ് നികുതിയുടെ അടിസ്ഥാന നിരക്ക് ഏഷ്യാ പസഫിക് ശരാശരിക്ക് തുല്യമായ 30 ശതമാ‍ണ്. എന്നാല്‍ സര്‍ച്ചാര്‍ജ്ജ്, ചുങ്കം, ഡിവിഡന്‍റ്, ഡിസ്‌ട്രിബ്യൂഷന്‍, ഫ്രിഞ്ച് ബെനിഫിറ്റ്, നികുതി എന്നിവ ഫലത്തില്‍ ഇതിനെ 30 ശതമാനത്തില്‍ കൂടുതലാക്കുകയാണ് ചെയ്തത്.

സ്വമേധയാ നികുതി ഒടുക്കുന്നതും നികുതി പിരിക്കുന്നതും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിസ്ഥാന നികുതി നിരക്കില്‍ കുറവുണ്ടാവും എന്നു വേണം പ്രതീക്ഷിക്കാന്‍.

ഭൂമി ഇടപാടുകള്‍ വന്‍‌തോതില്‍ നടക്കുകയും ഇതില്‍ നിന്നുള്ള വരുമാനം പലമടങ്ങായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭൂമി കൈമാറ്റത്തില്‍ നിന്നുണ്ടാവുന്ന ക്യാപിറ്റല്‍ ട്രാന്‍സാക്ഷന്‍ ടാക്സ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഭൂമി ഇടപാടുകളിലെ കള്ളപ്പണത്തിന്‍റെ കളി അവസാനിപ്പിക്കാനും ഇത് സാധ്യമാവും. എന്നാല്‍ ഈ തീരുമാനത്തിനു മുമ്പില്‍ വിലങ്ങുതടിയാവുക വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമാണ്.

വെബ്ദുനിയ വായിക്കുക