‘അവര്‍ ഐഎസുകാരല്ല, നമ്മുടെ പിള്ളേരാണ്’; ബിജെപി ചാനലായ ‘ജന’ത്തിനെതിരെ സലിം കുമാര്‍

ഞായര്‍, 30 ഡിസം‌ബര്‍ 2018 (12:41 IST)
ഇസ്ലാമിക് സ്റ്റേറ്റ് - അൽ ഖ്വായ്ദ സംഘടനകളുടെ പതാക ഉയര്‍ത്തി വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയെന്ന ബിജെപി ചാനലായ ജനം ടിവിയുടെ വാര്‍ത്തയ്‌ക്കെതിരെ നടന്‍ സലിം കുമാര്‍ രംഗത്ത്.

കോളേജ് വാര്‍ഷികത്തിന്‍റെ ഭാഗമായായി താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടിവി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ അഭിനയിച്ച ഒരു സിനിമയിലെ വേഷമായ കറുപ്പും വെളുപ്പും വസ്‌ത്രം കുട്ടികള്‍ ഒരു തീം ആയി എടുക്കുകയായിരുന്നു. ഈ വേഷത്തില്‍ എത്താനുള്ള അഭ്യര്‍ഥന ഞാനും സ്വീകരിച്ചിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

വളര്‍ന്നുവരുന്ന കുട്ടികളെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല. ഇതിലൂടെ  കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്ന് കോളേജ് മാനേജ്മെന്‍റ് പ്രതികരിച്ചു.

കോളേജിലെ വിദ്യാര്‍ഥികള്‍ ഭീകരവാദികളെ പോലെ വേഷം ധരിച്ച് കോളേജില്‍ എത്തിയെന്നും ഇസ്ലാമിക് സ്റ്റേറ്റ് - അൽ ഖ്വായ്ദ സംഘടനകളുടെ പതാക ഉയര്‍ത്തി പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചെന്നുമായിരുന്നു
ജനത്തിന്റെ റിപ്പോര്‍ട്ട്.

ആഘോഷത്തിന്റെ വീഡിയോ സഹിതമായിരുന്നു വാര്‍ത്ത. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് അല്‍ ഖ്വായ്ദ ഭീഷണിയുണ്ടെന്ന് വാര്‍ത്തയില്‍ പറയുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍