പ്രിയന്റെ കുഞ്ഞാലിമരയ്ക്കാർ മോഹം അവസാനിക്കുന്നു?

ബുധന്‍, 18 ഏപ്രില്‍ 2018 (12:42 IST)
കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ മമ്മൂട്ടി ആരാധകരെ ഏറെ ആവേശത്തിലാക്കി കൊണ്ട് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ച സിനിമയാണ് കുഞ്ഞാലിമരയ്ക്കാർ 4. സാമൂതിരിയുടെ പടത്തലവന്‍മാരുടെ പരമ്പരയിലെ നാലാമത്തെ കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ സിനിമയാകുന്നത്. നായകൻ മലയാളികളുടെ ഒരേയൊരു മെഗാസ്റ്റാർ മമ്മൂട്ടി.
 
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിൽ സന്തോഷ് ശിവൻ ഈ സിനിമ ഉപേക്ഷിച്ചുവെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. തന്റെ അടുത്ത ചിത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ‘സിന്‍’ ആണെന്ന് സംവിധായകൻ തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. 
 
എന്നാൽ, കുഞ്ഞാലി മരയ്ക്കാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളില്‍ സന്തോഷ് ശിവന്‍ ഇതിനോടകം തന്നെ പങ്കുചേര്‍ന്നിട്ടുണ്ട്. ചിത്രീകരണത്തേക്കാള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യമുള്ള ചിത്രമാണ് സിന്‍. അതിന്റെ തിരക്കിലാണ് സംവിധായകനും അണിയറ പ്രവർത്തകരും. ജൂലൈ അവസാനത്തോടെ കുഞ്ഞാലി മരയ്ക്കാരുടെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 
 
അതിനിടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പദ്ധതിയിടുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയുമായി ഗായകന്‍ എംജി ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ മാത്രമേ ഈ ചിത്രം താന്‍ ചെയ്യൂവെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രിയദര്‍ശന്‍ ഈ ചിത്രത്തിനായുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. കുഞ്ഞാലിമരയ്ക്കാറിനു വേണ്ടിയുള്ള ശ്രമം പ്രിയൻ അവസാനിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍