'വാഗ്ദാനം' മാത്രം: നിയമങ്ങൾ വാഗ്ദാനങ്ങളാകുമ്പോൾ പെണ്‍കരുത്തിനെ ഓർമ്മിപ്പിക്കാൻ ഒരു ദിനം

ചൊവ്വ, 8 മാര്‍ച്ച് 2016 (11:18 IST)
മാര്‍ച്ച് എട്ട്... കലണ്ടറില്‍ ചുവപ്പു നിറത്തിന്‍റെ അകമ്പടിയില്ലെങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാണ്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്‍റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്‍റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം.

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്താകമാനമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടായുണ്ട്. ജീവിതസാഹചര്യങ്ങളും ജോലിസ്ഥലത്തെ സൗകര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയുമാണ് അവയിൽ പ്രധാനപ്പെട്ടവ.

1957ലെ മാര്‍ച്ച്‌ എട്ടിന് അമേരിക്കയിലെ തുണിവ്യവസായ രംഗത്തെ വനിതാ തൊഴിലാളികള്‍ കൂലി വര്‍ദ്ധനവിനും ജോലി സമയം കുറച്ചു കിട്ടാനും വോട്ടവകാശത്തിനുമായി തെരുവില്‍ ഇറങ്ങിയത്. ലോകമെമ്പാടും ഈ പ്രക്ഷോഭം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1910ല്‍ കോപ്പന്‍ ഹാഗനില്‍ രണ്ടാം സോഷ്യലില്റ്റ് ഇന്റര്‍നാഷനണ്‍ല്‍ വനിതകളുടെ ആവകാശ സംരക്ഷണത്തിനായി ഒരു ദിനം മാറ്റിവെയ്ക്കണമെന്ന് ലോകത്തെ ഓര്‍മ്മിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യുഎസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

ശതവാര്‍ഷിക നിറവിലായിരുന്നു 2011ല്‍ വനിതാദിനം ആഘോഷിക്കപ്പെട്ടത്. പക്ഷേ കാലങ്ങള്‍ ഏറെ പിന്നിടുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പിന്നെയും ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്‍പന്തിയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും സമൂഹത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇനിയും അറുതി വരുത്താനായിട്ടില്ല.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ആക്ഷേപങ്ങളും മുമ്പ് ഉള്ളതിനേക്കാൾ ശക്തമായി വര്‍ദ്ധിച്ചു വരികയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. സ്ത്രീയെ അമ്മയായി കണ്ട് ആരാധിച്ചിരുന്ന ഒരു സമൂഹത്തിന്റെ പിന്തുടർച്ചക്കാരാണ് നമ്മൾ എന്നത് പഴങ്കഥയായ് കഴിഞ്ഞു. വഴി വക്കിലും, ബസ്സിലും , ക്ലാസ് മുറികളിലും എന്തിനു സ്വന്തം വീട്ടില്‍ പോലും സ്ത്രീ ഇന്ന് സുരക്ഷിതയല്ല. ഓര്‍ക്കുക. വേദികള്‍ തോറും പ്രസംഗിച്ച്, ആവേശം വിതറി ഈയൊരു ദിവസം മാത്രമായി നടത്തപ്പെടുന്ന നാടകങ്ങളല്ല, സ്ഥിരവും കാര്യക്ഷമവുമായ നടപടികളുമാണ് കാലഘട്ടത്തിന്‍റെ ആവശ്യം.

വെബ്ദുനിയ വായിക്കുക