ഉല്പാദനത്തിലെ തളർച്ച വില്ലനായി; മുട്ടയ്ക്ക് മുട്ടന്‍ വില !

തിങ്കള്‍, 20 നവം‌ബര്‍ 2017 (15:10 IST)
കോഴിമുട്ട വില റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. മൂന്നാഴ്ച മുമ്പ് മുട്ട ഒന്നിന് നാല് രൂപ അറുപത് പൈസ ഉണ്ടായിരുന്നത് കഴിഞ്ഞദിവസം ഏഴ് രൂപയായി ഉയര്‍ന്നു. ഈ വില സര്‍വകാല റെക്കോര്‍ഡാണെന്ന് വ്യാപാരികള്‍ പറഞ്ഞു. തണുപ്പുകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യ പോലുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ഉല്പാദനം കുറഞ്ഞതുമാണ് മുട്ടയുടെ വില ഉയരാനുള്ള പ്രധാന കാരണമെന്നാണ് വിവരം. 
 
തമിഴ്നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്നീ സ്ഥലങ്ങളാണ് ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട വിപണി. ഇവിടെനിന്നും കേരളത്തിലേക്ക് മുട്ട ലോഡുകളുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണം പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. ഇതില്‍ 40 ലക്ഷത്തിലധികം മുട്ടകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമാണ്. 
 
താറാവ് മുട്ടയുടെ വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് എട്ട് രൂപക്ക് വില്‍പ്പന നടന്നിരുന്ന മുട്ട ഇപ്പോള്‍ 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. നിലവിലെ വിലയില്‍ ഇനിയും വര്‍ധനവുണ്ടായേക്കുമെന്നും അമ്പത് ദിവസത്തോളം ഈ വിലയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നും ഉണ്ടാങ്കാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍