‘കപ്പുമായി എവിടെ പോകുന്നു?’ - ഇന്ത്യയേയും അഭിനന്ദനേയും അപമാനിച്ച് പാകിസ്ഥാൻ; ഈ ഞായറാഴ്ച പൊടി പാറും കളി!
ചൊവ്വ, 11 ജൂണ്‍ 2019 (16:11 IST)
ലോകകപ്പിൽ ഏറ്റവും അധികം ആളുകൾ കാണാൻ കാത്തിരുന്ന കളി ഈ ഞായറാഴ്ച നടക്കും. ഇന്ത്യ - പാകിസ്ഥാൻ മത്സരം. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്ഥാനും ഒരു മത്സരത്തിനു നേർക്കുനേർ പോരാടാനിറങ്ങുന്നത്. ഇപ്പോഴിതാ, ഇതിന്റെ ഭാഗമെന്നോണം പാകിസ്ഥാൻ പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു.
പാക് ചാനലായ ജാസ്സ് ടിവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനേയും ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനേയും പരിഹസിക്കുന്ന തരത്തിലുള്ള പരസ്യം പുറത്തിറക്കിയത്. അഭിനന്ദന് വര്‍ധമാനെ പാക് സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിന് സമാനമാണ് പരസ്യം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോൾ അവരെ തുരത്തിയ അഭിനന്ദൻ പക്ഷേ പാകിസ്ഥാന്റെ കൈയ്യിൽ അകപ്പെടുകയുണ്ടായി. പാക് തടവില്‍ ധീരനായി സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന അഭിനന്ദന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍, ചായകുടിച്ചുകൊണ്ടാണ് അഭിനന്ദന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.
അതിനു സമാനമായ രീതിയിലാണ് പരസ്യവും ഇറക്കിയിരിക്കുന്നത്. അഭിനന്ദന്റെ രൂപസാദൃശ്യമുള്ള ഒരാളെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് അഭിനന്ദൻ നൽകിയ രീതിയിലാണ് പരസ്യത്തിലെ കഥാപാത്രവും മറുപടി നൽകുന്നത്.
ടോസ് ലഭിച്ചാല്‍ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. അത് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. അന്തിമ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നാണ് അടുത്തത്. അതും തനിക്ക് പറയാനാവില്ലെന്ന് ഇയാൾ പറയുന്നു. ചായ എങ്ങിനെയുണ്ടെന്നാണ് അടുത്ത ചോദ്യം.
ചായ ഗംഭീരമാണെന്ന് മറുപടി നല്കുമ്പോള് താങ്കള്‍ക്ക് പോകാം എന്ന് മറുഭാഗത്തുനിന്ന് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇയാൾ കപ്പുമായി പോകാനൊരുങ്ങുന്നു. ഈ സമയം കോളറില്‍ പിടിവീഴുകയും കപ്പുമായി എവിടെ പോകുന്നുവെന്ന് ചോദിച്ച് കപ്പ് തിരികെ വാങ്ങിക്കുകയും ചെയ്യുകയാണ്. ജൂണ്‍ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്. പാകിസ്താന് കപ്പ് നേടുമെന്ന അവകാശവാദത്തെ ധ്വനിപ്പിക്കുന്നതാണ് പരസ്യം.
അതേസമയം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. അഭിനന്ദനെ അധിക്ഷേപിച്ചതായാണ് വിമര്‍ശനം ഉയരുന്നത്.