പച്ചക്കുതിര

P.S. AbhayanWD
കൗമാരത്തിലെപ്പോഴാണ് അവളോടുള്ള സ്നേഹം അവന്‍റെ മനസില്‍ പൊട്ടിമുളച്ചത്. അവന്‍റെ സ്നേഹം സത്യസന്ധമായിരുന്നു. അവളുടെ സ്നേഹത്തെ കുറിച്ചും ആര്‍ക്കും മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നാലും അവന് അക്കാര്യത്തില്‍ ലേശം സംശയമുണ്ടായിരുന്നു.

വിവാഹ പ്രായമെത്തിയപ്പോള്‍ രണ്ടാള്‍ക്കും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ അവനു വയസ് 29; അവള്‍ക്ക് 26. തമിഴ്നാട്ടിലെവിടെയോ ഒരു സിമന്‍റ് ഫാക്ടറിയില്‍ മാനേജരായി കുറേക്കാലം ജോലി ചെയ്തതിന്‍റെ ഗുണം അവന്‍റെ തലയിലുണ്ടായി. മുടിയൊക്കെ കൊഴിഞ്ഞ് ആളാകെ മാറി. അടുത്ത ലോകകപ്പ് ഫുട്ബോള്‍ കലാശക്കളി വേണമെങ്കില്‍ ഈ സ്റ്റേഡിയത്തില്‍ നടത്താം എന്ന രീതിയിലായി കാര്യങ്ങള്‍. അവളാകെ തുടുത്ത് കൂടുതല്‍ സുന്ദരി ആവുകയും ചെയ്തു.

ആരോ പറഞ്ഞ് അവന്‍ ഹൃദയഭേദകമായ ആ വാര്‍ത്ത അറിഞ്ഞു. ആ അനാഘ്രാതകുസുമത്തെ കൊള്ളാവുന്ന ആരുടെയെങ്കിലും കൈയില്‍ പിടിച്ചേല്‍ പ്പിക്കാന്‍ മാതാപിതാക്കള്‍ തിരക്കു കൂട്ടൂന്നു. ഒടുവില്‍ നാട്ടുകാരനായ ബ്രോക്കറെ ചാക്കിട്ട് അവളുടെ വീട്ടുകാരെ ഒന്നു കാണാന്‍ അവന്‍ വഴിയൊരുക്കി. ചെറുക്കന്‍റെ ഗുണഗണങ്ങള്‍ ബ്രോക്കര്‍ അവളുടെ വീട്ടിലെത്തി നിരത്തി. കൊള്ളാവുന്ന ഫാമിലി. കുറ്റം പറയാനില്ല. രണ്ട് വീടുകള്‍ തമ്മിലാവട്ടെ കാര്യമായ ദൂരവുമില്ല. മോള്‍ക്കും സമ്മതം. പണ്ട് സ്കൂളില്‍ പഠിക്കുന്പോള്‍ സൈക്കിളില്‍ പിന്നാലെയെത്തി മണിയടിച്ച അതേ കുറുമ്പുകാരന്‍. കപ്പലണ്ടിയും കോലുമഷിയുമൊക്കെ അവളുടെ ഓര്‍മകളിലൂടെ കടന്നു പോയി.

ഞായറാഴ്ചയെത്തി. അവളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ചെറുക്കനുമായി ബ്രോക്കര്‍ സമയത്തു തന്നെ എത്തി. പെണ്ണുകാണാന്‍ ആദ്യമായി പോവുതിന്‍റെ ഒരു ചങ്കിടിപ്പ് ചെറുക്കനുണ്ട്. പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ പിന്നാലെ നടതോ പ്രണയപൂര്‍വം ചിരിച്ചതോ ഒന്നും ഇപ്പോള്‍ അവളുടെ മനസില്‍ ഇല്ലെങ്കില്‍...അവന് ആകെയൊരു പരവേശം തോന്നി. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ കാര്യം. വരുന്നത് പോലെ വരട്ടെ. ധൈര്യം മുഖത്തു വരുത്തി ബ്രോക്കറെ മുന്നില്‍ നിര്‍ത്താന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു.


P.S. AbhayanWD
ചെറു പുഞ്ചിരിയോടെ അവള്‍ വന്നു. പണ്ടു കണ്ടപോലൊന്നും അല്ല. ആകെയൊരു ആനച്ചന്തം. അവള്‍ കാപ്പിയുടെ ട്രേ അവനു നേരെ നീട്ടി. അവന്‍ ചിരിക്കാന്‍ ഒന്നു ശ്രമിച്ചു...പരാജയപ്പെട്ടു. അവളുടെ കൈവിരലുകള്‍ എത്ര സുന്ദരമാണ്. എന്തായാലും ഒന്നും സംസാരിക്കാന്‍ ഇല്ലായെന്നു പറഞ്ഞതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് മനോഹരമായി പൂര്‍ത്തിയായി. വിജയിയെപ്പോലെ ബ്രോക്കര്‍ മുന്നില്‍ നടന്നു. ഇനിയെന്തൊക്കെ അനുഭവിക്കണം എന്ന മട്ടില്‍ അവന്‍ പിന്നാലെയും.

മുറ്റത്തെ മാവിന്‍ ചുവട്ടില്‍ എത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ മോഹം. തിരിഞ്ഞു നോക്കി, ജനാലയ്ക്കരികില്‍ സ്വപ്നം കണ്ട് അവള്‍ മന്ദഹാസം പൊഴിച്ച് നില്‍ക്കുന്നു. ഇതിനിടെയാണ് ബ്രോക്കറുടെ തമാശ. അയാള്‍ മാവിന്‍റെ ചാഞ്ഞു നിന്ന ചുള്ളിക്കൊമ്പില്‍ പിടിച്ച് വലിച്ചു വിട്ടു. അവളുടെ ചിരി കണ്ട് ഭ്രാന്തു പിടിച്ച നിമിഷം ബ്രോക്കര്‍വലിച്ചു വിട്ട ചില്ല തലയ്ക്കു നേരെ പാഞ്ഞുവന്നു. മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടെ അതു സംഭവിച്ചു. പെണ്ണു കാണലിനു മുന്നോടിയായി കുറച്ചു കാശു മുടക്കി തലയില്‍ ഫിറ്റ് ചെയ്ത വിഗ് അതാ മാവിന്‍റെ ചില്ലയില്‍ ചിറകൊടിഞ്ഞ കിനാവു പോലെ തൂങ്ങിക്കിട് ആടുന്നു!

പെണ്ണിന്‍റെ വീട്ടില്‍ എത്തിയിരുന്ന എല്ലാവരുടേയും മുഖത്ത് എന്താവും ഭാവമെന്ന് ഓര്‍ക്കാന്‍ കൂടി ഭയന്ന് അവന്‍ തിരികെ നടന്നു. കമ്മീഷന്‍ കാശ് നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ ബ്രോക്കറും മുടങ്ങിപ്പോയ വിവാഹ സ്വപ്നങ്ങളുമായി അവനും തിരികെ പോന്നു. ചില്ല വലിച്ചു വിട്ട ബ്രോക്കര്‍ക്ക് പാരിതോഷികമായി നൂറു രൂപയും നല്‍കി! വീട്ടില്‍ എത്തി വൈകാതെ അവനൊരു ഫോണ്‍ കോള്‍ ലഭിച്ചു. ''ഈ മൊട്ടത്തലയനെ ഒത്തിരി ഒത്തിരി ഇഷ്ടമായി. എനിക്കിതു മതി". സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥത അവന്‍ തിരിച്ചറിഞ്ഞു. അവളുടെ സ്നേഹത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന സംശയം അതോടെ ഇല്ലാതാവുകയും ചെയ്തു.