ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം: അവസാനിപ്പിച്ചില്ലെങ്കില്‍ എസ്‌മ പ്രയോഗിക്കുമെന്ന് കളക്‌ടര്‍

ചൊവ്വ, 9 ഫെബ്രുവരി 2016 (09:07 IST)
ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കളക്‌ടറുടെ നിര്‍ദ്ദേശം. സമരം പിന്‍വലിച്ചില്ലെങ്കില്‍ എസ്‌മ പ്രയോഗിക്കുമെന്ന് കളക്‌ടര്‍ എം ജി രാജമാണിക്യം പറഞ്ഞു. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
 
എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുമ്പോട്ടു പോകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. അടിസ്ഥാന വേതനം 15, 000 രൂപയാക്കണമെന്ന് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോഡിംഗ്, ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ തൊഴിലാളികള്‍ ആണ് സമരം നടത്തുന്നത്.
 
സമരം തുടരുകയാണെങ്കില്‍ പ്ലാന്റിലെ ജോലികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. സമരം അവസാനിപ്പിച്ചാല്‍ ഒരു മാസത്തിനകം തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് കളക്‌ടര്‍ നേതാക്കളെ ഇന്ന് അറിയിക്കും.

വെബ്ദുനിയ വായിക്കുക