ഹ്യുണ്ടേയ്‍‍ ഹാച്ച് ഗ്രാന്റ് ഐ10ന്റെ ഫെയ്സ്‌ലിഫ്റ്റ് “ഗ്രാന്റ് ഐ10 പ്രൈം” !

തിങ്കള്‍, 16 ജനുവരി 2017 (12:35 IST)
ഹ്യുണ്ടേയ്‍‍യുടെ ജനപ്രിയ കാറായ ഗ്രാന്റ് ഐ10 ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലേക്കെത്തുന്നു. ഫെബ്രുവരിയില്‍ വിപണിയിലെത്തുന്ന പുതിയ കാറിന്റെ പേര് ഗ്രാന്റ് ഐ10 പ്രൈം എന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. രാജ്യന്തര വിപണിയിൽ പുറത്തിറങ്ങുന്ന അതേ കാറായിരിക്കും ഇന്ത്യയിലുമെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.
 
മുഖം മിനുക്കി വിപണിയിലേക്കെത്തുന്ന ഗ്രാന്റ് ഐ10ല്‍ ഒട്ടേറേ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എൽഇഡി ഹെ‍ഡ്‍‌‌ലൈറ്റുകൾ, പുതിയ മുൻ-പിൻ ബമ്പറുകൾ എന്നിവയും റീഡിസൈൻ ചെയ്ത ഡാഷ് ബോർഡുകളും പുതിയ ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റവും കൂടുതൽ സ്ഥല സൗകര്യവും കാറിലുണ്ടായിരിക്കും. എന്നാൽ ഗ്രാന്റ് ഐ10ല്‍ ഉപയോഗിക്കുന്ന 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനും 1.1 ലീറ്റർ ഡീസൽ എൻജിനും തന്നെയായിരിക്കും പുതിയ കാറിനുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഗ്രാന്റ് ഐ10ല്‍ മാത്രമല്ല ഹ്യുണ്ടേയ്‍‍യുടെ കോംപാക്റ്റ് സെ‍ഡാനായ എക്സെന്റിന്റെ ഫെയ്സ്‌ലിഫ്റ്റും എക്സെന്റ് പ്രൈം എന്ന പേരിലാണ് അറിയപ്പെടുകയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഹ്യുണ്ടേയ്‌യുടെ ഐ10 ന്റേയും ഐ 20യുടേയും ഇടയിലെ ഹാച്ച് ബാക്ക് കാറായി 2013ലാണ് ഗ്രാന്റ് ഐ 10 വിപണിയിലെത്തിയത്. ആ വർഷം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച കാറായി ഗ്രാന്റ് ഐ 10നെ തിരഞ്ഞെടുത്തു. കൂടാതെ ഹ്യുണ്ടേയ്‌യുടെ ലൈനപ്പിലെ ഏറ്റവും അധികം വിൽപ്പനയുള്ള കാറായി മാറാനും ഗ്രാന്റ് ഐ 10ന് സാധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക