റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ഇന്ന്
റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ഇന്ന്.പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ പച്ചക്കറികളുടെ വിലക്കയറ്റവും മഴക്കുറവും ആശങ്ക ഉളവാക്കുന്നുണ്ട്.ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 7.31 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 29 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിരക്കുകള്‍ കുറയ്ക്കാതിരിക്കുക എന്ന തന്ത്രമാകും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രയോഗിക്കുക എന്നാണ് കരുതപ്പെടുന്നത്.വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ കൊടുക്കുമ്പോള്‍ ആര്‍ബിഐ ഈടാക്കുന്ന നിരക്കായ റിപ്പോ നിരക്ക് നിലവില്‍ എട്ട് ശതമാനവും ലഭിക്കുന്ന നിക്ഷേപത്തിന് നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോ ഏഴ് ശതമാനവുമാണ്.എന്നാല്‍ വാണിജ്യ ബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട നിര്‍ബന്ധിത നിക്ഷേപമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍.) കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ കുറച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.ജൂണില്‍ ഇത് 23 ശതമാനത്തില്‍ നിന്ന് 22.50 ശതമാനമാക്കിയിരുന്നു.