രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ദിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർബിഐ പറഞ്ഞു.
ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരം ഡിജിറ്റൽ രൂപയാണുണ്ടാവുക. റീട്ടെയ്ൽ സാധാരണ ഉപയോഗത്തിനും ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള സെക്യൂരിറ്റി സെറ്റിൽമെൻ്റിനുമുള്ളതാണ്.