അക്രമം അവസാനിപ്പിക്കാൻ അഭിഭാഷകരോട് കൈകൂപ്പി അപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥ, വീഡിയോ !

Webdunia
വെള്ളി, 8 നവം‌ബര്‍ 2019 (17:18 IST)
ഡൽഹി: തീസ് ഹസാരീസ് കോടതിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്ന അക്രമിച്ച് അഭിഭാഷകർ, സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. കോടതിയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാഹനങ്ങൾക്ക് ഉൾപ്പടെ തീയിട്ടിരിക്കുന്നത് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണാം.
 
അക്രമം അവസാനിപ്പിക്കണം എന്ന് നോർത്ത് ഡിസിപി മോണിക ഭരദ്വാജ് അക്രമികളോട് കൈകൂപ്പി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് വകവക്കാതെ അഭിഭാഷകർ കൂട്ടം ചേർന്നെത്തി ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം, വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്.  
 
നവംബർ രണ്ട് ശനിയാഴ്ചയാണ് ഡെൽഹി തീസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഒരു അഭിഭാഷകന്റെ വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചതും പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കവുമാണ് സംഘർഷത്തിന് പിന്നിൽ. സംഘർഷം ആരംഭിച്ചതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  
 
അഭിഭാഷകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നാരോപിച്ച് മറ്റ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അഭിഭാഷകർ പൊലീസ് വാഹനങ്ങളും ബൈക്കുകളും കത്തിച്ചതോടെയാണ് കലാപത്തിന്റെ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ മാറിയത്. അക്രമം രൂക്ഷമായതോടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു അഭിഭാഷകന് വെടിയേറ്റിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article