അത്ഭുതാവഹമായ വിലയില്‍ ഫോക്സ്‌വാഗൺ ത്രീ ഡോർ പോളോ ജിടിഐ വിപണിയിൽ
ശനി, 5 നവംബര്‍ 2016 (10:38 IST)
പ്രമുഖ്യ വാഹന കമ്പനിയായ ഫോക്സ്‌വാഗൺ പുതിയ മൂന്ന് ഡോർ പോളോ ജിടിഐ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഒന്‍പത് യൂണിറ്റുകളായി പരിമിതപ്പെടുത്തിയാണ് ഫോക്സ്‌വാഗൺ ഇന്ത്യയിൽ ഈ ഹോട്ട് ഹാച്ച്ബാക്കിന്റെ വില്പന നടത്തുന്നത്. 25.65 ലക്ഷം രൂപമുതലാണ് മൂന്ന് ഡോറുകൾ മാത്രമുള്ള പോളോ ജിടിഐ ഇന്ത്യം വിപണിയിലെത്തിയിരിക്കുന്നത്.
2016ല്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോഎക്സ്പോയിലായിരുന്നു ഈ പുതിയ മോഡൽ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള ഫോക്സ്‌വാഗൺ പോളോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ആകർഷകമായ രൂപകല്പന, കരുത്തേറിയ പെർഫോമൻസ്, മികച്ച ഫിനിഷിംഗ് എന്നിങ്ങനെയുള്ള സവിശേഷതകളാൽ ഈ പുതിയ ഹാച്ച്ബാക്ക് ബഹുദൂരം മുന്നിലാണ്.
1.8ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ പുതിയ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 189 ബി എച്ച് പി കരുത്തും 250എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്സുള്ള ഈ വാഹനത്തിന് 7.2 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്ററിലെത്താന്‍ സാധിക്കും. മണിക്കൂറിൽ 233 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
ചുവന്ന നിറത്തിലുള്ള ലൈനോടുകൂടിയ വീതിയേറിയ ഹണികോംമ്പ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്തെ മുഖ്യാകർഷണം. ഈ ലൈൻ എൽഇഡി ഹെഡ്‌ലാമ്പിലേക്ക് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പതിവ് പോളോ മോഡലുകളിൽ നിന്നും വളരെ വ്യത്യസ്തമായി വലുപ്പംകൂടിയ എയർ ഇൻടേക്കുകളുള്ള അഗ്രസീവ് ലുക്ക് നല്‍കുന്ന ബംബറാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
എൽഇഡി ടെയിൽ ലാമ്പ്, ഡ്യൂവൽ ക്രോം എക്സോസ്റ്റ്, റിയർ സ്പോയിലർ എന്നീ സവിശേഷതകളാണ് വാഹനത്തിന്റെ പിന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. റെഡ് സ്ട്രിപ്പുകളോട് കൂടി ജിടിഐ സിഗ്നേച്ചർ ഉള്ള ലെതർ സീറ്റുകൾ, ഫ്ലാറ്റ് ബോട്ടംഡ് സ്റ്റിയറിംഗ് വീൽ എന്നീ സവിശേഷതകളാണ് വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കി മാറ്റുന്നത്.
വീതിയേറിയ വീൽ ആർച്ചുകളും17 ഇഞ്ച് അലോയ് വീലുകളുമാണ് പുതിയ ഹാച്ച്ബാക്കിനുള്ളത്. കൂടാതെ സുരക്ഷ കണക്കിലെടുത്ത് എ ബി എസ്, ഇഎസ്‌പി, എയർബാഗുകൾ, ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മിനികൂപ്പർ മാത്രമായിരിക്കും ഈ ലിമിറ്റഡ് എഡിഷന്‍ പോളോ ജിടിഐയുടെ ഏക എതിരാളി.