ഗുരുനാഥന്‍ ഒരിക്കല്‍ മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ ? പക്ഷേ, അതിന് മജീദ് പറഞ്ഞ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥന്‍ പൊട്ടിച്ചിരിച്ചുപോയി. ക്ളാസ് ആകെ ചിരിച്ചു.
മജീദ് പറഞ്ഞ ഉത്തരം, പിന്നീട് അവന്‍െറ പരിഹാസപ്പേരുമായിത്തീര്‍ന്നു. ആ ഉത്തരം പറയുന്നതിനുമുന്പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍ ഒഴുകിവന്ന് ഒന്നു ചേര്‍ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍ ഒരുമിച്ചുചേരുന്പോള്‍ കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്' ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു.
"ഉമ്മിണിബല്യ ഒന്ന് ! '
അങ്ങനെ കണക്കു ശാസ്ത്രത്തില്‍ അദ്ഭുതകരമായ ഒരു പുതിയ തത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചില്‍ കയറ്റി നിര്‍ത്തി. മണ്ടശ്ശിരോമണി !