ഇസൂസു ഡി മാക്സ് വി ക്രോസിനോട് ഏറ്റുമുട്ടാന്‍ ടാറ്റ 'സെനോൺ യോദ്ധ' നിരത്തിലേക്ക് !

തിങ്കള്‍, 2 ജനുവരി 2017 (12:44 IST)
ടാറ്റയുടെ പുതുക്കിയ സെനോൺ പിക്-അപ്പ് വിപണിയിലെത്തുന്നു. 2017 ജനുവരിയിലായിരിക്കും ഈ വാഹനത്തിന്റെ വിപണിപ്രവേശമെന്നാണ് കമ്പനി റിപ്പോര്‍ട്ട്. ‘സെനോൺ യോദ്ധ’ എന്ന പുതുക്കിയ പേരിലായിരിക്കും പിക് അപ്പിന്റെ അകമേയും പുറമേയും സമഗ്ര പരിഷ്കാരങ്ങളോടെ പുതിയ ഫേസ്‍‌ലിഫ്റ്റ് പതിപ്പിന്റെ അവതരണം നടക്കുക. 
 
ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബംബർ, പുതുക്കിയ ടെയിൽ‌ലാമ്പ് എന്നീ സമഗ്ര പരിഷ്കാരങ്ങളോടെയാണ് വാഹനം എത്തുന്നത്. അതേസമയം, പുതിയ രീതിയിലുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയതല്ലാതെ വളരെ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ മാത്രമേ വാഹനത്തിന്റെ അകത്തളത്തില്‍ വരുത്തിയിട്ടുള്ളൂ.  
 
2.2ലിറ്റർ വാരികോർ 400 ഡീസൽ എൻജിനാണ് ഈ സെനോൺ യോദ്ധയ്ക്ക് കരുത്തേകുന്നത്. 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ചക്രങ്ങളിലേക്ക് ആവശ്യമായ വീര്യമെത്തിക്കാൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അതോടൊപ്പം ഫോർവീൽ ഡ്രൈവും ഓപ്ഷണലായി നൽകിയിട്ടുണ്ട്. 9.96ലക്ഷം രൂപയായിരുന്നു മുൻ സെനോണിന്റെ വില. എന്നാല്‍ ഈ വാഹനത്തിനു 20,000 രൂപ മുതൽ 30,000രൂപ വരെ വിലക്കൂടുതല്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.  
 
ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടിയാഗോയുടെ വരവ് കമ്പനിക്ക് പുത്തൻ ഉണർവായിരുന്നു നൽകിയിരുന്നത്. അതുപോലെ സെനോൺ യോദ്ധയിലൂടെ വാണിജ്യ വാഹന വിഭാഗത്തിലും സമാന രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി. പിക് അപ് ട്രക്ക് സെഗ്മെന്റിൽ ഇസൂസുവിന്റെ ഡി മാക്സ് വി ക്രോസുമായിട്ടായിരിക്കും ടാറ്റ സെനോൺ യോദ്ധയ്ക്ക് ഏറ്റുമുട്ടേണ്ടി വരുക.

വെബ്ദുനിയ വായിക്കുക