മാരുതി സ്വിഫ്റ്റിനെ പിടിച്ചുകെട്ടാന്‍ പൂന്തോയുടെ പകരക്കാരന്‍ ‘അര്‍ഗോ’യുമായി ഫിയറ്റ് !

Webdunia
തിങ്കള്‍, 22 മെയ് 2017 (10:20 IST)
ഫിയറ്റ് അര്‍ഗോ ഹാച്ച് ബാക്കിന്റെ ആദ്യ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. തങ്ങളുടെ ഹാച്ച് നിരയില്‍ നിന്ന് പൂന്തോയെ പുറത്താക്കിയാണ് കമ്പനി അര്‍ഗോ മോഡലിനെ അവതരിപ്പിക്കുന്നത്. ആഗോള വിപണിയില്‍ X6H എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുക. ഏകദേശം അടുത്ത മാസം അവസാനത്തോടെ ബ്രസീലിയന്‍ വിപണിയില്‍ ഫിയറ്റ് അര്‍ഗോ ഹാച്ച്ബാക്കിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
രൂപത്തില്‍ പതിവ് ഫിയറ്റ് കാറുകളില്‍ നിന്ന് അധികം മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബ്ലാക്ക് കളര്‍ അര്‍ഗോയുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ അലോയ് വീല്‍. ബോഡിയുടെ താഴ്ഭാഗത്തായി പ്ലാസ്റ്റിക്ക് ക്ലാഡിങ്, റൂഫ് സ്‌പോയിലര്‍, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓവല്‍ ഷേപ്പ്ഡ് ടെയില്‍ ലാംമ്പ്, പതിവില്‍ നിന്ന് വ്യത്യസ്തമായ എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ എന്നീ ഫീച്ചറുകളും അര്‍ഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
5 സ്പീഡ് മാനുവല്‍/5 സ്പീഡ് ഡ്യുവലോജിക് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനുണ്ടായിരിക്കുക. 1.3 ലിറ്റര്‍ ഫയര്‍ഫ്ലൈ, 1.8 ലിറ്റര്‍ ഇടോര്‍ക്ക് ഇവോ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. 90 ബിഎച്ച്പി കരുത്തും 208 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, 67 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിനുമാകും ഇന്ത്യന്‍ സ്‌പെക്കില്‍ ഉള്‍പ്പെടുത്തുക. 
 
അതേസമയം വില സംബന്ധിച്ച കാര്യങ്ങളെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം വരെയാകും അര്‍ഗോയുടെ വിപണി വിലയെന്നാണ് സൂചന. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാന്റ് ഐ10, ടാറ്റ ടിയാഗോ എന്നീ ഹാച്ചുകളുമായിട്ടായിരിക്കും ഇന്ത്യയില്‍ അര്‍ഗോ മത്സരിക്കുക. 
Next Article