ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിചായ് ഗൂഗിള്‍ സി ഇ ഒ ആയി നിയമിതനായത്. ആല്‍ഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിള്‍ മാറിയപ്പോള്‍ ആയിരുന്നു ഗൂഗിളിന്റെ സി ഇ ഒ ആയി സുന്ദര്‍ നിയമിതനായത്. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെ ആയിരിക്കും ആല്‍ഫബെറ്റിന്റെ തലപ്പത്ത്.
എന്നാല്‍, സിലിക്കണ്‍വാലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് സുന്ദര്‍ പിചായിയെ ഗൂഗിള്‍ തലവനാക്കിയത് അദ്ദേഹത്തെ തങ്ങള്‍ക്ക് നഷ്‌ടപ്പെടുമോ എന്ന് ഭയന്നിട്ടാണെന്നാണ. പുതിയ സി ഇ ഒയ്ക്ക് അന്വേഷണം നടത്തിവരികയായിരുന്ന ട്വിറ്റര്‍ സിന്ദര്‍ പിചായിക്ക് ആ സ്ഥാനം നല്കാന്‍ ആലോചിച്ചിരുന്നത്രേ.
ട്വിറ്ററിന്റെ ആലോചന അറിഞ്ഞ ഗൂഗിള്‍ പക്ഷേ തങ്ങളുടെ കസ്തൂരിമാമ്പഴത്തെ മറ്റ് ആര്‍ക്കും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് ആല്‍ഫബെറ്റ് എന്ന കമ്പനിയിലെ ഉപകമ്പനിയായ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിചായിയെ നിയമിച്ചത്. ഗൂഗിളിന്റെ സി ഇ ഒ ആയി നിയമിതനായെങ്കിലും സുന്ദര്‍ പിചായിയുടെ ചുമതലകളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വിറ്ററിലെ ടെക്കി പുലികള്‍ക്കിടയില്‍ ഈ വിഷയം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. സുന്ദര്‍ പിചായിയെ ഒപ്പം നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രമാണ് ഗൂഗിള്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് എന്ന് ചിലര്‍ പറയുന്നു. സുന്ദര്‍ പിചായിയെ സി ഇ ഒ ആക്കാന്‍ ട്വിറ്റര്‍ ഓഫര്‍ നല്കിയപ്പോഴേക്കും സി ഇ ഒ സ്ഥാനം നല്കി അതിനെ മറികടക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്നാണ് മറ്റൊരു ട്വീറ്റ്.
അതേസമയം, ഗൂഗിളിലെ ഉയര്‍ന്ന പദവിയിലുള്ളവരുടെ യോഗത്തില്‍ കമ്പനിയെ ‘ആല്‍ഫബെറ്റ്’ വിശേഷിപ്പിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കൂ എന്നായിരുന്നു രസകരമായ മറ്റൊരു ട്വീറ്റ്. ഏതായാലും ഇന്ത്യയുടെ സുന്ദര്‍ ഒരു പുലി തന്നെയെന്ന് ചുരുക്കം.