ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ അശ്ലീല സൈറ്റുകള്‍ വഴിതെറ്റിക്കുന്നു എന്നതാണ് മാതാപിതാക്കളുടെ പരാതി. അശ്ലീല സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‍ ഏറെക്കാലമായി മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ വെബ്ബിലെ അശ്ലീലം തടയാന്‍ സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ നടപടി ആരംഭിക്കുന്നു. ബ്രസീലില്‍ ആണ് ഗൂഗിള്‍ ആദ്യമായി ഇത്തരത്തിലുള്ള ഒരു നടപടി തുടങ്ങുന്നത്.
ഗൂഗിളിന്‍റെ ബ്രസീലിലെ തലവന്‍ അലക്സാന്ദ്രെ ഹൊഹാജെന്‍ ബ്രസീല്‍ സെനറ്റര്‍മാരുടെ വെബ്സൈറ്റില്‍ പുറത്തിറക്കിയ കുറിപ്പില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഉപയോക്താവിന്‍റെ വിവരം അധികൃതരെ അറിയിക്കുവാനുള്ള സൌകര്യം ഗൂഗിള്‍ നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു. ഓര്‍ക്കുട്ടിലെ കുറ്റകരമായ സംഭവങ്ങള്‍ തടയുന്നതിനാണ് പുതിയ നടപടികള്‍. കുട്ടികള്‍ക്കെതിരായ അശ്ലീലം പ്രചരിപ്പിക്കുന്നതും കറുത്ത വര്‍ഗക്കാരെയും ജൂതരെയും പ്രകോപിപ്പിക്കുന്ന രീതിയിലുമുള്ള പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത ഓര്‍ക്കുട്ട് ഉപയോക്താക്കളുടെ വിശദ വിവരങ്ങള്‍ കൈമാറുന്നതില്‍ ഗൂഗിള്‍ സഹകരിച്ചില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇത്തരം ഉപയോക്താക്കളെ ഓര്‍ക്കുട്ട് ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും അവരുടെ വിവരങ്ങള്‍ കൈമാറാന്‍ ഗൂഗിള്‍ തയാറായില്ല. സംസാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു അമേരിക്കന്‍ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇതിന് കാരണമായി ഗൂഗിള്‍ ചൂണ്ടിക്കാട്ടിയത്. ലോകത്തില്‍ 60 ദശലക്ഷത്തിലേറെ വരുന്ന ഓര്‍ക്കുട്ട് ഉപയോക്താക്കളില്‍ 55 ശതമാനവും ബ്രസീലില്‍ നിന്നുള്ളവരാണ്. കുട്ടികള്‍ക്കെതിരെയുള്ള അശ്ലീലത തടയുന്നതിന് ഫില്‍ട്ടര്‍ ഉപയോഗിക്കുമെന്ന് ഹൊഹഗെന്‍ അറിയിച്ചു.
കൂടാതെ നിരോധിത സംഭവങ്ങളോ ചിത്രങ്ങളോ ഡൌണ്‍ലോഡ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവരുടെ ആറുമാസത്തോളമുള്ള പട്ടികയും കമ്പനി സൂക്ഷിച്ച് വയ്ക്കും. ഇപ്പോള്‍ 30 ദിവസത്തെ റെക്കോര്‍ഡ് ആണ് സൂക്ഷിച്ചു വയ്ക്കുന്നത്. അതോറിറ്റികള്‍ക്ക് ഇതുസംബന്ധിച്ച് വേണ്ട നിര്‍ദ്ദേശം നല്‍കുകയും നിരോധിത വാക്കുകളുടെയും ചിത്രങ്ങളുടെയും പകര്‍പ്പ് ഇവര്‍ക്ക് നല്‍കുമെന്നും ഹൊഹജന്‍ അറിയിച്ചു. ജൂണ്‍ മാസത്തോടു കൂടി പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.