റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കിരിക്കെ ആടിയുലഞ്ഞ് ഓഹരിവിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സില്‍ 500 പോയിന്റിന്റെ ഇടിവാണുണ്ടായത്. നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാണ് 25 ശതമാനത്തിന് പുറമെ അധികമായി 25 ശതമാനം പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുവദിച്ച സമയപരിധി ഓഗസ്റ്റ് 27നാണ് അവസാനിക്കുന്നത്.
സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് അധികതീരുവ ഭീഷണിയില്‍ ഇന്ത്യന്‍ ഓഹരി ഇന്ന് തകര്‍ന്നത്. പ്രധാനമായും മെറ്റല്‍,ബാങ്ക്, ഫാര്‍മ സെക്ടറുകളാണ് നഷ്ടം രേഖപ്പെടുത്തിയത്.അതിനിടെ ഡോളറിനെതിരായ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസ നഷ്ടത്തോടെ 87.78 നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്.