മൊബൈല്‍ സേവനം നല്‍കുന്നതിനാവശ്യമായ റേഡിയോ തരംഗങ്ങളുടെ (സ്പെക്ട്രം) ലേലത്തിന് മികച്ച പ്രതികണം. ലേലത്തുക റെക്കോര്‍ഡ് തുക കടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 77,000 കോടി രൂപയുടെ ലേലം വിളി ഇതുവരെ നടന്നു. ഒരുലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ടെലികോം എന്നീ നിലവിലുള്ള ഓപ്പറേറ്റര്‍മാരും പുതുതായി രംഗത്തുവന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോമുമാണ് ലേലത്തില്‍ സജീവം.
800, 900, 1800, 2100 മെഗാഹെട്സ് എന്നിങ്ങനെ എല്ലാ ബാന്‍ഡുകളിലും ലേലം നടക്കുന്നുണ്ട്. അതേസമയം ആവശ്യക്കാര്‍ കൂടുതല്‍ 2 ജി 3 ജി സേവനങ്ങള്‍ക്ക് ഉപകരിക്കുന്ന 900 മെഗാ ഹെട്സിനാണ്. 2100 മെഗാഹെട്സ് ബാന്‍ഡില്‍ മുംബൈ, ഡല്‍ഹി, കര്‍ണാടക, ആന്ധ്രപ്രദേശ് സര്‍ക്കിളുകളില്‍ കാര്യമായ ആവശ്യക്കാര്‍ കുറവാണ്. 800, 1800 മെഗാഹെട്സിനും ലേലം വിളി കുറവായിരുന്നു.
റിലയന്‍സ് ജിയോ ഒഴികെ, മറ്റ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് കാലാവധി തീരാറായതോടെ സര്‍ക്കിളുകള്‍ പിടിച്ചെടുക്കുക എന്നത് മറ്റുള്ളവരുടെ ആവശ്യമാണ്. 18 സര്‍വീസ് മേഖലകളിലെ 29 ലൈസന്‍സുകളുടെ കാലാവധി 2015-2016 ല്‍ പൂര്‍ത്തിയാവും. 2014 ഫെബ്രുവരിയില്‍ നടത്തിയ സ്പെക്ട്രം ലേലത്തില്‍ 62,162 കോടി രൂപ സര്‍ക്കാര്‍ നേടിയിരുന്നു.