കസബ തീയേറ്ററുകളിൽ മുന്നേറുമ്പോൾ തീയേറ്ററിനു പുറത്ത് വിവാദത്തിന്റെ ചുഴിയിൽ പെട്ടിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കുന്നു. സമൂഹത്തിലെ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന വൃത്തികെട്ട സംഭാഷണങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി വ്യക്തമാക്കിയിരുന്നു.
ഇതിന് പ്രതികരണവുമായി കസബയുടെ സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. കസബ ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്, ഇത് ഒരു സ്ത്രീവിരുദ്ധ സിനിമയല്ലെന്നും നിഥിൻ പറയുന്നു. സിനിമയെ സ്ത്രീവിരുദ്ധമെന്ന് പറയുമ്പോൾ പലതും ആലോചിക്കേണ്ടതുണ്ട്. സിനിമയ്ക്കെതിരെ നടപടികൾ എടുക്കുന്ന കമ്മീഷൻ സമൂഹത്തിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടികൾ എടുക്കണം.
ജിഷ എന്നൊരു പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ടു പോലും മൗനം പാലിച്ചവരാണ് സിനിമയ്ക്കെതിരെ പ്രതികരണവുമായി വന്നിരിക്കുന്നതെന്നും നിത്തിൻ വ്യക്തമാക്കുന്നു. ചില ഡയലോഗുകൾ മമ്മൂട്ടി പറയാൻ പാടില്ലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് മറുപടി പറയേണ്ടത് മമ്മൂട്ടിയാണ്. ജീവിതത്തിൽ അങ്ങനെ പെരുമാറുന്നയാളല്ല മമ്മൂക്ക. ഇത് സിനിമയാണ്.
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സ്ത്രീയെയും മാനഭംഗം ചെയ്യുന്നില്ല, പീഡിപ്പിക്കുന്നില്ല ഒന്നു തല്ലുന്നുപോലുമില്ല. പിന്നെ അയാളുടെ സംസാരം അങ്ങനെയാണ്. അത് ഒരു സ്ത്രീയെയും വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അല്ല, അങ്ങനെയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പോലും എന്നും നിഥിൻ വ്യക്തമാക്കി.
അഭിനയരംഗത്ത് ദീര്‍ഘകാലത്തെ അനുഭവമുള്ള മമ്മൂട്ടിയെപ്പോലെയുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയരുതായിരുന്നു. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. തിരക്കഥയില്‍ അത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു മമ്മുട്ടി പറയേണ്ടിയിരുന്നതെന്നുമായിരുന്നു റോസക്കുട്ടി പറഞ്ഞത്.